റോബിൻ എബ്രഹാം ജോസഫ്

മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റ് മരണപ്പെട്ടതിനു ശേഷമാണ് ക്യാൻസർ വാർഡിലെ ചിരി എന്ന പുസ്തകം വായിച്ചത്. ക്യാൻസർ എന്ന മഹാരോഗത്തിന് മുന്നിൽ അടിയറവ് പറയാതെ, സധൈര്യം പോരാടിയ വ്യക്തി എന്ന നിലയിൽ ആകും ഒരുപക്ഷെ നടനെന്ന പോലെ ഇന്നസെന്റിനെ ചരിത്രം അടയാളപ്പെടുത്തുന്നത്. ക്യാൻസർ രോഗം പരിശോധിച്ച് കണ്ടെത്തിയ നിമിഷം മുതൽ ഭേദമാകുന്നത് വരെയുമുള്ള സംഭവ വികാസങ്ങൾ ഹ്രസ്വമായി പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

വേദനയിലും തനിക്ക് ആശ്വാസവും താങ്ങുമായ ചിരിയെ, നർമം നിറഞ്ഞ ഭാഷയിലൂടെ വായനക്കാരിലേയ്ക്കും പങ്കുവെക്കാനും അദ്ദേഹം ശ്രമിക്കുന്നു. രോഗത്തിന്റെ വേദനകൾ സഹിച്ച് മരണഭയവും പേറി ജീവിക്കുക എന്ന അവസ്ഥയെ തീവ്രമായി വരച്ചുക്കാട്ടാൻ ക്യാൻസർ വാർഡിലെ ചിരിക്ക് സാധിച്ചിട്ടുണ്ട്. ജീവിതം കൈവിട്ടുപോകുമെന്ന് തോന്നുന്ന നിമിഷത്തെ സധൈര്യം, സ്ഥിരം ശൈലിയായ ചിരിയിലൂടെ നേരിടുന്ന ഇന്നസെന്റ് ഒരു മാതൃകയാണ്.

രോഗികളെ സന്ദർശിക്കാൻ എത്തുന്നവരുടെ മനോഭാവം, സംസാരം എന്നിങ്ങനെ തുടങ്ങി, ഒരാളെ തളർത്താൻ എങ്ങനെയൊക്കെ കഴിയുമോ അതിനെയെല്ലാം ഹാസ്യമെന്ന ഒറ്റ ആയുധത്തിലൂടെയാണ് ഇന്നസെന്റ് നേരിട്ടത്. പുസ്തകത്തിൽ ഇന്നച്ചനെ പരിചരിച്ച ഡോക്ടർമാരെയും ചിരി എന്ന ആയുധത്തെയുമാണ് പുതു ജീവന് താങ്ങായതായി പറഞ്ഞുവെക്കുന്നത്. ചികിത്സ എന്നതിനോടൊപ്പം, മനസിനെ ധൈര്യപെടുത്തുക എന്നതും പ്രധാനമാണ്. ജീവിതത്തിലെ പ്രതീക്ഷകൾ അസ്തമിച്ചു പോയ മനുഷ്യരുടെ ജീവിതത്തിൽ പോലും ഒരു അപ്രതീക്ഷിത വെളിച്ചം പ്രത്യാശയുമായി കടന്ന് വരുമെന്നും പുസ്തകം ചൂണ്ടിക്കാട്ടുന്നു.

ഇന്നസെന്റ് ഒരു പോരാളിയായിരുന്നു. ജീവിതത്തോടും, ജീവിതത്തെ കാർന്നു തിന്നാൻ വന്ന മഹാരോഗത്തോടും സന്ധിയില്ലാതെ അയാൾ പോരാടി. തീപ്പെട്ടി കമ്പനി തുടങ്ങി പൊട്ടി തകർന്ന് പോയപ്പോഴും അയാൾ മുന്നോട്ട് തന്നെ നീങ്ങി. ജീവിതത്തെ മുന്നോട്ട് നീക്കി. നിവർന്നു നിന്നു. മലയാള സിനിമ ലോകത്ത് ഇന്നസെന്റായി തന്നെ കയ്യൊപ്പ് ചാർത്തി..

ഒടുവിൽ, അപ്രതീക്ഷിതമായി, ആരോടും പറയാതെ മടക്കവും.

വിട.. ഇന്നസെന്റ്..ഇന്നസെന്റായിരുന്നതിന്..

റോബിൻ എബ്രഹാം ജോസഫ് : കോട്ടയം കറുകച്ചാൽ സ്വദേശി .ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം, കോട്ടയം പ്രസ്സ് ക്ലബ്ബിന്റെ സ്കൂൾ ഓഫ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും കരസ്ഥമാക്കി. സിനിമ, സാഹിത്യം, രാഷ്ട്രീയം എന്നിവ ഇഷ്ട വിഷയങ്ങളാണ്.