ലണ്ടന്‍: പ്രതിഫലത്തിലെ ലിംഗവിവേചനം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിബിസിയിലെ വനിതാ അവതാരകര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ക്ലെയര്‍ ബാള്‍ഡിംഗ്, വിക്ടോറിയ ഡെര്‍ബിഷയര്‍, ആന്‍ജല റിപ്പോണ്‍ എന്നിവരുള്‍പ്പെടെ 40 വനിതാ ജീവനക്കാര്‍ ഒപ്പിട്ട ഒരു തുറന്ന കത്ത് ഡയറക്ടര്‍ ജനറല്‍ ടോണി ഹാളിന് നല്‍കി. പ്രതിഫലത്തിലെ വിവേചനം അവസാനിപ്പിക്കണമെന്നാണ് ആവശ്യം. വര്‍ഷങ്ങളായി ബിബിസിയില്‍ ഈ വിവേചന നിലവിലുണ്ടായിരുന്നുവെന്ന് കഴിഞ്ഞയാഴ്ചയാണ് വെളിവാക്കപ്പെട്ടത്.

ആന്റിക്ക്‌സ് റോഡ്‌ഷോ അവതാരക ഫിയോണ ബ്രൂസ്, വണ്‍ ഷോ അവതാരക അലെക്‌സ് ജോണ്‍സ്, ന്യൂസ് നൈറ്റ് അവതാരകയായ എമിലി മെയ്റ്റ്‌ലിസ് തുടങ്ങിയവരും വനിതാ ജീവനക്കാരുടെ ആവശ്യങ്ങള്‍ക്കുവ വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ട്. 2020ഓടെ ആ അസമത്വം അവസാനിപ്പിക്കുമെന്നാണ് ലോര്‍ഡ് ഹാള്‍ പറയുന്നത്. എന്നാല്‍ അടിയന്തര നടപടി ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് വനിതാ ജീവനക്കാര്‍ ആവശ്യപ്പെടുന്നു.

1,50,000 പൗണ്ടിനു മേല്‍ ശമ്പളം വാങ്ങുന്നവരുടെ പട്ടിക പുറത്തു വന്നപ്പോളാണ് ശമ്പളത്തിലെ ലിംഗവിവേചനവും പുറത്തായത്. പ്രശസ്തരായ അവതാരകര്‍ക്കിടയിലും ഈ വിവേചനം സ്പഷ്ടമാണ്. 2 മില്യന്‍ പൗണ്ട് വാങ്ങുന്ന ക്രിസ് ഇവാന്‍സ് ആണ് പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. അതേ സമയം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിത, സ്ട്രിക്റ്റ്‌ലി കം ഡാന്‍സിംഗ് അവതാരകയായ ക്ലോഡിയ വിംഗിള്‍മാന് ലഭിക്കുന്നത് 5 ലക്ഷം പൗണ്ട് മാത്രമാണ്.