മാത്യൂ ചെമ്പുകണ്ടത്തിൽ
അരനൂറ്റാണ്ടിലേറെക്കാലം കേരള രാഷട്രീയത്തിൽ നിറഞ്ഞുനിന്ന കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം അദ്ദേഹത്തിന്‍റെ ഇടവകയായ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയ സെമിത്തേരിയിലെ പുഷ്പാലംകൃതമായ കല്ലറയിൽ നിത്യവിശ്രമത്തിലാണ്. അദ്ദേഹത്തിന്‍റെ ശവകുടീരത്തിലേക്ക് വിദൂരങ്ങളില്‍നിന്നുപോലും സന്ദര്‍ശകരെത്തി ആദരാഞ്ജലികളര്‍പ്പിക്കുന്ന വാർത്തകളാണ് ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
സാധാരണ രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തനായി തികച്ചും സാത്വികനായ ഒരു രാഷ്ട്രീയക്കാരനായിരുന്നു ഉമ്മന്‍ ചാണ്ടി. എന്നാൽ ഈ യാഥാർത്ഥ്യം വളരെ വൈകിയാണ് കേരളജനത മനസ്സിലാക്കിയത്. അപ്പോഴേക്കും അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയെ ഏറെ ആക്ഷേപിച്ച എതിരാളികളും അദ്ദേഹത്തിനെതിരേ പരിഹാസവും അവഹേളനവും പ്രചരിപ്പിച്ച മാധ്യമങ്ങളും ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിസ്തുതികളുടെ പ്രചാരകരായി മാറുന്നതാണ് നാം കാണുന്നത്.
ജപ്പാനിലെ ബുദ്ധമത സമൂഹത്തില്‍ ഏറെ സ്വാധീനശക്തിയുണ്ടായിരുന്ന ആത്മീയ ഗുരുവും സന്യാസിയുമായിരുന്ന ഹാക്കുയിനെപ്പറ്റിയുള്ള (Hakuin Ekaku) ഒരു കഥയാണ് ഉമ്മൻ ചാണ്ടിയുടെ അപദാനങ്ങൾ ഓരോരുത്തരും വാഴ്ത്തിപ്പാടുമ്പോൾ ഓര്‍മ്മ വരുന്നത്. ആ കഥ ഇപ്രകാരമാണ്:
ധനികനായ ഒരു പൗരപ്രമുഖന്‍റെ മകള്‍ക്ക് അവിഹിതബന്ധത്തില്‍ ഒരു കുഞ്ഞുണ്ടായി. കുഞ്ഞിന്‍റെ പിതൃത്വം അവൾ ഗുരുവായ ഹാക്കുയിനില്‍ ആരോപിച്ചു. ഇതറിഞ്ഞ് ജനങ്ങള്‍ ഇളകി മറിഞ്ഞു. അവര്‍ ആക്രോശത്തോടെ ഗുരുവിന്‍റെ അടുക്കലെത്തി ആരോപണങ്ങൾ ഉന്നയിച്ചു. ഇതറിഞ്ഞ ഹാക്കുയിന്‍ ജനക്കൂട്ടത്തോട് ആകെ ചോദിച്ചത് ”അങ്ങനെയോ” എന്നു മാത്രമായിരുന്നു.
അനുദിന ആത്മീയ ജീവിതചര്യകളും ധ്യാനവുമെല്ലാം ഉപേക്ഷിച്ച് കുഞ്ഞിനെ പോറ്റുന്നതിനായി പിറ്റേന്നുമുതല്‍ ഹാക്കുയിൻ്റെ ദിനചര്യകൾ മാറി. അദ്ദേഹം വിറകുവെട്ടാന്‍ വനത്തിൽ പോയി. ഒരു അച്ഛനിണങ്ങിയ മനസ്സോടെ കുഞ്ഞിനെ പോറ്റുവാന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്തു. ഗ്രാമീണര്‍ എന്നും അദ്ദേഹത്തെ നിന്ദിച്ചുകൊണ്ടേയിരുന്നു.
അഞ്ചാറു കൊല്ലം കഴിഞ്ഞപ്പോൾ കുറ്റബോധം സഹിക്കവയ്യാതെ പെണ്‍കുട്ടി ഗ്രാമീണരോടു സത്യം വെളിപ്പെടുത്തി, ഗുരുവല്ല, ഒരു വ്യാപാരിയുടെ മകനാണ് തന്‍റെ കുഞ്ഞിന്‍റെ അച്ഛനെന്ന്!
