ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ക്യാൻസർ ഉൾപ്പെടെയുള്ള വിവിധ രോഗങ്ങൾക്ക് വാക്‌സിൻ 2030 ഓടെ കണ്ടെത്തുമെന്ന് ആരോഗ്യ വിദഗ്ധർ. ഇതിലൂടെ ദശലക്ഷക്കണക്കിന് ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസമാണ് വിദഗ്ധർ പങ്കുവയ്ക്കുന്നത്. ഈ വിഷയത്തിൽ ഗൗരവമായ പഠനങ്ങൾ വരും വർഷങ്ങളിൽ ഉണ്ടാകുമെന്നും വിദഗ്ധർ പറയുന്നു. അഞ്ച് വർഷത്തിനുള്ളിൽ ആരോഗ്യരംഗത്ത് സമൂലമായ മുന്നേറ്റം സൃഷ്ടിക്കാൻ ആകുമെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മോഡേണയുടെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പോൾ ബർട്ടൺ പറഞ്ഞു.
ഇന്ന് ട്യൂമർ മനുഷ്യരെ കീഴ്പ്പെടുത്തിയിരിക്കുകയാണ്. അഞ്ച് വർഷത്തിനുള്ളിൽ ഇതിന് പരിഹാരം കണ്ടെത്താൻ സാധിക്കും. മനുഷ്യരുടെ ജീവൻ നഷ്ടമാകാതെ ഇരിക്കുക എന്നുള്ളതാണ് മുഖ്യ പരിഗണന നൽകുന്ന വിഷയം. കോവിഡ് വാക്സിൻ വികസിപ്പിച്ച കമ്പനി എന്നുള്ള നിലയിൽ മോഡേണയുടെ മാനേജ്മെന്റ് വലിയ ആത്മവിശ്വാസത്തിലാണ്. ‘ഒന്നിലധികം ശ്വാസകോശ സംബന്ധമായ അണുബാധകൾ ഒരൊറ്റ കുത്തിവയ്പ്പിലൂടെ ഇല്ലാതാക്കാൻ കഴിയും. മരുന്നുകളൊന്നുമില്ലാത്ത അപൂർവ രോഗങ്ങൾക്ക് എംആർഎൻഎ തെറാപ്പി ലഭ്യമാകും. റെസ് പിറേറ്ററി സിൻസിറ്റിയൽ വൈറസ് പോലുള്ള മാരക രോഗാവസ്ഥകൾക്ക് ശ്വാശത പരിഹാരം ലഭ്യമാകും’-ഡോ പോൾ ബർട്ടൺ പറയുന്നു.
രോഗത്തിനെതിരെ ശരീരത്തിനുള്ളിൽ നിന്ന് തന്നെ പ്രോട്ടീൻ എങ്ങനെ നിർമ്മിക്കാമെന്ന് എം ആർ എൻ എ അടിസ്ഥാനമാക്കിയുള്ള പഠനമാണ് ഇപ്പോൾ നടത്തുന്നത്. വിദഗ്ദമായ പഠനങ്ങൾ പുരോഗമിക്കുകയാണ്. വാക്‌സിൻ മെഡിക്കൽ രംഗത്ത് ലഭ്യമാകുന്നതിലൂടെ രോഗത്തെ ചെറുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ആരോഗ്യ വിദഗ്ധർ പങ്കുവയ്ക്കുന്നത്