ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ :- ലണ്ടനിൽ വെച്ച് നടന്ന അൻപതോളം രാജ്യങ്ങൾ പങ്കെടുത്ത ക്ലൈമറ്റ് മീറ്റിൽ ഇന്ത്യ പങ്കെടുത്തില്ല. ക്ഷണിക്കപ്പെട്ട 51 രാജ്യങ്ങളിൽ ഇന്ത്യ മാത്രമാണ് രണ്ട് ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കാതിരുന്ന ഏക രാജ്യം. ലോകത്ത്‌ ഹരിതഗൃഹവാതകങ്ങളുടെ ഉൽപ്പാദനത്തിൽ മൂന്നാമതുള്ള രാജ്യമായ ഇന്ത്യ, കോൺഫറൻസിൽ പങ്കെടുക്കാതിരുന്നത് ശരിയല്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നുണ്ട്. നവംബറിൽ ഗ്ലാസ്ഗോയിൽ വച്ച് നടക്കാനിരിക്കുന്ന യുനൈറ്റഡ് നേഷൻസ് ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസിന് മുന്നോടിയായാണ് ഇത്തരത്തിൽ ഒരു മീറ്റിംഗ് ലണ്ടനിൽ സംഘടിപ്പിച്ചത്. സിഒപി ( കോൺഫറൻസ് ഓഫ് പാർട്ടീസ് ) നിയുക്ത പ്രസിഡന്റ് അലോക് ശർമയാണ് ഇത്തരത്തിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചത്. ഇതിന് ഒരാഴ്ച മുൻപായി ജി 20 രാജ്യങ്ങളിലെ മന്ത്രിമാരുടെ തലത്തിൽ ഉള്ള കൂടിക്കാഴ്ച നടന്നിരുന്നു. കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ചും, ഊർജ്ജ സ്രോതസ്സുകളെ സംബന്ധിച്ചുള്ള ചർച്ചയും ഈ മീറ്റിംഗിൽ ഉണ്ടായി. ജി 20 രാജ്യങ്ങളുടെ കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തതായും, ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും മിനിസ്ട്രി ഓഫ് എൻവയോൺമെന്റ് വക്താവ് ഗൗരവ് ഖയർ വ്യക്തമാക്കി. പാർലമെന്റ് സെഷൻ നടന്നുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ലണ്ടനിൽ വെച്ചുള്ള മീറ്റിംഗ്. അതിനാലാണ് ഇന്ത്യയ്ക്ക് പങ്കെടുക്കാൻ സാധിക്കാതെ പോയത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം തന്നെ ചില സാങ്കേതിക തകരാറുകൾ മൂലം ഓൺലൈനായും പങ്കെടുക്കാൻ സാധിച്ചില്ലെന്ന് ഗൗരവ് വ്യക്തമാക്കി.


രണ്ട് ദിവസം നടന്ന മീറ്റിംഗ് പുതിയ ഒരു ചുവടുവെപ്പായിരുന്നു എന്ന് സിഒപി പ്രസിഡന്റ് അലോക് ശർമ വ്യക്തമാക്കി. എല്ലാ രാജ്യങ്ങളുടെയും ഭാഗത്തുനിന്നും ശക്തമായ സഹകരണമാണ് ലഭിച്ചത്.
ആഗോളതാപനത്തെ 1.5 ഡിഗ്രിസെൽഷ്യസ് എന്നതിൽ നിർത്തണമെന്ന ലക്ഷ്യമാണ് എല്ലാ രാജ്യങ്ങൾക്കും ഉള്ളത് . ലോകമെമ്പാടുമുള്ള കാലാവസ്ഥ മാറ്റങ്ങൾ ആശങ്കാജനകമാണ്. അത്തരമൊരു സാഹചര്യത്തിൽ ഇത്തരം മീറ്റിംഗുകളുടെ പ്രസക്തി ഏറെയാണെന്നും അലോക് ശർമ വ്യക്തമാക്കി.


ലോകത്ത് വാതക ഉൽപാദനത്തിന്റെ 7.1 ശതമാനം ഇന്ത്യയിൽ നിന്നാണ്. എന്നാൽ ഇത് ഒറ്റയടിക്ക് കുറയ്ക്കാൻ സാധിക്കില്ല എന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. 2030 തോടെ ഇതിൽ വളരെ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.