മാത്യൂ ചെമ്പുകണ്ടത്തിൽ

യൂറോപ്പിലെ മറ്റെല്ലാ രാജ്യങ്ങളിലും എന്ന പോലെ ഇംഗ്ലണ്ടിലും വലതുപക്ഷ രാഷ്ട്രീയം ശക്തമാവുകയാണ്. ഇവിടെ മലയാളികളും വലതുപക്ഷ രാഷ്ട്രീയ ചേരിയുടെ ഭാഗമായി മാറുന്നു എന്ന കൗതുകകരമായ കാഴ്ചയാണ് പ്രാദേശിക കൗൺസിലുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ വ്യക്തമാകുന്നത്.

വർഷം തോറും മേയ് ആദ്യ വ്യാഴാഴ്ച ഇംഗ്ലണ്ടിലേ പ്രാദേശിക കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടക്കും. ഇക്കൊല്ലത്തെ തെരഞ്ഞെടുപ്പിൽ നിരവധി മലയാളികളാണ് മത്സരരംഗത്തു കടന്നുവന്നത്. മാഞ്ചസ്റ്ററിനടുത്ത് ട്രാഫോർഡ് കൗൺസിലിലേക്കു മാത്രം 10 പേർ മത്സരത്തിനുണ്ടായിരുന്നു. കൂടാതെ, രാജ്യത്തെ വിവിധ സിറ്റി കൗൺസിലുകളിലേക്ക് നിരവധി മലയാളികൾ ഇക്കൊല്ലം സ്ഥാനാർത്ഥികളായിരുന്നു. ഇതിൽ ഭൂരിഭാഗവും വലതുപക്ഷ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർത്ഥികളായാണ് ജനവിധി തേടിയത് എന്നത് ശ്രദ്ധേയമാണ്.

2010 മുതൽ യുകെ ഭരിക്കുന്നത് കൺസർവേറ്റീവ് പാർട്ടിയുടെ സർക്കാരാണ്. ഡേവിഡ് കാമറൂൺ, തെരേസാ മേയ്, ബോറിസ് ജോൺസൺ, എലിസബത് ട്രസ്സ് എന്നിവർക്കു ശേഷം ഋഷി സുനാക് ആണ് ഇപ്പോൾ പാർട്ടിയേയും സർക്കാരിനേയും നയിക്കന്നത്. ലേബർ പാർട്ടി മുന്നോട്ടുവച്ച നയങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി കുടിയേറ്റം, അഭയാർത്ഥി വിഷയങ്ങൾ, രാജ്യത്തിനുള്ളിൽ തലപൊക്കിയ മതതീവ്രവാദവും ഇതിനോടുള്ള സർക്കാരിൻ്റെ കടുത്ത നിലപാടുകളും, രാജ്യത്തിന് ഭീഷണിയായിരുന്ന മതമൗലികവാദികളെ നാടുകടത്തിയത്, ബ്രക്സിറ്റിനോടുള്ള ഉറച്ച രാഷ്ട്രീയ നിലപാടുകൾ, ബ്രക്സിറ്റിനു ശേഷമുള്ള പ്രതിസന്ധികളിൽ തളരാതെ രാജ്യത്തേ മുന്നോട്ടു നയിച്ചത്… തുടങ്ങി നിരവധി കാരണങ്ങളാണ് കൺസർവേറ്റീവ് വലതുപക്ഷ രാഷ്ട്രീയത്തെ രാജ്യത്ത് കൂടുതൽ ജനപ്രിയമാക്കിയത്. മലയാളികൾ ഭൂരിപക്ഷവും കൺസർവേറ്റീവ് രാഷ്ട്രീയത്തേയാണ് ഇന്ന് പിന്തുണയ്ക്കുന്നത്. കൂടാതെ ഇന്ത്യൻ വംശജൻ ഋഷി സുനാക് പ്രധാനമന്ത്രിയായത് ഇന്ത്യൻ വംശജരേ പൊതുവേ കൺസർവേറ്റീവ് രാഷ്ട്രീയ ചിന്താധാരയിലേക്ക് നയിച്ചിട്ടുണ്ട്.

യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും വലതുപക്ഷ രാഷ്ട്രീയ തരംഗമാണ് ഇപ്പോൾ വീശിയടിക്കുന്നത്. 19- ഓളം യൂറോപ്യൻ രാജ്യങ്ങളിൽ യുറോപ്യൻ ദേശീയതയ്ക്കു പ്രാമുഖ്യം നൽകിയുള്ള വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുമ്പോൾ ഇറ്റലി, സ്വീഡൻ, ജർമ്മിനി, ഫ്രാൻസ്, ഹംഗറി എന്നീ രാജ്യങ്ങളിൽ യൂറോപ്യൻ ദേശീയതയ്ക്കൊപ്പം യൂറോപ്യൻ ക്രൈസ്തവ ചരിത്രബോധത്തിനും പ്രാധാന്യം നൽകിയുള്ള തീവ്രവലതുപക്ഷ രാഷ്ട്രീയവും ശക്തമാകുന്നുണ്ട്. കൂടാതെ, വിവിധ യൂറോപ്യൻ രാജ്യങ്ങളിലേ വലതുപക്ഷ രാഷ്ട്രീയക്കാർ തമ്മിലുള്ള അന്തർധാരകളും വളരെ സജീമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലിബറൽ, ഇടതുപക്ഷ രാഷട്രീയം വരുത്തിവയ്ക്കുന്ന അപകടം മനസ്സിലാക്കി അമേരിക്ക, കാനഡ രാജ്യങ്ങളിലും വലതുപക്ഷ ചിന്തകളും തീവ്രമായ വലതുപക്ഷ രാഷ്ട്രീയവും ശക്തമാകുന്നുണ്ട്.

പടിഞ്ഞാറൻ രാജ്യങ്ങൾ ലിബറൽ, കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ നിന്നും വലതുചേരിയിലേക്ക് നീങ്ങിയപ്പോൾ ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യം ഇസ്ളാമിക രാജ്യങ്ങളുടെ രാഷ്ട്രീയചിന്തകളിൽ കടന്നുവന്ന മാറ്റങ്ങളാണ്. വിപ്ളവകരമായ ലിബറൽ രാഷട്രീയ ബോധ്യങ്ങളാണ് ഇന്ന് ഇസ്ളാമിക രാജ്യങ്ങളെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. “മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്കൻ” (MENA) രാജ്യങ്ങൾ, തുർക്കി, തുടങ്ങിയ തീവ്ര ഇസ്ളാമിക വലതുപക്ഷ രാഷട്രീയ ഭരണങ്ങൾ നിലനൽകുന്ന രാജ്യങ്ങളാണ്. എന്നാൽ ഈ രാജ്യങ്ങൾ കൂടുതൽ ലിബറൽ പൊളിറ്റിക്സിലേക്ക് നീങ്ങുന്നു എന്നത് രാഷ്ട്രീയമായി കൗതുകകരമായ കാഴ്ചയാണ്. സൗദി അറേബ്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ളവകരമായ ലിബറൽ ചിന്തകൾ ഇസ്ളാമിക രാജ്യങ്ങളുടെയെല്ലാം രാഷ്ട്രീയഗതിയേ വരും കാലങ്ങളിൽ ഏറെ മാറ്റിമറിക്കും എന്നു വേണം കരുതാൻ.

ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ ബിജെപിയുടെ വളർച്ചയും വ്യാപനവും മുന്നേറ്റവും ആഗോള തലത്തിൽ രൂപപ്പെടുന്ന വലതുപക്ഷ പ്രതിഭാസത്തിൻ്റെ ഭാഗമാണ് എന്നു വേണം കരുതാൻ. ഇതിനേ ഹിന്ദുവർഗീയത, ആർഎസ്എസ് അജണ്ട എന്നൊക്കെ വിളിച്ച് ആക്ഷേപിക്കുന്നത് യാഥാർത്ഥ്യബോധത്തോടെ രാഷ്ട്രീയത്തേ മനസ്സിലാക്കാൻ തയ്യാറാകാത്തവരാണ്.

കഴിഞ്ഞ ഒരു ദശകത്തിനുളളിൽ ആഗോള രാഷട്രീയ സ്പെക്ട്രത്തിൽ ഉണ്ടായ മാറ്റങ്ങൾ ഇന്ത്യയിലും പ്രതിഫലിച്ചു എന്നു വേണം കരുതാൻ. ഈ ആഗോള രാഷ്ട്രീയ പ്രതിഭാസം മലയാളികളുടെ രാഷ്ട്രീയ ആഭിമുഖ്യത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ഇംഗ്ലണ്ടിലും പ്രതിഫലിക്കുന്നു. ഇവിടുള്ള മലയാളികളിൽ ഭൂരിഭാഗവും കൺസർവേറ്റീവ് രാഷട്രീയത്തെയാണ് ഇന്ന് ഇഷ്ടപ്പെടുന്നത്. ദേശീയതയെ തള്ളിക്കളഞ്ഞ ഇടത്, ലിബറൽ സർക്കാരുകൾ വരുത്തിവച്ച പ്രതിസന്ധികളിൽ നിന്ന് ലോകം തെറ്റുതിരുത്തുന്നു എന്നു വേണം കരുതാൻ. അടുത്ത അരനൂറ്റാണ്ടുകാലമെങ്കിലും യൂറോപ്യൻ രാജ്യങ്ങൾ വലതുപക്ഷ ചേരിയിൽ തുടരുമെന്നാണ് നിരീക്ഷകർ പറയുന്നത്