ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എൻഎച്ച്എസ് സമൂഹമാധ്യമമായ ഫേസ്ബുക്കുമായി രോഗികളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെച്ചതിന്റെ തെളിവുകൾ പുറത്തുവന്നു. 20 എൻഎച്ച്എസ് ട്രസ്റ്റുകളുടെ വെബ് സെർവറുകളിൽ ഒരു ട്രാക്കിംഗ് ടൂള് ഉപയോഗിച്ച് വെബ് ബ്രൗസറിൽ നിന്നുള്ള രോഗവിവരങ്ങൾ, അപ്പോയിൻമെന്റുകൾ, ചികിത്സാ പ്രതിവിധികൾ, മരുന്നുകളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയാണ് വ്യക്തികളുടെ സമ്മതമില്ലാതെ ഫേസ്ബുക്കുമായി പങ്കിട്ടത്. ഇങ്ങനെയുള്ള വിവരങ്ങൾ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റായ്ക്ക് തങ്ങളുടെ ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവുമെന്നതാണ് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചത്.
വിവിധ ആവശ്യങ്ങൾക്കായി ഒട്ടേറെ രോഗികളാണ് എൻഎച്ച്എസിന്റെ വെബ് പേജുകൾ സന്ദർശിച്ചിരുന്നത്. എച്ച്ഐവി, ക്യാൻസർ, കുട്ടികളുടെ ചികിത്സ തുടങ്ങിയ വിവിധ രോഗങ്ങളോട് അനുബന്ധിച്ച് എൻ എച്ച് എസിന്റെ വെബ് പേജ് സന്ദർശിച്ചവരുടെ വിവരങ്ങളും ഇങ്ങനെ ചോർത്തി കൊടുത്തവയിൽ ഉൾപ്പെടുന്നു . ദശലക്ഷക്കണക്കിന് രോഗികളുടെ സ്വകാര്യവിവരങ്ങളാണ് ഇങ്ങനെ ഫേസ്ബുക്കിന്റെ കൈയ്യിൽ എത്തിപ്പെട്ടത്. ഓരോ ഉപഭോക്താവിനും ലഭിക്കേണ്ട പരസ്യങ്ങൾ ക്രമീകരിക്കുന്നതിൽ ഉത്തരം വിവരങ്ങൾ ഫേസ്ബുക്കിന് ഉപയോഗിക്കാനാവും.
രോഗികളുടെ വിവരങ്ങൾ ശേഖരിക്കാൻ ടൂൾസ് ഉപയോഗിച്ചിരുന്ന 20 എൻഎച്ച് എസ് ട്രസ്റ്റുകളിൽ 17 എണ്ണവും തങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ഇവ പിൻവലിച്ചതായി സ്ഥിരീകരിച്ചു. ഇതുവരെ 8 എൻഎച്ച്എസ് ട്രസ്റ്റുകൾ വിവരങ്ങൾ ചോർത്തിയതിനും കൈമാറിയതിനും രോഗികളോടെ ക്ഷമാപണം നടത്തിയിരുന്നു. രോഗികളെ സഹായിക്കുന്നതിനുള്ള ചാരിറ്റി ക്യാമ്പയിനുകൾ നടത്തുന്നതിനാണ് വിവരങ്ങൾ നിരീക്ഷിച്ചതെന്നാണ് ട്രസ്റ്റുകൾ അവകാശപ്പെടുന്നത്. ഇത്തരത്തിൽ രോഗികളുടെ ഡേറ്റാ ഫേസ്ബുക്കിന് കൈമാറുന്നതായി അറിയില്ലായിരുന്നു എന്നാണ് ട്രസ്റ്റുകൾ അറിയിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഇൻഫോർമേഷൻ കമ്മീഷണരുടെ ഓഫീസ് അന്വേഷണം നടത്തിവരികയാണ്.
Leave a Reply