ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വിദേശ പന്നിയിറച്ചി ബ്രിട്ടീഷ് എന്ന വ്യാജ ലേബലിൽ സൂപ്പർമാർക്കറ്റുകളിൽ എത്തിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. വൻതോതിലാണ് മാർക്കറ്റുകളിലേയ്ക്ക് മാംസം എത്തിച്ചിരിക്കുന്നത്. അഴുകിയ പന്നിയിറച്ചിയിൽ പുതിയ മാംസം കലർത്തിയെന്ന അവകാശവാദവും ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി ഇതിനോടൊപ്പം പരിശോധിക്കുന്നുണ്ട്. യുകെയിലെ പല സൂപ്പർമാർക്കറ്റുകളിലും മാംസം എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വ്യാവസായിക തലത്തിലുള്ള വിദേശ പന്നിയിറച്ചി ബ്രിട്ടീഷുകാരുടേത് എന്ന ലേബലിൽ മാർക്കറ്റിൽ വിതരണം ചെയ്യാനാണ് ഇത്തരത്തിലുള്ള ആളുകളുടെ ശ്രമമെന്നാണ് വാർത്തകളോട് അധികൃതരുടെ പ്രതികരണം. 2020 മുതൽ വിപണിയിൽ എത്തിയ മാംസങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റെഡി മീൽസ്, ക്വിച്ചുകൾ, സാൻഡ്‌വിച്ചുകൾ എന്നിങ്ങനെയുള്ള നിരവധി ഇനങ്ങളിൽ ഇത് ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സ്‌കൂളുകൾ, ആശുപത്രികൾ, കെയർ ഹോമുകൾ, ജയിലുകൾ എന്നിങ്ങനെ വിവിധ ഇടങ്ങളിലൂടെ ഇത് വിതരണം ചെയ്യുന്നുണ്ട്.

ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി തെളിവുകൾ ശേഖരിച്ചു അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ആളുകൾക്ക് ലഭ്യമായ ഭക്ഷണങ്ങളിൽ മാംസത്തിന്റെ സാന്നിധ്യമുണ്ടോ എന്നുള്ളതിൽ വ്യക്തത കൈവന്നിട്ടില്ല. ഭക്ഷണത്തിന്റെ നിലവാരത്തിൽ എന്തെങ്കിലും കുറവുണ്ടോ എന്നുള്ളത് പരിശോധിക്കുമെന്നും ഫുഡ് സ്റ്റാൻഡേർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് എമിലി മൈൽസ് പറഞ്ഞു. റീട്ടെയിൽ വ്യവസായ ലോബി ഗ്രൂപ്പായ ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം, നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ തയാറായിട്ടില്ല.