ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ക്യാബിനറ്റ് ടീം പ്രഖ്യാപിച്ച് സ്കോട് ലൻഡ് പ്രധാനമന്ത്രി ഹംസ യൂസഫ്. ഫിനാൻസ് സെക്രട്ടറിയായി കേറ്റ് ഫോർബ്‌സിന് പകരം ഷോണ റോബിസൺ ചുമതലയേൽക്കും. റോബിസണിന് ധനകാര്യവും ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററിയും നൽകിയിട്ടുണ്ട്. മുൻ പ്രഥമ മന്ത്രി നിക്കോള സ്റ്റർജന്റെ അടുത്ത സുഹൃത്താണ് റോബിസൺ. സാമൂഹ്യനീതി സെക്രട്ടറി എന്ന നിലയിലുള്ള പ്രവർത്തന കാലയളവിൽ ലിംഗ പരിഷ്കാരങ്ങൾ അവതരിപ്പിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സെഷൻസ് കോടതിയിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമായിരുന്നു ക്യാബിനറ്റ് ടീമിന്റെ പ്രഖ്യാപനം.

ആരോഗ്യ സെക്രട്ടറിയായി മൈക്കൽ മാതസണും, വിദ്യാഭ്യാസ സെക്രട്ടറിയായി മുൻ ഗതാഗത മന്ത്രി ജെന്നി ഗിൽറൂത്തും ചുമതല ഏറ്റെടുത്തു. ക്യാബിനറ്റിലെ പുതുമുഖം മുപ്പത് വയസുകാരിയായ മൈരി മക്അല്ലനാണ്. ട്രാൻസിഷൻ സെക്രട്ടറിയായിട്ടാണ് നിയമനം. യൂസഫിന്റെ എസ്എൻപി നേതൃത്വ പ്രചാരണത്തിന് നേതൃത്വം നൽകിയ നീൽ ഗ്രേയും ക്യാബിനറ്റിൽ ഉണ്ട്. എസ്എൻപിയുടെ ഉപനേതാവ് കീത്ത് ബ്രൗണിന് പകരം ആഞ്ചല കോൺസ്റ്റൻസാണ് നീതിന്യായ സെക്രട്ടറി. ഒൻപതംഗ ക്യാബിനറ്റിനെയാണ് തിരഞ്ഞെടുത്തത്. റൂറൽ അഫയേഴ്സ് സെക്രട്ടറിയായി തുടരുന്ന മൈരി ഗൗജിയോൺ, വിദേശകാര്യ സെക്രട്ടറി ആംഗസ് റോബർട്ട്സൺ, ഷെർലി-ആനി സോമർവില്ലെ സോഷ്യൽ ജസ്റ്റിസ്‌ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

ബുധനാഴ്ചയാണ് ചുമതലകൾ ഉൾപ്പെടുത്തിയുള്ള അന്തിമ പട്ടിക പുറത്ത് വന്നത്. എസ് എൻ പിയുമായുള്ള പങ്കാളിത്ത കരാറിന്റെ ഭാഗമായി സ്കോട്ടിഷ് ഗ്രീൻസിന്റെ സഹ-നേതാക്കളായ പാട്രിക് ഹാർവിയും ലോർണ സ്ലേറ്ററും നിക്കോള സ്റ്റർജന്റെ കീഴിൽ അവർ വഹിച്ച ചുമതലകളിലേക്ക് വീണ്ടും നിയമിക്കപ്പെട്ടു. പരാജയപ്പെട്ട എസ്എൻപി നേതൃത്വ സ്ഥാനാർത്ഥി ആഷ് റീഗന് ഒരു ചുമതലയും നൽകിയിട്ടില്ല. മത്സരത്തിൽ യൂസഫിനോട് കഷ്ടിച്ച് പരാജയപ്പെട്ട കേറ്റ് ഫോർബ്സ് ചൊവ്വാഴ്ച സർക്കാർ വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനെ തുടർന്ന് യൂസഫ് നേതൃത്വപരമായ പദവികൾ കേറ്റിന് വാഗ്ദാനം ചെയ്തിരുന്നു. പുതിയ ക്യാബിനറ്റ് ടീമിൽ 40 വയസ്സിന് താഴെയുള്ള അഞ്ച് അംഗങ്ങളാണുള്ളത്. അതിൽ ഏറെയും സ്ത്രീകളുമാണ്