ന്യൂസ് ഡെസ്ക് മലയാളം യുകെ

ട്രെയിൻ ഡ്രൈവർമാരുടെ ഓവർടൈം വിലക്ക് കാരണം ഇന്നുമുതൽ അടുത്ത ആറ് ദിവസത്തേയ്ക്ക് ഇംഗ്ലണ്ടിൽ ട്രെയിൻ യാത്ര തടസപ്പെടും. ട്രെയിൻ ഡ്രൈവർമാരുടെ സംഘടനയായ അസോസിയേറ്റഡ് സൊസൈറ്റി ഓഫ് ലോക്കോമോട്ടീവ് എഞ്ചിനീയേഴ്സ് ആൻഡ് ഫയർമെൻ (അസ്ലെഫ്) യൂണിയനാണ് മുന്നറിയിപ്പ് നൽകിയത്. ട്രെയിൻ ഡ്രൈവർമാരുടെ ഓവർടൈം വിലക്ക് കാരണമാണ് ഈ ആഴ്ച്ച ട്രെയിൻ യാത്രക്കാർക്ക് തടസമുണ്ടാവുക.

WhatsApp Image 2024-12-09 at 10.15.48 PM

ഇന്ന് മുതൽ ശനിയാഴ്ച വരെ ഇംഗ്ലണ്ട് ആസ്ഥാനമായുള്ള 16 ട്രെയിൻ കമ്പനികളിലുള്ള ഡ്രൈവർമാരുടെ കുറവാണ് ട്രെയിൻ സേവനങ്ങളെ ബാധിക്കുക. യാത്രക്കാർ ട്രെയിനുകളുടെ ലഭ്യത നേരത്തെ തന്നെ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ട്രെയിൻ കമ്പനികൾ എല്ലാം തന്നെ മുഴുവൻ ഷെഡ്യൂളുകളും പ്രവർത്തിപ്പിക്കുന്നതിന് ഓവർടൈം ജോലി ചെയ്യുന്ന ഡ്രൈവർമാരെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാൽ ശമ്പള വർധന അവശ്യപ്പെട്ടുക്കൊണ്ടുള്ള പണിമുടക്കുകൾ വർദ്ധിച്ച പശ്ചാത്തലത്തിലാണ് ഓവർടൈം നിരോധനം വന്നിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ട്രെയിനുകൾ റദ്ദാക്കിയുള്ള പുനഃക്രമീകരണം നടത്തേണ്ടി വരുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ പറയുന്നു. പുനഃക്രമീകരിക്കുന്ന ട്രെയിനുകളുടെ സേവനങ്ങൾ പതിവിലും തിരക്കുള്ളതായിരിക്കാനുള്ള സാധ്യതയും അധികൃതർ ചൂണ്ടിക്കാട്ടി. ട്രെയിൻ സർവീസുകൾ താമസിക്കാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് നോർത്തേൺ റെയിൽവേ നൽകിയിട്ടുണ്ട്. ട്രെയിനുകളുടെ ഷോർട്ട് നോട്ടീസ് റദ്ദാക്കലുകളും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ട്രെയിൻ റദ്ദാക്കലുകൾ ഉണ്ടാകാം എന്ന് ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച അത്യാവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യാൻ ചിൽട്ടേൺ റെയിൽവേ യാത്രക്കാരോട് ആവശ്യപ്പെട്ടു.