ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് ഉയർത്തി. ജീവിത ചിലവുകളും പണപ്പെരുപ്പവും വർദ്ധിക്കുന്നതിനിടയിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നീക്കം. പണപ്പെരുപ്പം നേരത്തെ പ്രതീക്ഷിച്ചതിലും ഉയർന്ന നിലയിൽ ആയതിനാലാണ് അപ്രതീക്ഷിത നടപടി. ഇതോടെ കാൽ പോയിന്റ് വർധനവോടെ 4.5 ശതമാനമായി ഉയർത്തി. പണപ്പെരുപ്പം നിയന്ത്രിക്കാൻ ദ്രുതഗതിയിലുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. മോണിട്ടറി പോളിസി കമ്മിറ്റിയിലെ ഭൂരിപക്ഷം ആളുകളുടെയും അനുവാദത്തോടെയാണ് മാറ്റം. തുടർച്ചയായി 12 മത്തെ വർദ്ധനവാണ് ഇപ്പോൾ വന്നിരിക്കുന്നത്.
ആഗോള സമ്പദ്വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലായിരുന്ന 2008 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് നിലവിൽ ഉള്ളത്. നാണയപ്പെരുപ്പം നേരത്തെ പ്രവചിച്ചതിലും കൂടുതൽ കാലം തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്. സമീപമാസങ്ങളിലായി നിലവിൽ ഏറ്റവും വലിയ നിരക്കിലാണ് പണപ്പെരുപ്പം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മാർച്ചിൽ 10.1% ആയിരുന്നു. ജി 7 ഗ്രൂപ്പിലെ നിരക്കുകളിലെ ഏറ്റവും വലിയ വർദ്ധനവാണിത്.
തൊഴിൽ ക്ഷാമവും, ഭക്ഷ്യവസ്തുക്കളുടെ അമിത വില വർദ്ധനവും കാരണം ജനജീവിതം അനുദിനം ദുഃസഹമായിരിക്കുകയാണ്. അതിന് പുറമെയാണ് ജനജീവിതത്തിനുമേൽ കനത്ത പ്രഹരമായാണ് പലിശ നിരക്ക് വർദ്ധനവ്. അതേസമയം, ഈ വർഷം അവസാനത്തോടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ റിഷി സുനക് സർക്കാരിന് കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
Leave a Reply