ജോസ്ന സാബു സെബാസ്റ്റ്യൻ
ആരും ഒന്നൂടെ ഓർക്കാൻ പോലുമാഗ്രഹിക്കാത്ത, ഇന്നലെ നടന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ മനസിലാക്കി തരുന്നത് , ആ കുട്ടി തന്നെ തട്ടിക്കൊണ്ടു പോയ ആളുടെ കൂടെ പൊതു വഴിയിലൂടെ നടന്ന് പോകുമ്പോൾ കരച്ചിലോ ബഹളമോ കുതറി ഓടാൻ ശ്രമിക്കുകയോ ഒന്നും ചെയ്യാതെ നല്ല കംഫർട്ടബിൾ ആയിരുന്നുവെന്നാണ് . അതേസമയം കുട്ടിക്ക് ഒട്ടും പരിചയമില്ലാത്ത ഒരാളാണ് തന്നെ പിടിച്ചു കൊണ്ടുപോയതെങ്കിൽ കുഞ്ഞ് അത്ര ശാന്തമായി അവന്റെ കൈ പിടിച്ചു നടന്ന് പോകില്ലായിരുന്നു .
കൂടാതെ ആ കുട്ടിയേയും തട്ടിക്കൊണ്ടു പോയവനെയും കണ്ടു എന്ന് ആ പറയുന്ന മനുഷ്യനുപോലൂം ആ കുഞ്ഞിനെ കണ്ടിട്ട് അവൻ തട്ടിക്കൊണ്ടു പോയതാണെന്ന് മനസിലായില്ല, ഈ കുഞ്ഞ് ആരുടേതാണ് ചോദിച്ചപ്പോൾ എന്റേതാണെന്ന് അവൻ പറയുമ്പോഴും ആ കുഞ്ഞ് ഒന്നു കരഞ്ഞതുപോലുമില്ല എന്നത് ഏറെ അതിശയിപ്പിക്കുന്ന ഒന്ന് തന്നെയാണ് . അതിൽ നിന്നുമൊക്കെ മനസിലാക്കേണ്ടത് തട്ടികൊണ്ട് പോയ ആൾ കുട്ടിക്ക് നേരത്തെ പരിചയം ഉള്ള ഒരാളായിരിക്കണം .
WHO കണക്ക് പ്രകാരം, 10 കുട്ടികളിൽ ഒരാൾ അവരുടെ 18-ാം ജന്മദിനത്തിന് മുൻപ് ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നാണ്. ഇതിന് പുറമെ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന സംഭവങ്ങൾ വേറെയും .
ദുഃഖകരമെന്നു പറയട്ടെ, ദുരുപയോഗം ചെയ്യുന്നയാൾ സാധാരണയായി കുട്ടികൾക്ക് അറിയാവുന്നതും വിശ്വസനീയനുമായ ആളാകാനാണ് കൂടുതൽ സാധ്യത. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരിൽ 93 ശതമാനം പേർക്കും ദുരുപയോഗം ചെയ്തവനെ നേരത്തെ അറിയാം. അതിൽ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, അധ്യാപകർ, റിലീജിയസ് ഗുരുക്കൾ , കെയർടേക്കർമാർ ഇവരൊക്കെ ഉൾപ്പെടാം .
ദുരുപയോഗം ചെയ്യുന്നയാൾ എപ്പോഴും ഒരു പ്രായപൂർത്തിയായ ആളായിരിക്കണമെന്നുമില്ല അത് ചിലപ്പോൾ കുട്ടിയുടെ തന്നെ സഹോദരനോ കളിക്കൂട്ടുകാരനോ ഒക്കെ ആകാം.
ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട ഒരു കുട്ടിക്ക് പിന്നീട് പലവിധ മാനസികാരോഗ്യ പ്രശ്നങ്ങൾ, ആത്മാഭിമാനക്കുറവ്, മറ്റുള്ളവരോട് സംസാരിക്കാനുള്ള ബുദ്ധിമുട്ടുകൾ, തനിക്കൊരു വിലയുമില്ലെന്ന തോന്നൽ, പ്രണയ ബന്ധങ്ങളെക്കുറിച്ചുള്ള വികലമായ വീക്ഷണം ഇവയൊക്കെ ഉണ്ടാകുന്നു.
ഇനി നമ്മുടെ കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം.
