സുജു ജോസഫ്

സാലിസ്ബറി: സാലിസ്ബറി മലയാളി അസ്സോസിയേഷൻ(എസ് എം എ) സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കായുള്ള സീസൺ 3 T12 ക്രിക്കറ്റ് ടൂർണ്ണമെന്റ് മേയ് 29ന്. യുകെയിലെ മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് ക്യാഷ് പ്രൈസായി ആയിരം പൗണ്ടും സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് അറുന്നൂറ് പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. ടീമുകൾക്കായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി സ്പോർട്സ് കോർഡിനേറ്റർ നിഷാന്ത് സോമൻ(07383924042), പ്രസിഡന്റ് റ്റിജി മമ്മു(07715601257) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർച്ചയായി മൂന്നാം തവണയും സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ് ഡിവൈസിസിലെ വിശാലമായ ഡിവൈസസ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലാകും നടക്കുക. പന്ത്രണ്ട് വീതം ഓവറുകളിലായി രണ്ടു പിച്ചുകളിലായി നടക്കുന്ന മത്സരങ്ങൾ രാവിലെ ഒൻപത് മണിയോടെ തന്നെ ആരംഭിക്കും. ഇൻഫിനിറ്റി മോർട്ട്ഗേജ് ലിമിറ്റഡ്, ഏബിൾഡെയ്ൽ കെയർ, ടെസ്‌കോ എക്ട്രാ സാലിസ്ബറി തുടങ്ങിയ പ്രമുഖരാണ് ടൂർണമെന്റിന്റെ സ്‌പോൺസർമാർ. മിതമായ നിരക്കിൽ നാടൻ വിഭവങ്ങളോട് കൂടിയ ഭക്ഷണവും സംഘാടകർ ഒരുക്കുന്നുണ്ട്.

പ്രസിഡന്റ് റ്റിജി മമ്മു, സെക്രട്ടറി സിൽവി ജോസ്, ട്രഷറർ ജയ്‌വിൻ ജോർജ്ജ്, സ്പോർട്ട്സ് കോർഡിനേറ്റർ നിഷാന്ത് സോമൻ, അരുൺ കൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണ്ണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നത്. സാലിസ്ബറി മലയാളി അസ്സോസിയേഷന്റെ സ്വന്തം ടീമായ എസ് എം എ ചലഞ്ചേഴ്‌സ്(സ്മാക്) ഇക്കുറിയും ടൂർണ്ണമെന്റിൽ മാറ്റുരയ്ക്കും. ക്യാപ്റ്റൻ സൂരജ് ജോണിന്റെ നേതൃത്വത്തിലാണ് സ്മാക് കളത്തിലിറങ്ങുന്നത്. അകാലത്തിൽ വിട്ടുപിരിഞ്ഞ എസ് എം എ മുൻ സെക്രട്ടറിയും അംഗവുമായിരുന്ന സീന ഷിബുവിന്റെ സ്മരണാർത്ഥമാണ് തുടർച്ചയായി മൂന്നാം തവണയും ടൂർണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.