ദുഃഖഭാരത്തോടെ ഗ്രാമവാസികള്‍ ഒന്നടങ്കം ഗുരുവിന്‍റെ അടുക്കലെത്തി അദ്ദേഹത്തോടു മാപ്പുപറഞ്ഞു. അപ്പോഴും ഗുരുവിന്‍റെ മറുപടി ”അങ്ങനെയോ” എന്നു മാത്രമായിരുന്നു. പിറ്റേന്നു മുതൽ മഴു മാറ്റിവച്ച് അദ്ദേഹം തന്‍റെ ധ്യാനം പുനഃരാരംഭിച്ചു. (കടപ്പാട്: രമണീയം ഈ ജീവിതം, റവ ഫാ ബോബി കട്ടിക്കാട്)
മഹാത്മാക്കൾ ദുരാരോപണങ്ങള്‍ക്ക് വിധേയരാകുമ്പോൾ, അവരുടെ സഹനത്തിന്‍റെ വേളകളിൽ വച്ചുപുലര്‍ത്തുന്ന നിശ്ശബ്ദതയാണ് അവരുടെ മഹത്ത്വം വര്‍ദ്ധിപ്പിക്കുന്നത്. കുരിശിൻ്റെ വഴിയിൽ സഞ്ചരിക്കുമ്പോൾ “കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ അവൻ നിശ്ശബ്ദനായിരുന്നു” എന്നാണ് തിരുവചനം സാക്ഷ്യപ്പെടുത്തുന്നത്. ക്രിസ്തുവിൻ്റെ ആത്മാവിനാൽ നയിക്കപ്പെടുന്നവരിലും ഈ സവിശേഷത കാണാൻ കഴിയും. ഈ അര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി മഹാനായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഓരോ പൊതുസേവകൻ്റെ മുന്നിലും ഉമ്മന്‍ചാണ്ടി എന്ന പൊതുപ്രവര്‍ത്തകന്‍ ഒരു മഹാപര്‍വ്വതംതന്നെയാണ്. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെയെല്ലാം നിശ്ശബ്ദനായി അദ്ദേഹം നേരിട്ടു. പ്രതികാരവാഞ്ഛയോടെ എതിരാളികളെ വെട്ടിനുറുക്കുന്ന കേരള രാഷ്ട്രീയ സംസ്കാരത്തിന് ബദലായി സഹനത്തിന്‍റെ മഹത്വം തൻ്റെ ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടാണ് മഹാനായ ഉമ്മന്‍ചാണ്ടി കടന്നുപോയത്. അദ്ദേഹത്തിൻ്റെ എതിരാളികൾ ഇപ്പോൾ നിശ്ശബ്ദരാണ്; ജനഹൃദയങ്ങളില്‍ ഇന്നദ്ദേഹം ഒരു മഹാത്മാവായി ആദരിക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ അന്ത്യവിശ്രമസ്ഥാനിലേക്ക് ദിവസേനെ മെഴുതിരികളും പൂക്കളുമായെത്തുന്നവർ ഏറ്റുപറയുന്നത് ഈ യാഥാർത്ഥ്യമാണ്.
ഉമ്മന്‍ ചാണ്ടിയും വിശുദ്ധപദവിയും
കേരളം കണ്ട മഹാനായ രാഷ്ട്രീയ നേതാവ് എന്ന പേരിലാണ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലേക്ക് ആദ്യമൊക്കെ ജനങ്ങള്‍ എത്തിച്ചേര്‍ന്നതെങ്കിലും ക്രമേണ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പശ്ചാത്തലം അപ്രസക്തമാകുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇപ്പോള്‍ ഈ കല്ലറയില്‍ അന്ത്യവിശ്രമംകൊള്ളുന്ന വ്യക്തിക്ക് അമാനുഷികമായ ശക്തിവിശേഷം കൈവന്നതായി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. അത്ഭുതസിദ്ധികളുള്ള ഒരു മൂർത്തിയായി ഉമ്മന്‍ ചാണ്ടി വാഴ്ത്തപ്പെടുന്നു. അദ്ദേഹത്തിന്‍റെ മധ്യസ്ഥതയിലൂടെ അത്ഭുതങ്ങള്‍ സംഭവിച്ചുവെന്ന പ്രചാരണം സമൂഹത്തിൽ ശക്തമാകുന്നു. അദ്ദേഹത്തിന്‍റെ ശവകുടീരത്തിൽ മെഴുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കാനുമാണ് ഇപ്പോൾ ജനങ്ങള്‍ എത്തിച്ചേരുന്നത്.
