ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലോകത്തിലെ തന്നെ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 30 -തിൽ യുകെയും യുഎസും. സ്വിറ്റ്സർലൻഡാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. തൊഴിലില്ലായ്മ കണക്കുകൾ, പണപ്പെരുപ്പം, ബാങ്ക് വായ്പാ നിരക്കുകൾ തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് 160 രാജ്യങ്ങൾ അടങ്ങുന്ന പട്ടിക പുറത്ത് വിട്ടത്.
നിലവിൽ സ്വിറ്റ്സർലൻഡ് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ്. ഉയർന്ന ആയുർദൈർഘ്യം, വളരെയധികം പ്രശംസിക്കപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം, സുസ്ഥിരമായ സമ്പദ്വ്യവസ്ഥ എന്നിവയാൽ പേരുകേട്ട രാജ്യമാണ് സ്വിറ്റ്സർലൻഡ്. ഹാൻകെ പുറത്തുവിട്ട പട്ടികയിൽ കുവൈത്ത് രണ്ടാം സ്ഥാനവും അയർലൻഡ് മൂന്നാം സ്ഥാനവും ജപ്പാൻ നാലാം സ്ഥാനവും നേടി. 2021 -ൽ നാലാം സ്ഥാനത്തായിരുന്ന ബ്രിട്ടൻ നിലവിൽ 29-ാം സ്ഥാനത്താണ്.
യുകെയിൽ 16 വയസിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 2021 ജനുവരിയിൽ 4.9 ശതമാനമായിരുന്നു. ഇത് 2022 ൽ 3.7 ശതമാനമായി കുറഞ്ഞു. നിലവിൽ 2023 ൽ 3.9 ശതമാനമായി കൂടിയതാണ് പട്ടികയിൽ യുകെയുടെ സ്ഥാനം പുറകിലാകാൻ കാരണം . യുകെയുടെ സ്ഥാനം പട്ടികയിൽ കുറഞ്ഞപ്പോൾ അമേരിക്ക 55-ൽ നിന്ന് ബ്രിട്ടനെ മറികടന്ന് 24-ലേക്ക് കുതിച്ചു. ഇതിന് ഏറ്റവും പ്രധാന ഘടകമായി നിലകൊണ്ടത് തൊഴിൽ ഇല്ലായ്മയാണ്. ഏപ്രിലിലെ കണക്കുകൾ പ്രകാരം തൊഴിൽ ഇല്ലായ്മ നേരിടുന്ന അമേരിക്കക്കാരുടെ എണ്ണം വെറും 3.4 ശതമാനം മാത്രമാണ്.
Leave a Reply