കേരളത്തിൽ ഇത് ചക്കയുടെയും മാങ്ങയുടെയും കാലമാണ്. കാലാവസ്ഥ അനുകൂലമായതു കാരണം നാട്ടിലെ പ്ലാവുകളും മാവുകളും എല്ലാം നിറഞ്ഞ് കായിച്ചിരിക്കുന്നു. നാട്ടിലേയ്ക്കുള്ള ഫോൺവിളികളിൽ ചക്ക വിശേഷം തിരക്കാത്ത യു കെ മലയാളികൾ അപൂർവമായിരിക്കും. ചക്കയോടുള്ള കൊതി കാരണം തങ്ങളുടെ അവധി ചക്കയുടെ ലഭ്യതയുള്ള സമയത്താക്കി നാട്ടിൽ പോകുന്ന യുകെ മലയാളികളും കുറവല്ല.
യുകെയിലെ സൂപ്പർമാർക്കറ്റുകളിൽ നിന്ന് ചക്ക മേടിക്കുന്നതിന്റെയും വിലയുടെയും ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് തങ്ങളുടെ ചക്ക പ്രേമം തുറന്നു പ്രഖ്യാപിക്കുന്നത് ഒട്ടേറെ പേരാണ് .

ഒരു പക്ഷേ ലോകത്തിൽ ഒരു ചക്കയ്ക്ക് ലഭിച്ച ഏറ്റവും വലിയ വിലയുടെ വാർത്തയാണ് ലോകമെങ്ങുമുള്ള മലയാളികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുകെയിലെ ഒരു പള്ളിയിൽ ചക്ക ലേലത്തിന് പോയത് 1400 പൗണ്ടിനാണ്. അതായത് 1, 40,000 ഇന്ത്യൻ രൂപയ്ക്ക് . സ്കോട്ട്‌ലൻഡിലെ എഡിൻബറോയിലെ സീറോ മലബാർ പള്ളിയിലാണ് സംഭവം. എഡിൻബറോ സെന്റ് അൽഫോൺസ ആന്റ് അന്തോണി പള്ളിയിലെ ലേലത്തിലാണ് ലോകമെങ്ങുമുള്ള ചക്ക പ്രേമികളെ അതിശയിപ്പിക്കുന്ന സംഭവം നടന്നത്. മലയാളി എവിടെ ചെന്നാലും നമ്മുടെ ചക്ക പ്രേമം കൈവിടില്ലെന്ന് ഇതിൽപരം തെളിവ് വേണ്ടെന്ന രീതിയിലുള്ള ഒട്ടേറെ കമന്റുകളാണ് സംഭവത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പള്ളി കമ്മിറ്റിയെ അത്ഭുതപ്പെടുത്തിയ ലേലത്തിന്റെ തുക ചാരിറ്റി പ്രവർത്തനത്തിന് ഉപയോഗിക്കാനാണ് തീരുമാനം. ഒരു ചക്കയ്ക്ക് ഇത്രയും വില കിട്ടുന്നത് ഒരുപക്ഷേ ലോക റെക്കോർഡായിരിക്കും.

യുകെയിലെ സൂപ്പർമാർക്കറ്റുകളിൽ ചക്കയ്ക്ക് തീപിടിച്ച വിലയാണ്. നാട്ടിൽ നിന്ന് വരുമ്പോൾ കുറച്ചു ചക്ക ചുളയെങ്കിലും യുകെയിലേയ്ക്ക് കൊണ്ടുപോകാത്ത മലയാളികളും കുറവല്ല. നാട്ടിൽ വെറുതെ പാഴാക്കിക്കളയുന്ന ചക്ക യുകെയിൽ പതിനായിരം പൗണ്ട് വരെ കൊടുത്ത് കടകളിൽ നിന്ന് വാങ്ങുമ്പോൾ കണ്ണിൽനിന്ന് പൊന്നീച്ച പറക്കുന്ന അവസ്ഥയാണെന്ന് പേര് വെളിപ്പെടുത്താൻ   ആഗ്രഹിക്കാത്ത ഒരു യുകെ മലയാളി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ചക്ക മേടിച്ചില്ലെങ്കിലും വില നോക്കുകയും നാട്ടിലെ തേൻവരിക്കയുടെ രുചിയെ കുറിച്ച് ഓർത്ത് നെടുവീർപ്പെടുകയും ചെയ്യുന്ന മലയാളികൾ യുകെയിലെ സൂപ്പർമാർക്കറ്റുകളിലെ സ്ഥിരം കാഴ്ചയാണ്.