ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ പൊതുമേഖല ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ, ഇതിനായുള്ള പണം കണ്ടെത്തുന്നതിനായി ബ്രിട്ടനിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ വിസ ഫീസും ആരോഗ്യ സർചാർജും വർദ്ധിപ്പിക്കുവാനുള്ള തീരുമാനമാണ് സർക്കാർ കൈകൊണ്ടിരിക്കുന്നത്. ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം ഉണ്ടായിരുന്ന ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കുവാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. വിസ അപേക്ഷകർ യുകെയുടെ സ്റ്റേറ്റ് ഫണ്ടഡ് നാഷണൽ ഹെൽത്ത് സർവീസിന് (എൻഎച്ച്എസ്) നൽകുന്ന ഫീസും ഹെൽത്ത് സർചാർജും രാജ്യത്തെ പൊതുമേഖലാ വേതന വർദ്ധനയ്ക്കായി ഉയർത്തുമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക് വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇത് യുകെയിലേക്ക് പഠനത്തിനും ജോലിക്കും ആയി പോകുവാൻ ആഗ്രഹിക്കുന്ന മലയാളികളുടെ പ്രതീക്ഷകൾക്ക് മേൽ ആശങ്കയുളവാക്കുന്നതാണ്.
അദ്ധ്യാപകർ, പോലീസ്, ജൂനിയർ ഡോക്ടർമാർ, മറ്റ് പൊതുമേഖലാ തൊഴിലാളികൾ എന്നിവരുടെ വേതനത്തിന്റെ സ്വതന്ത്ര പുനഃപരിശോധന കമ്മറ്റിയുടെ ശുപാർശകൾ അംഗീകരിക്കാൻ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മർദ്ദത്തിലാവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൊതുമേഖലയിൽ ഉടനീളം 5% മുതൽ 7% വരെ ശമ്പള വർദ്ധനവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇതിനായുള്ള പണം സർക്കാർ കൂടുതൽ കടം എടുക്കുന്നതിലൂടെ നികത്താനാവില്ലെന്നും ഇത് കൂടുതൽ പണപ്പെരുപ്പത്തിലേക്ക് വഴിതെളിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പൊതുമേഖല ജീവനക്കാർക്ക് കൂടുതൽ ശമ്പളം നൽകുന്നതിന് തങ്ങൾ മുൻഗണന നൽകുകയാണെങ്കിൽ, ആ പണം മറ്റെവിടെയെങ്കിലും നിന്ന് കണ്ടെത്തേണ്ടി വരുമെന്നും, ജനങ്ങൾക്ക് മേൽ കൂടുതൽ നികുതി ചുമത്താൻ താൻ തയ്യാറല്ലെന്നും, കൂടുതൽ കടമെടുക്കുന്നത് പണപ്പെരുപ്പം കൂട്ടുമെന്നും ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ പണം കണ്ടെത്താനായുള്ള നടപടിയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള വിസ ഫീസ് വർദ്ധനവ് എന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമേഖലാ ശമ്പള വർദ്ധനവിനെ ചൊല്ലിയുള്ള നിരവധി സമരങ്ങളെ തുടർന്ന് പ്രധാനമന്ത്രി കൂടുതൽ സമ്മർദ്ദത്തിലായിരുന്നു. എന്നാൽ ബ്രിട്ടൻ തങ്ങളുടെ ഭാഗം സംരക്ഷിക്കുമ്പോൾ, അവിടേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന മലയാളികൾക്കും മറ്റു രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും കടുത്ത തിരിച്ചടിയാണ് ഈ തീരുമാനം ഉണ്ടാക്കുന്നത്.
Leave a Reply