ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സുഡാനിൽ നിന്ന് ബ്രിട്ടീഷ് വംശജരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്നലെ മൂന്നു വിമാനങ്ങളിലായി 260 പേരെ ഒഴിപ്പിച്ചതായാണ് റിപ്പോർട്ടുകൾ . നിലവിൽ 72 മണിക്കൂർ സമയം മാത്രമാണ് വെടിനിർത്തൽ നിലനിൽക്കുന്നത് . ഈ സമയത്തിനുള്ളിൽ കലാപഭൂമിയിൽ കുടുങ്ങിക്കിടക്കുന്ന 4000 പേരെ ഒഴിപ്പിക്കുന്നത് സങ്കീർണ്ണമാണെന്നാണ് വിലയിരുത്തൽ .

സുഡാനിലെ സംഘർഷത്തിൽ ഒരു എൻഎച്ച്എസ് ഡോക്ടർക്ക് വെടിയേറ്റതായി റിപ്പോർട്ടുകൾ ഉണ്ട് . സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയതിനു ശേഷം ഏകദേശം 40 ഓളം ബ്രിട്ടീഷ് പൗരന്മാർ സൈപ്രസിൽ സുരക്ഷിതരായി ഉള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ഏകദേശം 1400 ബ്രിട്ടീഷ് സൈനികർ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി സുഡാനിൽ ഉണ്ട് . തങ്ങളുടെ പൗരന്മാരോട് വീടിനകത്ത് തന്നെ ഇരിക്കുന്നത് ആണ് സുരക്ഷിതമെന്നാണ് ആദ്യം യുകെ വിദേശകാര്യ ഓഫീസ് അറിയിച്ചത്. എന്നാൽ പിന്നീട് എല്ലാ ബ്രിട്ടീഷ് പാസ്പോർട്ട് ഉടമകളോടും അവരുടെ കുടുംബാംഗങ്ങളോടും എയർ ഫീൽഡ് വിമാനത്തിൽ രക്ഷപ്പെടാൻ എത്രയും പെട്ടെന്ന് എത്തിച്ചേരാൻ ആവശ്യപ്പെടുകയായിരുന്നു. 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിദേശ മന്ത്രാലയം ഈ നീക്കം നടത്തിയത്.

എയർ ലിഫ്റ്റിനിടെ ആക്രമണം ഉണ്ടാവുകയാണെങ്കിൽ അതിനെ പ്രതിരോധിക്കാൻ യുകെ സൈന്യം സുസജ്ജമാണെന്നും എന്നാൽ നിലവിൽ തങ്ങളുടെ പൗരന്മാരെ സുരക്ഷിതരായി കലാപഭൂമിയിൽ നിന്ന് പുറത്തു കടത്തുക എന്നതാണ് സൈന്യത്തിൻറെ പ്രാഥമിക ദൗത്യം എന്നും സൈന്യത്തിൻറെ വക്താവ് പറഞ്ഞു .എയർ ഫീൽഡിലേക്ക് എത്തിച്ചേരാൻ പലരും കഷ്ടപ്പെടുന്നതായുള്ള വിവരങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിശ്ചിത സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള ഇന്ധനം ഇല്ലെന്നതാണ് പലരെയും ഗുരുതരമായി ബാധിച്ചിരിക്കുന്ന പ്രശ്നം.