ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ:ലണ്ടൻ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പള്ളികളെ കുറിച്ചുള്ള വാക്കുകൾ വൻ വിവാദമാവുകയാണ്. പള്ളികൾ വിൽക്കാൻ ഇട്ടിരിക്കുകയാണെന്നും, വിദ്യാർത്ഥികളിൽ കൂടുതലും പള്ളികളിൽ പോകുന്നില്ലെന്നുമുള്ള എം വി ഗോവിന്ദന്റെ പരാമർശം ഇതിനോടകം യുകെ മലയാളികൾക്ക് ഇടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. യുകെ മലയാളികൾ പലരും എം വി ഗോവിന്ദന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നാണ് പ്രതികരിച്ചത്.
ആംഗ്ലിക്കൻ ചർച്ചിലെ അപചയങ്ങളെയും മൂല്യചുഴികളെയും മുന്നിൽ കണ്ട് നടത്തിയ പ്രസ്താവന യുകെയിലേയ്ക്ക് കേരളത്തിൽനിന്ന് കുടിയേറിയ ഭൂരിപക്ഷം വരുന്ന കത്തോലിക്ക സമുദായത്തിൽ പെട്ടവർക്ക് കടുത്ത മാനസിക പ്രയാസം ആണ് ഉണ്ടാക്കിയിരിക്കുന്നത്. സീറോ മലബാർ സഭാ വിശ്വാസികളുടെ ആത്മീയ കാര്യങ്ങൾക്കായി രൂപം കൊടുത്ത ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രവർത്തനവും വിവിധ മിഷനുകളിലായി സഭാവിശ്വാസികൾ നടത്തുന്ന പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി യുകെയിലെ കത്തോലിക്കാ മത വിശ്വാസികൾ തങ്ങളുടെ വിശ്വാസ പാരമ്പര്യത്തിൽ കേരളത്തിലുള്ളവരെക്കാൾ ഒരുപിടി മുന്നിലാണെന്നത് പലരും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഞായറാഴ്ചകളിലും വിശേഷ അവസരങ്ങളിലും വേദപാഠ പരിശീലനത്തിനും തങ്ങളുടെ പുതു തലമുറയെ സഭാ പാരമ്പര്യത്തിൽ വളർത്താൻ യുകെയിലെ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട മലയാളികൾ മുന്നിലാണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിൽ നടക്കുന്ന ബൈബിൾ കലോത്സവം പോലുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ ഉള്ളതിനേക്കാളുമോ അതിലും മെച്ചപ്പെട്ട രീതിയിലാണ് യുകെയിൽ അരങ്ങേറുന്നത്.
ക്രിസ്ത്യൻ സമൂഹത്തെ ഇത്രയധികം കരുതുകയും സ്നേഹിക്കുകയും ചെയ്യുന്നൊരു സമൂഹം വേറെ ഇല്ല എന്നുള്ളതാണ് യാഥാർഥ്യം. കാലം മുന്നോട്ട് പോകുമ്പോൾ അതിന്റേതായ പലവിധ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകും.
മെച്ചപ്പെട്ട ധാർമിക മൂല്യങ്ങളിൽ തങ്ങളുടെ കുട്ടികളെ വളർത്താൻ യുകെ മലയാളികൾ ബദ്ധശ്രദ്ധരാണ്. 2000 ആണ്ടിന്റെ തുടക്കത്തിലാണ് യുകെയിലെ ആരോഗ്യ മേഖലയിലേയ്ക്ക് വ്യാപകമായ രീതിയിൽ മലയാളികളുടെ കുടിയേറ്റം ഉണ്ടായത്. തുടക്കത്തിലെ തങ്ങളുടെ വിശ്വാസരീതിയിൽ പിൻ ചെല്ലാൻ ആരാധനാലയങ്ങളുടെ കുറവ് ഒരു പരിമിതിയായിരുന്നു. ആദ്യകാലത്ത് പലരും ഇംഗ്ലീഷ് ആരാധന ക്രമത്തിൽ ആയിരുന്നു പങ്കെടുത്തിരുന്നത്. എന്നാൽ ഇന്ന് യുകെയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും എല്ലാ ക്രിസ്തീയ വിഭാഗങ്ങൾക്കും സ്വന്തമായ ആരാധനാലയങ്ങൾ ആയി കഴിഞ്ഞു. ലീഡ്സ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പുതിയതായി പള്ളികൾ സ്ഥാപിക്കുന്നതിനും മലയാളം ആരാധനാക്രമത്തിൽ തങ്ങളുടെ വിശ്വാസ പാരമ്പര്യം കാത്തുസൂക്ഷിക്കാനും മുന്നിൽ നിന്ന് പ്രവർത്തിച്ചത് മലയാളികളാണ്.
ഇംഗ്ലണ്ടിൽ പള്ളികൾ വില്പന തുടർന്നുകൊണ്ടിരിക്കുന്നു. പക്ഷെ എത്രയോ നേരത്തെ കമ്മ്യൂണിസം ഇവിടെ വിറ്റ് തീർന്ന് പോയി എന്നാണ് മലയാളം യുകെ ന്യൂസ് സാമൂഹിക ചാരിറ്റി പ്രവർത്തനത്തിന് അവാർഡ് നൽകി ആദരിച്ച ടോം ജോസ് തടിയംപാട് ഫേസ്ബുക്കിൽ കുറിച്ചത്.
Leave a Reply