സ്റ്റീവനേജ്: യു കെ യിലെ പ്രഥമ ആസൂത്രിത നഗരിയായ സ്റ്റീവനേജിൽ നടന്ന യൂത്ത് കൗൺസിൽ തെരഞ്ഞെടുപ്പിൽ അത്യുജ്ജ്വല വിജയം കൈവരിക്കുകയും, കൗൺസിലർമാർക്ക് കിട്ടിയ വോട്ടുകളിൽ മുൻ‌തൂക്കം നേടുകയും ചെയ്ത അനീസ റെനി മാത്യു പക്ഷെ മലയാളി സമൂഹത്തിനു അഭിമാനം പകരുന്നത് സ്റ്റീവനേജ് യൂത്ത്കൗൺസിൽ ഭരണ ഘടനയെ തിരുത്തയെഴുതിച്ചു പുതിയ പദവി അവർക്കായി സൃഷ്‌ടിക്കേണ്ടി വരുത്തിയെന്നതിലാണ്.

അനീസയുടെ അതുല്യ പ്രതിഭക്കു അവസരം കൊടുക്കുന്നതിനു പുറമെ അവരുടെ കഴിവുകളും, വ്യക്തിഗത നേട്ടങ്ങളും പ്രയോജനപ്പെടുത്തി യുവജനങ്ങൾക്കിടയിൽ അവരുടെ സേവനങ്ങൾ ലഭ്യമാക്കുവാൻ കൗൺസിൽ ഭരണ നേതൃത്വം പുതിയ പദവി സൃഷ്‌ടിച്ചു അനീസാ റെനി മാത്യുവിനെ ചുമതലപ്പെടുത്തുകയായിരുന്നു.


അനീസയുടെ പിതാവ് തൊടുപുഴ, മാറിക സ്വദേശിയായ റെനി മാത്യു, ഇല്ലിക്കാട്ടിൽ കുടുംബാംഗമാണ്. സ്റ്റീവനേജ് സർഗം മലയാളി അസ്സോസ്സിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളായ റെനി മാത്യു സാമൂഹ്യ കായിക രംഗങ്ങളിൽ സജീവമാണ്. അനീസയുടെ മാതാവ് ലിജി റെനി ചക്കാംപുഴ, വടക്കേമണ്ണൂർ കുടുംബാംഗമാണ്. ഇരുവരും മെഡിക്കൽ രംഗത്തു ജോലി ചെയ്തു വരുന്നു.

അനീസക്കു രണ്ടു സഹോദരിമാരാണുള്ളത്. അനീസയുടെ മൂത്ത സഹോദരി ആൻ റെനി മാത്യു മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയും, ഇളയ സഹോദരി അഡോണ റെനി, ജോൺ ഹെൻറി ന്യൂമാൻ കാത്തലിക്ക് സ്‌കൂളിൽ എട്ടാം ക്‌ളാസ് വിദ്യാർത്ഥിനിയുമാണ്.

ജോൺ ഹെന്ററി ന്യൂമാൻ കാത്തലിക്ക് സ്‌കൂൾ AS ലെവൽ വിദ്യാർത്ഥിനിയായ അനീസ നെറ്റ് ബോൾ, ക്രിക്കറ്റ് എന്നിവയിൽ സ്‌കൂളിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇയർ 12 ൽ സിസ്ത് ഫോം പാർലിമെന്റ് മെമ്പറായ അനീസ സ്റ്റുഡൻറ്സ് ബോഡിയിൽ വിദ്യാർത്ഥി പ്രതിനിധിയുമാണ്.

അനീസ റെനി യൂത്ത് ക്രൈമിന് പ്രാമുഖ്യം നൽകി അവതരിപ്പിച്ച മാനിഫെസ്റ്റോയിലും,തുടർന്ന് നടത്തിയ അഭിമുഖത്തിലും പ്രതിഫലിച്ച ദീർഗ്ഗ വീക്ഷണം, സാമൂഹിക പ്രതിബന്ധത, നേതൃത്വ പാഠവം, യുവജനതയുടെ സുരക്ഷിതത്വത്തിലുള്ള താൽപ്പര്യം, സുരക്ഷാ വീഴ്ചകൾക്കുള്ള വ്യക്തതയാർന്ന പ്രതിവിധികൾ, അതോടൊപ്പം കലാ-കായിക തലങ്ങളിലുള്ള വ്യക്തിതല അംഗീകാരങ്ങളും ഏവരുടെയും ശ്രദ്ധ ആകർഷിക്കുവാനും, അവരിൽ സ്വാധീനം ചെലുത്തുവാനും കാരണമായി.

അനീസ കൈവരിച്ച ഈ നേട്ടവും പദവിയും, ഈ കൊച്ചു മിടുക്കിയുടെ അതുല്യ പ്രതിഭയെയും അംഗീകാരത്തെയുമാണ് വെളിവാക്കുന്നത്.

സ്റ്റീവനേജിലെ ആദ്യ ഡെപ്യൂട്ടി യൂത്ത് മേയറായ അനീസ റെനി മാത്യു, ഔദ്യോഗിക ചുമതലകളിൽ മേയറിനെ സഹായിക്കുകയും, യുവാക്കളുടെ സുരക്ഷിതത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും, മതിയായ ഭേദഗതികളും, നിർദ്ദേശങ്ങളും നൽകി അവരുടെ സുരക്ഷ ഉറപ്പുവരുത്തുവാനും ഉത്തരവാദിത്വമുണ്ട്.

സ്റ്റീവനേജ് ബോറോ കൗൺസിൽ യുവജനങ്ങൾക്കായി ഒരുക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ അവരെ ബോധവൽക്കരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഡെപ്യൂട്ടി മേയറുടെ ഉത്തരവാദിത്വത്തിൽപ്പെടും.

സ്റ്റീവനേജ് യൂത്ത് അംബാസഡർ എന്ന റോളിൽ യുവാക്കളെ പ്രതിനിധീകരിക്കുകയും,യാതൊരു വിഭാഗീയതയുമില്ലാതെ അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കൗൺസിലുമായി സഹകരിച്ചു പ്രവർത്തിക്കേണ്ടതുമാണ്. അതോടൊപ്പം വിവിധ ജീവകാരുണ്യ, സാമൂഹ്യ, ചാരിറ്റി സംഘടനകളെയും, അവരുടെ പ്രവർത്തനങ്ങളെയും സഹായിക്കുന്നതിന് 2000 പൗണ്ട് വരെ ചിലവഴിക്കുവാനുമുള്ള വിവേചനാധികാരവും അനീസയിൽ നിക്ഷിപ്തമാണ്.

സ്റ്റീവനേജ് എംപി സ്റ്റീഫൻ മക് പർലാൻഡ്, സ്റ്റീവനേജ് മേയർ മൈല ആർസിനോ, ലേബർ പാർട്ടി ചെയർ ജിം കല്ലഗൻ, സർഗ്ഗം സ്റ്റീവനേജ് പ്രസിഡണ്ട് ബോസ് ലൂക്കോസ്, ലണ്ടൻ റീജണൽ ക്നാനായ കാത്തലിക്ക് കമ്മ്യുണിറ്റി പ്രസിഡണ്ട് ഷാജി ഫിലിപ്പ് എന്നിവർ അനീസയെ നേരിൽക്കണ്ട് അഭിവാദ്യങ്ങളും, ആശംസകളും നേരുകയും ചെയ്തു.