ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി അടിയന്തിര മുന്നറിയിപ്പ് നൽകുന്ന എമർജൻസി അലെർട്ടുകളുടെ പരീക്ഷണം ഇന്ന് നടക്കും. എമർജൻസി അലെർട്ടുകൾ ഭാവിയിൽ നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാം എന്ന് യുകെ ഉപപ്രധാനമന്ത്രി ഒലിവർ ഡൗഡൻ പറഞ്ഞു. രാജ്യത്തുടനീളമുള്ള ജനങ്ങളുടെ ഫോണുകളിൽ ഇന്ന് വൈകുന്നേരം 3:00 മണിക്ക് ഏകദേശം 10 സെക്കൻഡ് നേരം നീണ്ടുനിൽക്കുന്ന അലാറം കേൾക്കും. പരീക്ഷണത്തിന്റെ ഭാഗമായി ചില കായിക മത്സരങ്ങളും തിയേറ്റർ ഷോകളും താൽക്കാലികമായി നിർത്തിവയ്ക്കുമെങ്കിലും പൊതുജനങ്ങളിൽ നിന്ന് നടപടികൾ ഒന്നും ആവിശ്യമില്ലെന്ന് ഒലിവർ ഡൗഡൻ പറഞ്ഞു. എമർജൻസി അലെർട്ടുകൾ വെള്ളപ്പൊക്കം, കാട്ടുതീ, ഭീകരാക്രമണം തുടങ്ങിയ സന്ദർഭങ്ങളിലായിരിക്കും ഉപയോഗിക്കുക.
പരീക്ഷണത്തിൻെറ പേരിൽ ജനങ്ങൾ ആശങ്കപെടേണ്ടതില്ലെന്നും തങ്ങളുടെ 4G, 5G ഉപകരണങ്ങളിൽ ടെസ്റ്റ് അലേർട്ട് ലഭിച്ചതിന് ശേഷം പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും ഒലിവർ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രാഥമിക ലക്ഷ്യം ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ സംരക്ഷിക്കാനുള്ള വഴിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഒരു പരീക്ഷണം മാത്രമാണെന്നും നിങ്ങൾക്ക് ലഭിക്കുന്ന മറ്റേതു സന്ദേശവും പോലെ തന്നെ ഇതിനെ കരുതിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
അലെർട്ടുകൾ ലഭിക്കേണ്ടാത്തവർക്ക് ഫോണിലെ സെറ്റിങ്സിൽ അത് തിരഞ്ഞെടുക്കാം. അതേസമയം ഓഫായ അല്ലെങ്കിൽ എയർപ്ലെയിൻ മോഡിലുള്ള ഫോണുകൾക്കും അലേർട്ടുകൾ ലഭിക്കില്ല. “ഇത് ഒരു പുതിയ യുകെ സർക്കാർ സേവനമായ എമർജൻസി അലേർട്ടുകളുടെ ഒരു പരീക്ഷണമാണ്, അലേർട്ടുകൾ സമീപ പ്രദേശങ്ങളിൽ അടിയന്തരാവസ്ഥയുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകും” എന്നാണ് പരീക്ഷണ സന്ദേശത്തിൻെറ ഉള്ളടക്കം. യഥാർത്ഥ അടിയന്തരാവസ്ഥ സമയങ്ങളിൽ സുരക്ഷിതരാവാൻ അലേർട്ടിലെ നിർദ്ദേശങ്ങൾ പാലിക്കുക. കൂടുതൽ വിവരങ്ങൾക്കായി സർക്കാരിൻെറ gov.uk/alerts സന്ദർശിക്കുക.
Leave a Reply