ഷിബു മാത്യൂ
ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ വലിയ നോമ്പിനോടനുബന്ധിച്ച് വെള്ളിയാഴ്ച ആരംഭിച്ച വാര്‍ഷിക ധ്യാനം ഇന്നലെ അവസാനിച്ചു. ആദ്ധ്യാത്മിക വിശുദ്ധിയില്‍ ആരംഭിച്ച ധ്യാന പ്രസംഗത്തിനിടയില്‍ പ്രശസ്ത ധ്യാനഗുരുവും തലശ്ശേരി രൂപതാംഗവുമായ റവ. ഫാ. ടോം ഓലിക്കരോട്ട് ലീഡ്‌സിലെ സീറോ മലബാര്‍ വിശ്വാസികളോടായി നടത്തിയ ധ്യാന പ്രസംഗം വിശ്വാസികളുടെ ഇടയില്‍ ചര്‍ച്ചയാകുന്നു.
നിങ്ങളുടെ മടിശീലയുടെ കനം കണ്ടിട്ടല്ല പരിശുദ്ധ കത്തോലിക്കാ സഭ ബ്രിട്ടണിലെത്തിയത്.
നിങ്ങളുടെ മക്കള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടു പോകാതിരിക്കാനാണ് സഭ നിങ്ങളോടൊപ്പം നില്‍ക്കുന്നത് എന്ന് ആവര്‍ത്തിച്ചു പറഞ്ഞ അദ്ദേഹം തന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം വെളിപ്പെടുത്തി. പ്രവാസികളുടെ ഇടയിലെ സഭാ ശുശ്രൂഷകള്‍ പലപ്പോഴും വിമര്‍ശന വിധേയമാകുന്നത് ചരിത്രത്തെ വിശ്വാസികള്‍ മനസ്സിലാക്കാത്തതു കൊണ്ടാണ്. എല്ലാക്കാലത്തും അലയുന്നവരെ അനുധാവനം ചെയ്തവളാണ് സഭ. കേരള ചരിത്രത്തില്‍ മലബാറിലേയും ഹൈറേഞ്ചിലേയും കുടിയേറ്റ ജനതയേ അനുധാവനം ചെയ്ത സഭ, കുടിയേറ്റ ജനതയുടെ കഷ്ടതയെയും ദാരിദ്രത്തേയും സ്‌നേഹിച്ചു. അതിനായി അവര്‍ ചെയ്ത ത്യാഗങ്ങള്‍ ആര്‍ക്കും അധിക വേഗം മറക്കാന്‍ സാധിക്കുകയുമില്ല. വള്ളോപ്പള്ളി പിതാവ് ഇതിന് വലിയ ഉദാഹരണമാണ്. സഭയെ നിങ്ങള്‍ മറന്നുകളയരുത്. പ്രവാസിയുടെ മടിശ്ശീലയുടെ ഘനം നോക്കിയല്ല മറിച്ച് അത്മരക്ഷയും കുടുംബങ്ങളുടെ സുസ്ഥിതിയുമാണ് പ്രവാസികളെ അനുഗമിക്കാന്‍ സഭയെ നിര്‍ബന്ധിക്കുന്നത്. ആരാണ് സഭയുടെ ശത്രു. സഭയുടെ ഉള്ളിലെ സഭാ മക്കള്‍ തന്നെ.
മൂന്നു വര്‍ഷത്തിനുള്ളിലാണ് സഭ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളെ നേരിട്ടത്. അത് ഞങ്ങള്‍ സഭാ ശുശ്രൂഷകര്‍ മനസ്സിലാക്കുന്നു.
സഭാ ശുശ്രൂഷകരുടെ വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍കൊണ്ടും മുറിവേറ്റപ്പെട്ടവര്‍ ധാരാളം സഭയിലുണ്ട്. ഞങ്ങളോട് ക്ഷമിച്ച് സഭയെ നിങ്ങള്‍ സ്‌നേഹിക്കണം. ഞങ്ങളുടെ കുറവുകള്‍ മൂലം കര്‍ത്താവിനെ നിങ്ങള്‍ വെറുക്കാന്‍ കാരണമാകരുത്. സഭയെ നശിപ്പിക്കുന്നതിന് നേരിട്ടിറങ്ങിയ ലൂസിഫറിന്റെ പേര് സഭാ മക്കളെ കൊണ്ട് നിരന്തരം പറയിപ്പിക്കുന്ന പ്രഥ്യുരാജ് സുകുമാരന്‍ അതിബുദ്ധിമാനാണ്. ഇന്ന് ഈ ധ്യാനം കഴിഞ്ഞാല്‍ നിങ്ങള്‍ നേരെ പോകുന്നതും അവിടെയ്ക്കാണെന്നും എനിക്കറിയാം. വളരെ വികാരഭരിതനായി സംസാരിച്ച

ഫാ. മാത്യൂ മുളയോലില്‍

ഫാ. ടോം സഭയുടെ ശുശ്രൂഷയില്‍ തെറ്റു ചെയ്തവര്‍ക്കായി സഭയ്ക്കു വേണ്ടി പരസ്യമായി മാപ്പു പറഞ്ഞു. ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ചെയര്‍മാന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ ധ്യാനത്തില്‍ പങ്കെടുക്കുവാനെത്തിയ എല്ലാ വിശ്വാസികള്‍ക്കും നന്ദി പറഞ്ഞു.