ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും യുകെയിൽ ജീവിത ചിലവുകളിൽ കടുത്ത വർദ്ധനവാണ് ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഒട്ടുമിക്ക മേഖലകളിലെയും ജീവനക്കാർ കഴിഞ്ഞ കുറെ നാളുകളായി സമരമുഖത്തായിരുന്നു. ഭൂരിഭാഗം യുകെ മലയാളികളും ആരോഗ്യ മേഖലയോടെ ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് നേഴ്സുമാർ ഉൾപ്പെടെയുള്ളവരുടെ ശമ്പള വർദ്ധനവിനായുള്ള കരാറിന് സർക്കാരും യൂണിയൻ നേതാക്കളും തമ്മിൽ ധാരണ ആയെങ്കിലും അംഗങ്ങൾ വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്. ഭൂരിപക്ഷ പിന്തുണ കരാറിന് കിട്ടുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ .

സ്ഥിരമായി ജോലി ചെയ്യുന്നവർക്ക് ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും പരിഗണന ലഭിക്കുമ്പോൾ പാർട്ട് ടൈമായി ജോലി ചെയ്യുന്ന മലയാളി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ കാര്യം കടുത്ത പ്രതിസന്ധിയിലാണ്. യുകെയിലെത്തി പഠനത്തോടൊപ്പം ജോലി ചെയ്യാമെന്ന മോഹന പ്രതീക്ഷകളുമായി സ്റ്റുഡൻറ് വിസയിൽ വരുന്ന വിദ്യാർത്ഥികൾ പലപ്പോഴും തങ്ങളുടെ പഠനവുമായി യാതൊരു ബന്ധവുമില്ലാത്ത മേഖലയിലാണ് ജോലി ചെയ്യേണ്ടി വരുന്നത്.


ഏപ്രിൽ ഒന്ന് മുതൽ മിനിമം വേതനം വർധിക്കുന്നത് മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ പാർട്ട ടൈമായി ജോലി ചെയ്യുന്നവർക്ക് ഗുണകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. മണിക്കൂറിന് മിനിമം വേതനം 9.50 പൗണ്ടിൽ നിന്ന് 10.4 2 പൗണ്ടായി ഉയരും. ഇപ്പോഴത്തെ നിരക്ക് അനുസരിച്ച് ഇത് ഏകദേശം 1000 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. മിനിമം വേതനം നിശ്ചയിക്കുന്നതിൽ ജോലി ചെയ്യുന്നവരുടെ പ്രായവും ഒരു ഘടകമാണ്. 16 മുതൽ 17 വരെ പ്രായമുള്ളവരുടെ വേതനം 4.81 -ൽ നിന്ന് 5.2 5 ആയി ആണ് ഉയരുന്നത്. എന്നാൽ 21 , 22 വയസ്സ് പ്രായമുള്ളവരുടേത് 9.18 പൗണ്ടിൽ നിന്നും 10.18 പൗണ്ടായി മാറും. യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും ഈ പ്രായപരിധിയിൽ വരുന്നവരാകയാൽ കൂടിയ വേതന വർദ്ധനവിന്റെ ആനുകൂല്യം ഒട്ടുമിക്ക മലയാളികൾക്കും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.