കേരളാ തീരത്ത് പിടിച്ച ഇരുപത്തയ്യായിരം കോടിയുടെ മയക്ക് മരുന്നിന് പിന്നില്‍ പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ഹാജി സലിം നെറ്റ് വര്‍ക്കാണെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്ഥിരീകരിച്ചു. കറാച്ചിയില്‍ നിന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, കൊച്ചി, ചെന്നൈ എന്നിവടങ്ങളിലേക്കും അതോടൊപ്പം ശ്രീലങ്ക, മാലിദ്വീപ് എന്നിവടങ്ങളിലേക്കും കടത്താനുള്ള മയക്ക് മരുന്നാണ് കൊച്ചി തീരത്ത് സുരക്ഷാ സേനകള്‍ പിടിച്ചത്. ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ടാണ് ഇത്രയധികം മയക്ക് മരുന്ന് കറാച്ചിയില്‍ നിന്നും കയറ്റിവിട്ടതെന്ന് നര്‍ക്കോട്ടിക് കണ്ട്രോള് ബ്യുറോ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2500 കിലോ വിരുന്ന മെത്താഫെറ്റാമിന്‍ എന്ന് മയക്കു മരുന്നാണ് നര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യുറോ, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ സംയുക്ത നീക്കത്തോടെ കൊച്ചി തീരത്ത് നിന്നും പിടിച്ചത്. ഇതിലും ഇരട്ടിയിലേറെ മയക്കമരുന്ന് ഇത് കൊണ്ടുവന്ന മദര്‍ഷിപ്പിലുണ്ടായിരുന്നുവെന്നാണ് നേവിയും നര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യുറോയും പറയുന്നത്. മറ്റു ചില ചെറിയ ബോട്ടുകളിലും മയക്ക് മരുന്നിന്റ പെട്ടികള്‍ ഉണ്ടായിരുന്നു. ഇറാന്. അഫ്ഗാന് അതിര്‍ത്തികളില്‍ നിന്നും ശേഖരിക്കുന്ന ഈ മയക്കുമരുന്ന് കറാച്ചിയിലെ ഹാജി സലിം നെറ്റ് വര്‍ക്കാണ് ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് കടത്തുന്നത്. പിടിച്ചെടുത്ത പെട്ടികളില്‍ ‘റോളക്സ് 555’ എന്ന മുദ്ര കണ്ടതോടെയാണ് ഹാജി സലിം നെറ്റ് വര്‍ക്കാണ് ഇതിന് പിന്നിലെന്ന് നര്‍ക്കോട്ടിക് കണ്ട്രോള് ബ്യുറോ ഉറിപ്പിച്ചത്.
ഇറാനില്‍ നിന്നുള്ള മദര്‍ഷിപ്പാണ് കടലില്‍ മുങ്ങിയതെങ്കിലും അതിലെ മയക്ക് മരുന്നകള്‍ വെള്ളം കയറാത്ത തരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ശ്രീലങ്കയില്‍ എല്‍ ടി ടി ഇ വീണ്ടും പുനരുജ്ജീവനത്തിന് ശ്രമിക്കുന്നണ്ട്. അത് കൊണ്ട് തന്നെ അവശിഷ്ട എല്‍ ടി ടി ഇ കേഡറുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി ശ്രീലങ്കയിലും മാലി ദ്വീപിലും മയക്ക് മരുന്ന് ശൃംഖലകള്‍ പരിപോഷിപ്പിക്കുന്നുണ്ട്. ഹാജി സലിം നെറ്റ് വര്‍ക്കിന് അവരുമായി അടുത്ത ബന്ധമുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ പാക്കിസ്ഥാന് പൌരനെ ഇന്റെലിജന്‍സ് ഏജന്‍സികള്‍ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Leave a Reply