ലണ്ടന്‍: വെള്ളക്കമ്പനികളുടെ നിരക്ക് കൊള്ളയില്‍ നിന്ന് മോചനമുണ്ടാകുമെന്ന സൂചന നല്‍കി ഓഫ് വാട്ട്. 2015ലെ അതേ നിരക്കുകള്‍ തന്നെ തുടരണമെന്ന് ഓഫ് വാട്ട് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത എട്ട് വര്‍ഷത്തേക്ക് ഇതേ നിരക്കില്‍ത്തന്നെ വിതരണം നടത്തണമെന്നാണ് നിര്‍ദേശം. കമ്പനികളുടെ സ്‌പെന്‍ഡിംഗ് പ്ലാനുകള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെട്ടതോടെയാണ് ഓഫ് വാട്ട് ചെയര്‍മാന്‍ ജോണ്‍സണ്‍ കോക്‌സ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.

ജലവിതരണക്കമ്പനികള്‍ പണം വെറുതെ കളയുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതുവരെ നടന്ന നിരക്ക് പുനര്‍നിര്‍ണയങ്ങളില്‍ ഇത്തവണത്തേത് ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനികളുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ നടക്കുന്നതിനിടെയാണ് ഓഫ് വാട്ടിന്റെ ഈ നിര്‍ദേശം വന്നിരിക്കുന്നത്. പല കമ്പനികളും വിദേശ കമ്പനികളുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ഉള്ളത്.

ചില കമ്പനികള്‍ വിദേശ കമ്പനികളുടെ സഹായത്തോടെ സ്വകാര്യ വ്യക്തികള്‍ കൈകാര്യം ചെയ്യുകയാണ്. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ചില കമ്പനികളുടെ പെരുമാറ്റം സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് കോക്‌സ് പറഞ്ഞു. മൂലധനം സമാഹരിക്കാന്‍ ഉപഭോക്താക്കളെ കരുവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ശരാശരി വാട്ടര്‍ ബില്‍ 395 പൗണ്ട് ആണ്. 2010-11ല്‍ ഇത് ശരാശരി 418 പൗണ്ട് ആയിരുന്നു.