ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : മറ്റ് സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിലെ ജനങ്ങൾക്ക് സ്തനാർബുദം, സ്ട്രോക്ക് എന്നിവ പോലുള്ള രോഗങ്ങൾ അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനം. ഇത് എൻ എച്ച് എസിന്റെ പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കിംഗ്സ് ഫണ്ട് തിങ്ക് ടാങ്ക് നടത്തിയ അവലോകനത്തിൽ പറയുന്നു. എൻ എച്ച് എസ് രൂപീകരിച്ചതിന്റെ 75-ാം വാർഷികത്തിന് മുന്നോടിയായി, തിങ്ക് ടാങ്ക് യുകെയുടെ ആരോഗ്യ സേവന രംഗത്തെ മറ്റ് 18 രാജ്യങ്ങളുടെ ആരോഗ്യ രംഗവുമായി താരതമ്യം ചെയ്തു. ചികിത്സ നൽകി ഭേദമാക്കാവുന്ന രോഗങ്ങൾ ബാധിച്ചു മരിക്കുന്നവരുടെ എണ്ണം യു കെയിൽ കൂടുതലാണ്. കൃത്യമായ ചികിത്സയിലൂടെ ഇത്തരം മരണങ്ങൾ ഒഴിവാക്കാമായിരുനെന്ന് പഠനത്തിൽ പറയുന്നു.
ആശുപത്രി കിടക്കകളുടെ കുറവ്, ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ആശുപത്രി ഉപകരണങ്ങൾ കുറവ് തുടങ്ങിയ പ്രശ്നങ്ങളും രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ ബാധിക്കുന്നതായി പറയുന്നു. എന്നാൽ, ചികിത്സ ചെലവ് ഭയന്ന് വൈദ്യസഹായം ഒഴിവാക്കുന്നവരുടെ എണ്ണം യുകെയിൽ കുറവാണ്. പല പതിവ് ചികിത്സകൾക്കായുള്ള വെയിറ്റിംഗ് ലിസ്റ്റുകൾ മിക്ക രാജ്യങ്ങളിലും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അവലോകനം ചൂണ്ടിക്കാണിക്കുന്നു.
“എൻഎച്ച്എസ് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലൊന്നാണെന്ന് ഈ റിപ്പോർട്ട് അംഗീകരിക്കുന്നു. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വെയിറ്റിംഗ് ലിസ്റ്റുകൾ വെട്ടിക്കുറയ്ക്കുന്നതിനുമായി ഞങ്ങൾ 14.1 ബില്യൺ പൗണ്ട് വരെ നിക്ഷേപിക്കുന്നു, ഇത് സർക്കാരിന്റെ അഞ്ച് മുൻഗണനകളിൽ ഒന്നാണ്. 108 പുതിയ കമ്മ്യൂണിറ്റി ഡയഗ്‌നോസ്റ്റിക് സെന്ററുകൾ തുറന്നിട്ടുണ്ട്, 2021 ജൂലൈ മുതൽ ഇവ നാല്പത് ലക്ഷത്തിലധികം ടെസ്റ്റുകളും ചെക്കുകളും സ്കാനുകളും നൽകി – രോഗനിർണ്ണയം നടത്താനും കൂടുതൽ വേഗത്തിൽ ചികിത്സ ലഭ്യമാക്കാനും രോഗികളെ സഹായിക്കുന്നു.” ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പിന്റെ വക്താവ് പറഞ്ഞു.
Leave a Reply