ന്യൂസ് ഡെസ്ക്, മലയാളം യുകെ

സെൻട്രൽ ലണ്ടനിൽ സെൻറ് ജോർജ് ഡേ പരിപാടിക്കിടെ വ്യാപകമായ ആക്രമണം ഉണ്ടായി. ഇതിനെ തുടർന്ന് 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണം ആസൂത്രിതമാണെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. വൈറ്റ് ഹാളിൽ ഒരുകൂട്ടം ആളുകൾ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് നേരത്തെ പുറത്ത് വിട്ടിരുന്നു.


ഇത് കൂടാതെ പോലീസ് കുതിരയെ ആക്രമിച്ചതിന് മറ്റൊരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയ ഒരാളും പിടിയിലായിട്ടുണ്ട് . വൈറ്റ് ഹാൾ പബ്ബിന് സമീപത്തും കൂടുതൽ അറസ്റ്റുകൾ നടന്നിട്ടുണ്ട്. ഒരു എമർജൻസി ജീവനക്കാരനെ ആക്രമിച്ചതിന് ഇവിടെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .


ഇംഗ്ലണ്ടിന്റെ പേട്രൺ ആയ സെന്റ് ജോർജിന്റെ ഓർമ്മ ആചരിക്കുന്നത് എല്ലാ വർഷവും ഏപ്രിൽ 23-ാം തീയതിയാണ്. ഇതിൻറെ ഭാഗമായി ഇംഗ്ലണ്ടിൽ ഉടനീളം പരേഡുകളും ഘോഷയാത്രയും മറ്റ് പരിപാടികളും സംഘടിപ്പിക്കും. ബ്രിട്ടീഷുകാർ തങ്ങളുടെ ദേശീയ സ്വത്വവും അഭിമാനവും പ്രതിഫലിപ്പിക്കാനുള്ള ഒരു അവസരമായാണ് സെൻറ് ജോർജ് ഡേയെ കാണുന്നത്. ഇംഗ്ലീഷ് ഡിഫൻസ് ലീഗിൻ്റെ മുൻ നേതാവ് ടോമി റോബിൻസൺ, മുൻ ജിബി ന്യൂസ് അവതാരകൻ ലോറൻസ് ഫോക്സ് എന്നിവരുൾപ്പെടെ നൂറുകണക്കിന് ആളുകൾ ഈ വർഷത്തെ പരിപാടികളിൽ പങ്കെടുത്തിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്നവരിൽ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും യുകെയിലെ മറ്റിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന ഫുട്ബോൾ ക്ലബ്ബുകളുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മെറ്റ് പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അക്രമ സംഭവങ്ങൾ ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ടാണോ നടത്തിയത് എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.