രാഷ്ട്രീയകാര്യ ലേഖകൻ , മലയാളം യുകെ

കേരള ചരിത്രത്തിൽ ആദ്യമായി ഒരു മുന്നണിക്ക് ഭരണ തുടർച്ച കിട്ടിയത് കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ ഇടതുമുന്നണിക്കാണ് . എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഒട്ടേറെ പ്രശ്നങ്ങളെയാണ് അവർ അഭിമുഖീകരിക്കുന്നത്. ഒന്നാമത് സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം തന്നെ. ക്ഷേമ പെൻഷനും സപ്ലൈകോയും തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ സർക്കാരിനെതിരെയാണ് ജനം. കേരളത്തിലെ പ്രധാന എതിരാളിയായ കോൺഗ്രസിന്റെ തന്നെ മുന്നണിയുടെ ഭാഗമായാണ് കേരളത്തിലും വെളിയിലുമുള്ള സംസ്ഥാനങ്ങളിൽ മത്സരിക്കേണ്ടി വരുന്നതെന്ന വിരോധാഭാസം ജനങ്ങളെ എങ്ങനെ ബോധിപ്പിക്കും എന്ന കാര്യം എൽഡിഎഫിനെ പോലെ തന്നെ യുഡിഎഫിനെയും വേട്ടയാടുന്നുണ്ട്.

ഒരു പരിധിവരെ അഴിമതി വിരുദ്ധ പ്രതിച്ഛായ നിലനിർത്തിയിരുന്ന ഇടതുപക്ഷത്തിനെ സംബന്ധിച്ചിടത്തോളം നിലവിൽ കേൾക്കുന്ന വാർത്തകൾ നല്ലതല്ല. കരവന്നൂർ സഹകരണ ബാങ്ക് ഇടപാടുകളുടെ പേരിലുള്ള ഇ ഡി അന്വേഷണവും തൃശ്ശൂർ ജില്ലയിലെ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെയുള്ള ആരോപണങ്ങളുമെല്ലാം എതിർപക്ഷങ്ങൾ വാർത്തയാക്കി കൊണ്ടിരിക്കുകയാണ്.

പക്ഷേ കഴിഞ്ഞ ലോക്സഭാ ഇലക്ഷനേക്കാൾ എൽഡിഎഫിന് കൂടുതൽ സീറ്റ് കിട്ടാനുള്ള സാധ്യത ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പൊതുവെ വിലയിരുത്തുന്നത്. ബെർമിംഗ്ഹാം മലയാളിയും കോൺഫിഡൻസ് ഗ്രൂപ്പിന്റെ സിഇഒയും കേരളത്തിൽ തൃശൂർ സ്വദേശിയുമായ മാർട്ടിൻ കെ ജോസഫ് ഇടതുപക്ഷ സഹയാത്രികനാണ്. സ്വർഗീയശക്തികൾ പരാജയപ്പെട്ട് ഇന്ത്യാ മുന്നണി അധികാരത്തിൽ വരേണ്ടതിൻ്റെ ആവശ്യകതയാണ് മാർട്ടിൻ വ്യക്തമാക്കിയത്.

ചുവരെഴുത്ത്

മലയാളം യുകെയുടെ അസോസിയേറ്റ് എഡിറ്റർ   ഷിബു മാത്യു തൻറെ കേരള സന്ദർശനത്തിൽ കേരള സർക്കാരിനെതിരെയുള്ള ഭരണപക്ഷ വികാരത്തെ കുറിച്ച് അറിയപ്പെടുന്ന ഒരു ഇടതുപക്ഷ സഹയാത്രികനുമായി ചർച്ച നടത്തിയിരുന്നു. ഭരണവിരുദ്ധ വികാരത്തെ കുറിച്ച് പ്രതിപക്ഷത്തേക്കാളും കൂടുതൽ ബോധവാന്മാരാണ് ഭരണത്തെ നയിക്കുന്ന സിപിഎം എന്നാണ് അദ്ദേഹത്തിന് കിട്ടിയ മറുപടി . അടുത്ത നിയമസഭാ ഇലക്ഷനിലെ സാധ്യതകളെ കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടി ആത്മവിശ്വാസം നിറഞ്ഞതായിരുന്നു. അടുത്ത നിയമസഭയും എൽഡിഎഫ് ഭരിക്കും. അതിനുള്ള ചരടു വലികൾ തുടങ്ങി കഴിഞ്ഞു. ലോക്സഭാ ഇലക്ഷൻ കഴിഞ്ഞുള്ള രാഷ്ട്രീയ കോളിളക്കത്തിൽ ലീഗ് ഇടതുപക്ഷത്തിൻ്റെ ഭാഗമാകാനുള്ള സാധ്യതയാണ് അതിന് കാരണമായി അദ്ദേഹം ചൂണ്ടി കാണിച്ചത്. അതെ ലീഗ് ഇന്ത്യ മുന്നണിയുടെ ഭാഗമായി നിലനിൽക്കും. പക്ഷേ അധികം താമസിയാതെ മുസ്ലീം ലീഗ് കേരളത്തിൽ എൽഡിഎഫിന്റെ ഭാഗമായേക്കാം