കാലാവസ്ഥാ മാറ്റം; വന്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍; ക്ലാസുകള്‍ ബഹിഷ്‌കരിച്ച് തെരുവിലിറങ്ങിയത് ലക്ഷക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

കാലാവസ്ഥാ മാറ്റം; വന്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍; ക്ലാസുകള്‍ ബഹിഷ്‌കരിച്ച് തെരുവിലിറങ്ങിയത് ലക്ഷക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
February 16 05:34 2019 Print This Article

കാലാവസ്ഥാ മാറ്റത്തില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. മൂന്നു വയസു മുതല്‍ പ്രായമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കാലാവസ്ഥാ മാറ്റത്തിനെതിരെ നടക്കുന്ന ആദ്യ പഠിപ്പുമുടക്ക് സമരത്തില്‍ പങ്കെടുത്തത്. സ്‌കോട്ടിഷ് ഹൈലാന്‍ഡ് മുതല്‍ കോണ്‍വാള്‍ വരെയുള്ള മേഖലയില്‍ 60 പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. യുകെ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അര്‍ത്ഥവത്തായ ഒരു മാറ്റം കൊണ്ടുവരാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന് യുകെ സ്റ്റുഡന്റ് ക്ലൈമറ്റ് നെറ്റ് വര്‍ക്കിന്റെ പ്രതിനിധിയായ അന്ന ടെയ്‌ലര്‍ പറഞ്ഞു. അതുകൊണ്ടാണ് സര്‍ക്കാരുകളുടെ ദയനീയമായ കാലാവസ്ഥാ നയങ്ങള്‍ക്കെതിരെ യുവജനത രംഗത്തെത്തുന്നതെന്നും അന്ന വ്യക്തമാക്കി.

അനുകൂല നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് വളരുന്ന തലമുറയുടെ ഭാവി നിറങ്ങളില്ലാത്തതായി മാറുമെന്നും അന്ന കൂട്ടിച്ചേര്‍ത്തു. രാവിലെ 11 മണിക്ക് പാര്‍ലമെന്റ് സ്‌ക്വയറിലാണ് സമരത്തിന് ആരംഭം കുറിച്ചത്. മാറ്റങ്ങള്‍ കൊണ്ടുവരാനായി നിയമലംഘനം നടത്താനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് വിദ്യാര്‍ത്ഥി സമൂഹം ഈ പ്രതിഷേധത്തിലൂടെ വ്യക്തമാക്കി. കാലാവസ്ഥാ പ്രതിസന്ധിക്കും പരിസ്ഥിതി നാശത്തിനുമെതിരെ ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ പിന്നീട് സാധിക്കില്ല എന്ന തിരിച്ചറിവിലാണ് യുവ തലമുറയെന്ന് ഈ ഫെയിസ്ബുക്ക് ഇവന്റ് പ്രഖ്യാപിക്കുന്നു. അതേസമയം കാലാവസ്ഥാ മാറ്റം പോലെയുള്ള പ്രശ്‌നങ്ങളില്‍ കുട്ടികള്‍ ഇടപെടുന്നത് പ്രധാനമാണെങ്കിലും സ്‌കൂള്‍ സമയം നഷ്ടമാക്കുന്നത് പഠനത്തെ ബാധിക്കുമെന്നായിരുന്നു ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചത്.

നമ്മെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ കുട്ടികള്‍ ഇടപെടുന്നത് മികച്ച ഒരു ഭാവി നമുക്ക് സമ്മാനിക്കുമെന്നതില്‍ സംശയമില്ല. പക്ഷേ ക്ലാസുകള്‍ മുടങ്ങിയാല്‍ അത് അധ്യാപകരുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുകയും പഠന സമയം കുറയ്ക്കുകയും ചെയ്യുമെന്ന് നമ്പര്‍ 10 വക്താവ് പറഞ്ഞു. കാലാവസ്ഥാ പ്രശ്‌നമുള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ശാസ്ത്രജ്ഞന്‍മാരും എന്‍ജിനീയര്‍മാരും അഭിഭാഷകരുമായി വളരാന്‍ സഹായകരമാകുന്ന സമയമാണ് ഈ വിധത്തില്‍ നഷ്ടമാകുന്നതെന്ന് ഓര്‍മിക്കണമെന്നും വക്താവ് പറഞ്ഞു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles