ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബെർമിങ്‌ഹാമിൽ നിലനിൽക്കുന്ന ഒരു ക്രിസ്ത്യൻ പള്ളി പൊളിച്ച് 14 പുതിയ അപ്പാർട്ട്മെന്റുകൾ പണിയുവാൻ ഉള്ള തീരുമാനം കൗൺസിൽ കൈകൊണ്ടിരിക്കുകയാണ്. ബിയർവുഡിലെ സാൻഡൺ റോഡിലുള്ള സാൻഡൺ മെത്തഡിസ്റ്റ് ചർച്ച് 2021 ജനുവരി മുതൽ ആളുകൾ കുറവായതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ പള്ളി തകർത്ത് 11 രണ്ട്- ബെഡ്റൂം ഫ്ലാറ്റുകളും, 3 സിംഗിൾ ബെഡ്‌റൂം ഫ്ലാറ്റുകളുമാക്കി മാറ്റാനുള്ള പദ്ധതികൾക്ക് പിന്നിൽ മോസ്ലി ആസ്ഥാനമായുള്ള ഡെവലപ്പർ ഡീർലൈൻ ലിമിറ്റഡാണ്. ഓരോ അപ്പാർട്ട്മെന്റിനും പാർക്കിംഗ് സ്ഥലങ്ങളും ഉണ്ടാകുമെന്നാണ് നിലവിലുള്ള പദ്ധതി സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം തന്നെ ഈ അപ്പാർട്ട്മെന്റുകൾ പണിയുവാനുള്ള പ്ലാൻ ബെർമിങ്ഹാം കൗൺസിലിന് സമർപ്പിച്ചെങ്കിലും, കഴിഞ്ഞ ജൂലൈ 7 നാണ് ഇതിനുള്ള അനുമതി കൗൺസിൽ നൽകിയത്. അപ്പാർട്ട്മെന്റുകളുടെ പിൻഭാഗത്ത് കുറച്ചു സ്ഥലം പൊതു ഗാർഡനായും ഉണ്ടാകും.

എന്നാൽ പള്ളി പൊളിച്ച് ഫ്ലാറ്റുകൾ പണിയുവാൻ ഉള്ള തീരുമാനം നിരവധി പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. നിലവിൽ ഏഴ് പേരോളം കൗൺസിലിന്റെ തീരുമാനത്തിനെ എതിർത്ത് കത്ത് എഴുതിയിട്ടുണ്ട്. പള്ളി ദൈവത്തിന്റെ ഭവനമാണെന്നും അത് അങ്ങനെ തന്നെ തുടരേണ്ടതുണ്ടെന്നും പ്രതിഷേധകരിൽ ഒരാൾ വ്യക്തമാക്കി. പള്ളിക്ക് ഒരു സാമൂഹ്യ മൂല്യമുണ്ടെന്നും, പള്ളി തകർക്കുന്നതോടെ അത് നഷ്ടമാകുമെന്നും മറ്റൊരാൾ വ്യക്തമാക്കി. ഇത്തരം പ്രതിഷേധങ്ങൾ മുന്നോട്ടുവന്ന സാഹചര്യത്തിൽ കൗൺസിൽ തീരുമാനം എന്താകുമെന്നുള്ള ആശങ്കയിലാണ് പ്രദേശവാസികൾ.