സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ വൈറസ് കുട്ടികളിൽ അതിഭീകരമായ രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നതായി ഡോക്ടമാർ പറയുന്നു. ഇന്റെൻസീവ് കെയർ യൂണിറ്റുകളിൽ കഴിയുന്ന കുട്ടികളുടെ എണ്ണം വർധിച്ചു വരുന്നു. ഇത്തരം രോഗലക്ഷങ്ങൾക്ക് ടോക്സിക് ഷോക്ക് സിൻഡ്രോമുമായും, കവാസാക്കി രോഗവുമായും സാമ്യമുണ്ട്. കൊറോണ വൈറസ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന ഒരു പ്രത്യേക തരം രോഗാവസ്ഥയാണ് ഇത് എന്നാണ് വിലയിരുത്തൽ. ശ്വാസകോശ, ഹൃദയ തകരാറുകൾ രോഗലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം തന്നെ ശരീരത്തു ചൊറിച്ചിലുകളും ഉണ്ടാകുന്നു. ഇത്തരം കേസുകളുടെ എണ്ണം വർധിച്ചു വരുന്നതായി എൻ എച്ച് എസ് റിപ്പോർട്ട്‌ ചെയ്യുന്നു.

കുറച്ചധികം കുട്ടികളുടെ മരണം നടന്നതായും ഇതു കൊറോണ ബാധയുമായി ബന്ധപ്പെട്ട രോഗാവസ്ഥ മൂലമാണെന്ന് കരുതുന്നതായും ആരോഗ്യ സെക്രട്ടറി അറിയിച്ചു . രാജ്യത്താകമാനമുള്ള ഡോക്ടർമാരുമായി ബന്ധപെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു പുതിയ രോഗാവസ്ഥയാണ്. കൊറോണ വൈറസ് മൂലമാണ്‌ ഇതു ഉണ്ടാകുന്നത് എന്നാണ് കരുതുന്നത്. എന്നാൽ ഇതു നൂറു ശതമാനം വിശ്വാസ യോഗ്യമല്ല. കൊറോണ പോസിറ്റീവ് അല്ലാത്തവരിലും ഇത്തരം രോഗലക്ഷണങ്ങൾ കണ്ടു വരുന്നതായും അദ്ദേഹം കൂട്ടി ചേർത്തു. എന്നാൽ ആരോഗ്യ സെക്രട്ടറി പറഞ്ഞ മരണങ്ങൾ കൊറോണ മൂലമാണെന്ന് പിന്നീട് വിശദീകരണം ഉണ്ടായി.

ഇതോടൊപ്പം വയറുവേദന, ഛർദി, വയറിളക്കം എന്നിവയും കുട്ടികളിൽ ധാരാളമായി കണ്ടുവരുന്നതായി വാർത്തകളിൽ പറയുന്നു. നിലവിൽ ഇരുപതിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് എൻഎച്ച്എസ് അറിയിച്ചത്. കുട്ടികളിൽ വളരെ കുറച്ചുപേർക്കു മാത്രമാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇപ്പോൾ കുട്ടികളിൽ ഉയർന്നുവരുന്ന പുതിയ രോഗം യുകെയിൽ ആശങ്ക സൃഷ്ടിക്കുകയാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇത് സംബന്ധിച്ച പഠനങ്ങൾ നടന്നു വരുന്നു.