ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യാത്ര ചെയ്യുന്നവരാണ് മനുഷ്യർ. അവരാണ് ശരിക്കും ജീവിക്കുന്നവർ. അത്തരം യാത്രകൾക്ക് പിന്നിൽ നന്മ നിറഞ്ഞ ലക്ഷ്യം ഉണ്ടെങ്കിലോ. അത് ഏത് റെക്കോർഡുകളെക്കാളും മഹത്തരമാകും. ഈയൊരു സുന്ദര ലക്ഷ്യത്തിലെത്താനുള്ള പാതയിലാണ് രാജേഷ് കൃഷ്ണ. 55 ദിവസം, 75 നഗരങ്ങളിലൂടെ ലണ്ടനിൽ നിന്നും കേരളത്തിലേക്ക് കാർ യാത്ര. വോള്‍വോ എക്സി 60യിലാണ് 20000 കിലോമീറ്റർ താണ്ടുന്നത്.
വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ച സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ആനന്ദം കൂടിയുണ്ട് രാജേഷിന്റെ യാത്രയിലുടനീളം. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഫ്ളാഗ് ഓഫ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതെങ്കിലും അന്നും യാത്ര നടക്കാതെ പോയി. പാക്കിസ്ഥാനിലൂടെ ഇന്ത്യയിലേക്ക് പോകാന്‍ വിസ പ്രശ്നം നേരിട്ടതും കോവിഡ് പ്രതിസന്ധിയും വില്ലനായി. എന്നാൽ സ്വപ്നത്തെ വിടാതെ പിന്തുടർന്നതോടെ സഫലമായി. നിലവിൽ ജർമ്മനിയിൽ നിന്ന് 800 കിലോമീറ്റർ യാത്ര ചെയ്ത് വിയന്നയിലെത്തും. യുകെയിൽ നിന്ന് യാത്ര തുടങ്ങി യൂറോപ്പിലൂടെയും തുർക്കിയിലൂടെയും ഇറാനിലൂടെയും വാഹനമോടിക്കും. ചൈനയിലെത്തി ശേഷം ഇന്ത്യയിലേക്ക്.
യാത്രയുടെ ഒപ്പം ചാരിറ്റിയും
റയാന് നൈനാന് ചില്‍ഡ്രന്‍സ് ചാരിറ്റിയെ പിന്തുണയ്ക്കുന്നതിനാണ് ഈ യാത്ര തുടങ്ങിയത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് അന്തരിച്ച റയാന് നൈനാന്റെ സ്മരണാര്‍ത്ഥം ആരംഭിച്ചതാണ് RNCC. മാരക രോഗങ്ങളാൽ കഴിയുന്ന കുട്ടികൾക്ക് സഹായം നൽകുകയാണ് ചാരിറ്റിയുടെ ലക്ഷ്യം. റയാന്റെ രോഗാവസ്ഥയില്‍ കൂടെ നിന്ന ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹായമാകാനും മാരകരോഗികളായ കുട്ടികളെ തിരിച്ചു സന്തോഷത്തിലേയ്ക്ക് കൈപിടിക്കാനും ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നെന്ന് രാജേഷ് മലയാളംയുകെ ന്യൂസിനോട് പറഞ്ഞു .
ഹെലന് ഹൗസ് ഹോസ്പിസ്, ഇയാന്‍ റെന്നി നേഴ്സിംഗ് ടീം, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ എന്നിവരെ സഹായിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. ഇന്ന് ജൂലൈ 28 -ാം തീയതി ജർമ്മനിയിൽ നിന്ന് 800 കിലോമീറ്ററോളം അകലെ വിയന്നയിലേയ്ക്ക് എത്തിച്ചേരാനുള്ള യാത്രയ്ക്കിടെയാണ് രാജേഷ് മലയാളം യുകെ ന്യൂസിനോട് സംസാരിച്ചത്.
ചാരിറ്റിയെക്കുറിച്ച് കൂടുതലറിയാനും പിന്തുണക്കാനും ഈ ലിങ്കില്‍ സന്ദര്‍ശിക്കുക.
https://www.london2kerala.com/
സിനിമയും ഹരം
മമ്മൂട്ടി ചിത്രം പുഴു, ഭാവന ചിത്രം ന്റെ ഇക്കാക്ക് ഒരു പ്രേമമുണ്ടാര്‍ന്നു തുടങ്ങിയ മികച്ച ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയാണ് രാജേഷ്. അരുണ നായരാണ് ഭാര്യ. ലണ്ടനിലെ ഹൈ വേ കോമ്പില്‍ താമസിക്കുന്നു. ബിബിസി പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു. പത്തനംതിട്ട വാര്യാപുരം കൃഷ്ണപിള്ളയുടെയും രമാഭായിയുടേയും മകനാണ് രാജേഷ്. ദീര്‍ഘ കാലമായി കുടുംബസമേതം യുകെയില്‍ സ്ഥിരതാമസം. പല നാടുകളിലൂടെ, പലവിധ സംസ്കാരങ്ങളിലൂടെ, ഒട്ടേറെ മനുഷ്യരെ അടുത്തറിഞ്ഞുള്ള യാത്ര വലിയൊരു അനുഭവം കൂടിയാണെന്ന തിരിച്ചറിവ് രാജേഷിനുണ്ട്. ഒരു ലക്ഷ്യം കൂടി ഈ യാത്രയ്ക്ക് ഊർജം പകരുമ്പോൾ ഇത് അവിസ്മരണീയമാകുമെന്ന് ഉറപ്പ്. രാജേഷിന്റെ യാത്രാനുഭവങ്ങൾക്ക് സ്നേഹാശംസകൾ.
Leave a Reply