സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനിൽ പുതിയ പാസ്പോർട്ട്‌ മാർച്ച്‌ ഒന്നുമുതലെന്ന് ആഭ്യന്തര മന്ത്രാലയം. മുപ്പത് വർഷത്തിലേറെയായി രാജ്യത്തിന്റെ മുഖമുദ്ര ആയിരുന്ന ബർഗണ്ടി നിറത്തിലുള്ള പാസ്പോർട്ട്‌ മാറുകയാണ്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റത്തോടെയാണ് പുതിയ പാസ്പോർട്ട്‌ എത്തുന്നത്. മാർച്ച്‌ ഒന്നുമുതൽ പാസ്പോർട്ട് പുതുക്കുന്നവർക്കും പുതിയത് എടുക്കുന്നവർക്കും നീല നിറത്തിലുള്ളതായിരിക്കും ലഭിക്കുക. പുതുതായി ഡിസൈൻ ചെയ്ത പാസ്പോർട്ടുകൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം പുറത്തിറക്കി.

1921 ൽ നീല പാസ്‌പോർട്ടുകൾ അവതരിപ്പിക്കുകയും തുടർന്ന് 1988 വരെ അത് ഉപയോഗിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ സ്ഥിരമായതോടെ അന്നത്തെ യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ ഡിസൈനുകൾ സമന്വയിപ്പിക്കുകയായിരുന്നു. ഇതാണിപ്പോൾ പഴയ രീതിയിലേക്ക് മടങ്ങുന്നത്. നീല പാസ്‌പോർട്ട് നമ്മുടെ ദേശീയ വ്യക്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. പല സുരക്ഷാ മുൻ കരുതലുകളോടെയാണ് പുതിയ പാസ്പോർട്ട്‌ നിർമിച്ചിട്ടുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഫ്രഞ്ച് കമ്പനിയായ തേൽസിന്റെ ഉടമസ്ഥതയിലുള്ള ജെമാൽട്ടോയാണ് നീല പാസ്‌പോർട്ടുകൾ നിർമ്മിക്കുക.

പുതിയ പാസ്പോർട്ടിൽ രാജമുദ്രയോടൊപ്പം ‘യുണൈറ്റഡ് കിംങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് നോർത്തേൺ അയർലൻഡ്’ എന്നാണ് മുദ്രണം ചെയ്തിട്ടുള്ളത്. ഇതോടൊപ്പം ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, നോർതേൺ അയർലൻഡ് എന്നിവയുടെ പുഷ്പചിഹ്നങ്ങൾ കോർത്തിണക്കിയ മുദ്രയും പുറംചട്ടയിലുണ്ടാകും. വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി രേഖപ്പെടുത്തുന്നതിന് ഉതകുന്ന സൂപ്പർ ശക്തിയുള്ള പോളി കാർബണേറ്റഡ് ഡാറ്റാ പേജുകളാണ് മറ്റൊരു പ്രത്യേകത. പാസ്‌പോർട്ട് സൂചിക അനുസരിച്ച് ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ, ഇന്ത്യ, ഹോങ്കോംഗ് എന്നിവയുൾപ്പെടെ 81 രാജ്യങ്ങൾ നീല പാസ്‌പോർട്ടുകൾ ഉപയോഗിക്കുന്നുണ്ട്. മാർച്ച്‌ ഒന്ന് മുതൽ ബ്രിട്ടനും ഈ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇടം പിടിക്കും.