ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നേഴ്സുമാരുടെയും ഡോക്ടർമാരുടെയും സമരം എൻഎച്ച്എസിനെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. സർക്കാരും നേഴ്സിംഗ് യൂണിയനും തമ്മിൽ ശമ്പളത്തിൽ ധാരണയായിരുന്നെങ്കിലും യുകെയിലെ ഏറ്റവും വലിയ നേഴ്സിംഗ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗിലെ അംഗങ്ങൾ അതിനെതിരെ വോട്ട് ചെയ്തിരിക്കുകയാണ്. ഇതോടെ വീണ്ടും . സമരങ്ങൾ എൻഎച്ച്എസിന്റെ പ്രവർത്തനങ്ങളെ കൂടുതൽ താളം തെറ്റിക്കുമെന്നുള്ള ആശങ്കകളാണ് ഉയർന്നു വരുന്നത്.
ഇതിനിടെ കഴിഞ്ഞ ആഴ്ച 4 ദിവസം ജൂനിയർ ഡോക്ടർമാർ നടത്തിയ പണിമുടക്ക് എൻഎച്ച്എസിനെ പ്രതിസന്ധിയിലാക്കിയതിന്റെ കണക്കുകൾ പുറത്തു വന്നു ഏപ്രിൽ 12 മുതൽ 15 വരെയായിരുന്നു യുകെയിൽ ഉടനീളം ജൂനിയർ ഡോക്ടർമാർ പണിമുടക്കിയത് . 196000 അപ്പോയിൻമെന്റുകളാണ് ഡോക്ടർമാരുടെ സമരം മൂലം റദ്ദാക്കേണ്ടതായി വന്നത്. ഓപ്പറേഷൻ ഉൾപ്പെടെ ഗുരുതര രോഗാവസ്ഥയിലുള്ളവരുടെ ചികിത്സകളും ഈ ഗണത്തിൽ ഉൾപ്പെടുന്നു എന്നത് പ്രശ്നത്തിന്റെ ഗൗരവം ഇരട്ടിയാക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മാറ്റിവയ്ക്കപ്പെട്ട അടിയന്തര ചികിത്സകളിൽ രണ്ടായിരത്തോളം ശാസ്ത്രക്രിയകളും ഉൾപ്പെടുന്നുണ്ട്.
കഴിഞ്ഞ 5 മാസ കാലയളവിൽ എൻഎച്ച്എസ് ആശുപത്രികളിൽ നടന്ന പണിമുടക്കിനെ തുടർന്ന് 5 ലക്ഷത്തിലധികം അപ്പോയിൻമെന്റുകളെ ബാധിച്ചതായാണ് കണക്കുകൾ . എൻഎച്ച്എസ്സിന്റെ പ്രവർത്തനം താളം തെറ്റുന്നതിനെ സൂചിപ്പിക്കുന്ന ഈ കണക്കുകളെ വളരെ നിരാശജനകമെന്നാണ് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ വിശേഷിപ്പിച്ചത്. എൻഎച്ച്എസിലെ വെയിറ്റിംഗ് ലിസ്റ്റുകൾ വെട്ടി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളെ ജീവനക്കാരുടെ തുടരെയുള്ള പണിമുടക്കുകൾ ബാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു
Leave a Reply