ഷിബു മാത്യൂ
ലീഡ്‌സ്. യുകെയിലെ പ്രസിദ്ധമായ ലീഡ്‌സ് എട്ട് നോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുന്നാളിനും ഇന്നലെ കൊടിയേറി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയിലെ ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ ചാപ്ലിന്‍സിയുടെ സ്വതന്ത്ര ഉപയോഗത്തിനായി ലഭിച്ചിരിക്കുന്ന സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഇന്നലെ രാവിലെ പത്ത് മണിക്ക് വികാരി റവ. ഫാ. മൗറിസ് പിയേഴ്‌സ് തിരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം നടത്തി. തുടര്‍ന്ന് ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ കുര്‍ബാന നടന്നു. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. ചാപ്ലിന്‍സിയുടെ കീഴിലുള്ള എല്ലാ പ്രാര്‍ത്ഥനാ കൂട്ടായ്മകളില്‍ നിന്നുമായി നൂറു കണക്കിനാളുകള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം ഈ വര്‍ഷം A Level പരീക്ഷയില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാന വിതരണം നടത്തി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടന്നു.

സെപ്റ്റംബര്‍ നാലു മുതല്‍ എട്ടുവരെ വൈകിട്ട് 6.45 ന് മാതാവിനോടുള്ള നൊവേനയും വിശുദ്ധ കുര്‍ബാനയും നേര്‍ച്ചവിതരണവും നടക്കും. ഒമ്പതിന് രാവിലെ പത്ത് മണിക്കാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. പ്രധാന തിരുന്നാള്‍ ദിവസമായ സെപ്റ്റംബര്‍ പത്ത് ഞായര്‍ രാവിലെ 10.15ന് ലദീഞ്ഞ് നടക്കും. തുടര്‍ന്ന് റവ. ഫാ. ടോമി എടാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാന നടക്കും. അതേ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടക്കും. ചാപ്ലിന്‍സിയില്‍ കഴിഞ്ഞ വര്‍ഷത്തെ മതബോധന പരീക്ഷയടക്കം നടന്ന എല്ലാ മത്സരങ്ങളുടെ വിജയികള്‍ക്കും തിരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് സമ്മാന വിതരണം നടത്തും. തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെടും.

തിരുന്നാള്‍ ദിവസങ്ങളില്‍ വി. കുര്‍ബാനയ്ക്ക് മുമ്പ് കുമ്പസാരത്തിന് സൗകര്യമുണ്ടായിരിക്കും. പ്രധാന തിരുന്നാള്‍ ദിവസം അടിമ വെയ്ക്കുന്നതിനും മാതാവിന്റെ മുടി കഴുന്ന് എഴുന്നള്ളിക്കുന്നതിനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എട്ടുനോമ്പാചരണത്തിലും പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാളിലും പങ്കു ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ ക്രൈസ്തവ വിശ്വാസികളെയും പ്രാര്‍ത്ഥനയില്‍ സ്വാഗതം ചെയ്യുന്നതായി ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ അറിയ്ച്ചു.