കുട്ടിയോടൊപ്പം ചെലവഴിക്കാൻ സമയം പരമാവധി നീക്കിവയ്ക്കുക. എന്ത് പ്രശ്നത്തിനും നമ്മൾ ഉണ്ടെന്നും എന്ത് വന്നു പറഞ്ഞാലും ഒരു കുഴപ്പവുമില്ലെന്നുള്ള ആത്മവിശ്വാസം വളർത്തിയെടുക്കാൻ വളരെ ചെറുപ്പം മുതലേ കുട്ടിയെ സഹായിക്കുക.
കുട്ടിക്കാലത്തുതന്നെ, സ്വകാര്യഭാഗങ്ങൾ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളുടെ ശരിയായ പേര് പഠിപ്പിക്കുക. അത് നമ്മുടെ മാത്രം പ്രൈവറ്റ് പാർട്ട് ആണെന്നും അവിടെ വേറെ ആരെയും തൊടാൻ അനുവദിക്കരുതെന്നും പറഞ്ഞു മനസിലാക്കിപ്പിക്കുക .
തന്നെപോലെതന്നെ ഓപ്പസിറ്റ് സെക്സിന്റെയും സ്വകാര്യ ഭാഗങ്ങൾ വളരെ സെൻസിറ്റീവും പ്രൈവറ്റുമാണെന്ന് ഊന്നി പറഞ്ഞു മനസിലാക്കുക .
ഒരു മറയുമില്ലാതെ ലൈംഗിക വിഷയങ്ങൾ ചർച്ച ചെയ്യാൻ , ചോദിച്ചറിയാൻ പറ്റുന്നൊരു അന്തരീക്ഷം വീട്ടിൽ സൃഷ്ടിക്കുക.(ഒട്ടേറെ ഉദാഹരങ്ങൾ കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്കിലുണ്ട് )
പറ്റുമ്പോഴെല്ലാം കുട്ടിയുടെ നീക്കങ്ങൾ ശ്രദ്ധിക്കുകയും അവരുടെ കൂട്ടുകാരെക്കുറിച്ചും അവരുമായി അടുത്തിടപഴകുന്നവരെകുറിച്ചുമൊക്കെ ചോദിച്ചു മനസിലാക്കിയിരിക്കുക.
നിങ്ങൾക്ക് നന്നായി അറിയാത്ത വീടുകളിൽ കുട്ടിയെ ഉറങ്ങാൻ അനുവദിക്കാതിരിക്കുക.
ബേബി സിറ്ററുകൾ ഉൾപ്പെടെയുള്ള പരിചരണക്കാരെ വളരെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക.
കുട്ടിയോട് അസാധാരണമായ താൽപ്പര്യം പ്രകടിപ്പിക്കുന്ന, പ്രത്യേക സമ്മാനങ്ങൾ/കളിപ്പാട്ടങ്ങൾ മേടിച്ചു കൊടുക്കുന്ന , അല്ലെങ്കിൽ പ്രത്യേക വിനോദയാത്രകളോ പാർട്ടികളോ ഒക്കെ വാഗ്ദാനം ചെയ്യുന്ന മുതിർന്നവരോട് ജാഗ്രത പാലിക്കുക.
കുട്ടിയുടെ ചെറിയൊരു മാറ്റങ്ങൾ അത് എത്ര ചെറുതാണെങ്കിൽ പോലും മനസിലാക്കുക…
മാതാപിതാക്കളെന്ന നിലയിൽ, നമ്മുടെ കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്. അവർ ഒരു ബാല്യം അർഹിക്കുന്നു , അത് സംരക്ഷിക്കാൻ ഒരു ഭരണകൂടത്തെയും നിയമാവലികളെയും നോക്കിയിരിക്കാതെ നമ്മുടെ കഴിവിന്റെ പരമാവധി നമ്മളും കൂടെ ശ്രമിക്കേണ്ടതുണ്ട് …
ജോസ്ന സാബു സെബാസ്റ്റിന്റ് കുട്ടികൾക്ക് നൽക്കാം ലൈംഗിക വിദ്യാഭ്യാസം എന്ന ബുക്കിന്റ് പ്രസക്തി ഇതുപോലെ സംഭവങ്ങൾ നടക്കുംമ്പോൾ ആവർത്തിച്ച് ഉറപ്പിക്കുകയാണ് ലൈംഗിക വിദ്യഭ്യാസം സ്കൂൾ വിദ്യഭ്യാസത്തിനൊപ്പം നൽകാൻ ഗവൺമെന്റ് കൾക്ക് ആർജവം ഉണ്ടാകട്ടെ എന്ന് പ്രെത്യാശിക്കുന്നു.