ഉമ്മന്‍ ചാണ്ടിയെ ക്രൈസ്തവസഭ ഒരു വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമാണ്. ചില മാധ്യമങ്ങളും ഏതാനും രാഷ്ട്രീയക്കാരും ഉമ്മൻ ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്നു പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നു.
വിശുദ്ധ പദവിയും സുറിയാനിസഭയുടെ നിലപാടും
ഉമ്മന്‍ ചാണ്ടി അംഗമായിരുന്ന സുറിയാനി ഓര്‍ത്തഡോക്സ് സഭയില്‍ വിശുദ്ധനായി ഒരുവ്യക്തി പരിഗണിക്കപ്പെടണമെങ്കില്‍ അതിന് നിരവധി മാനദണ്ഡങ്ങളുണ്ടെന്നാണ് മണര്‍കാട് യാക്കോബായ കത്തീഡ്രല്‍ വികാരി റവ ഫാ. മാത്യൂ മണവത്ത് പറയുന്നത്. സാധാരണ ഭൗതികജീവിതം നയിക്കുന്ന പുരോഹിതന്മാര്‍ക്കും വിശ്വാസികള്‍ക്കും അപ്രാപ്യമായ കാര്യമാണിതെന്ന് റവ മണവത്ത് തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
“സാധാരണ ഭൗതികജീവിതം നയിക്കുന്ന പുരോഹിതന്മാര്‍ക്കും വിശ്വാസികള്‍ക്കും അപ്രാപ്യമായ കാര്യമാണത്. അതിനാല്‍ സാധാരണക്കാരെ ആരെയും വിശുദ്ധഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നല്ല മനുഷ്യനായതുകൊണ്ടോ ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തതുകൊണ്ടോ കല്ലറയ്ക്കല്‍ ജനസഹസ്രങ്ങള്‍ എത്തി തിരികത്തിച്ചതുകൊണ്ടോ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുവെന്ന് ചിലര്‍ അവകാശപ്പെടുന്നതു കൊണ്ടോ ഒരു വ്യക്തി വിശുദ്ധനായി പരിഗണിക്കപ്പെടുകയില്ല. ആഴമായ പ്രാര്‍ത്ഥനാജീവിതം, വ്രതവിശുദ്ധി, ഉപവാസം, ദൈവശാസ്ത്രപരമായ അറിവ്, ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രകൃത്യാതീതമായ വരങ്ങള്‍, ആഴമേറിയ ക്ഷമ, സഹനം, സ്നേഹം എന്നിവ പ്രദര്‍ശിപ്പിച്ച്, വിശ്വാസതീക്ഷ്ണതയില്‍ ജ്വലിച്ച് ജീവിച്ചു മരിച്ചവരാണ് സുറിയാനി സഭയില്‍ വിശുദ്ധന്‍ എന്നറിയപ്പെടുന്നത്” ഫാ. മാത്യൂ മണവത്ത് പറയുന്നു.
“സിറിയന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ഭാരതത്തില്‍ എടുത്തുപറയാന്‍ രണ്ട് വിശുദ്ധരാണ് കഴിഞ്ഞ രണ്ടായിരം കൊല്ലത്തെ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളത്. യല്‍ദോ മാര്‍ ബസേലിയോസ് ബാവായും പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയും. ലൗകികജീവിതം ഉപേക്ഷിച്ചു പാപസാഹചര്യങ്ങളെ എതിര്‍ത്തു തോല്പിച്ചവരും പ്രാര്‍ത്ഥനയും ഉപവാസവും ജീവിതവൃതമാക്കിയവരുമായിരുന്നു ഈ സന്യാസീവര്യന്മാര്‍” ഫാ. മാത്യൂ മണവത്ത് വ്യക്തമാക്കുന്നു.
മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ചതിക്കുഴികൾ സഭ തിരിച്ചറിയണം
മാധ്യമങ്ങളുടെയോ രാഷ്ട്രീയക്കാരുടെയോ ആരവാരങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നവരല്ല ക്രൈസ്തവസഭയിലെ വിശുദ്ധര്‍. ഈ വസ്തുത തിരിച്ചറിയാതെയാണ് പലരും ഉമ്മന്‍ ചാണ്ടിയെ വിശുദ്ധനാക്കണമെന്നു പറയുന്നത്. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ പൈശാചികമായ ആവേശത്തോടെയാണ് കേരളത്തിലെ എല്ലാ മാധ്യമങ്ങളും വേട്ടയാടിയത്. അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന പലരും ജോബിൻ്റെ പുസ്തകത്തിൽ വായിക്കുന്ന (Book of Job) “വേദനിപ്പിക്കുന്ന ആശ്വാസദായകന്മാരായി” (miserable comforters) ആരോപണശരങ്ങൾക്കു മൂർച്ചകൂട്ടിക്കൊണ്ടിരുന്നു. അന്വേഷണങ്ങളുടെയെല്ലാം ഒടുവിൽ അദ്ദേഹം നിരപരാധിയായിരുന്നു എന്നു തെളിഞ്ഞപ്പോള്‍ അദ്ദേഹത്തോടു ക്ഷമചോദിക്കാനുള്ള യാതൊരു മാന്യതയും കാണിക്കാത്ത മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഇപ്പോള്‍ അദ്ദേഹത്തെ വിശുദ്ധനാക്കണമെന്ന് ആവശ്യപ്പെടുന്നു! ഇത് വെറും കാപട്യമാണ്. അവരുടെ നിലനില്‍പ്പിനും വയറ്റിപ്പിഴപ്പിനും വേണ്ടിയുള്ള തന്ത്രങ്ങള്‍ മാത്രമാണിതൊക്കെ.
ക്രൈസ്തവസഭയുടെ പ്രബോധനങ്ങള്‍ക്കും പാരമ്പര്യമായി അനുവര്‍ത്തിച്ചുപോരുന്ന കീഴ്-വഴക്കങ്ങള്‍ക്കും കടകവിരുദ്ധമായി മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന പുത്തന്‍പ്രവണതകളിൽ സഭ സ്വാധീനിക്കപ്പെടുന്നുണ്ടോ എന്ന് സഭാനേതൃത്വങ്ങള്‍ പരിശോധിക്കണം. ഈ ചതിക്കുഴിയില്‍ ക്രൈസ്തവസഭ വീഴരുത്. അത്തരം ദുഷ്പ്രവണതകളില്‍നിന്ന് സഭയെയും വിശ്വാസികളെയും സംരക്ഷിക്കാനുള്ള ബാധ്യത ഉമ്മന്‍ ചാണ്ടിയെ സ്നേഹിക്കുന്നവർക്കും അദ്ദേഹം അംഗമായിരുന്ന ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തിനുണ്ട് എന്ന വസ്തുത മറക്കരുത്.
ഉമ്മന്‍ ചാണ്ടിയെന്ന പൊതുപ്രവര്‍ത്തകന്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും നന്മകളും കേരളരാഷ്ട്രീയത്തില്‍ എന്നെന്നും നിലനില്‍ക്കേണ്ടതുണ്ട്. പൊതുപ്രവര്‍ത്തനത്തെ സ്വന്തം കീശവീര്‍പ്പിക്കാനുള്ള മാര്‍ഗ്ഗമായി കാണുന്ന ലോകത്തില്‍ ഗാന്ധിയന്‍ ശൈലിയിലുള്ള ലളിതജീവിതം ഇന്നും സാധ്യമാണെന്ന് അദ്ദേഹം തെളിയിച്ചു. ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായി ജീവിക്കുന്ന വ്യക്തി, താൻ കടന്നുപോകുന്ന തീച്ചൂളയുടെ ദിനങ്ങളില്‍ കൂത്തുസൂക്ഷിക്കേണ്ട സഹനസന്നദ്ധതയും പ്രതികരണരീതിയും എപ്രകാരമായിരിക്കണമെന്നും ഉമ്മന്‍ ചാണ്ടി കേരളസമൂഹത്തില്‍ വ്യക്തമായി അവതരിപ്പിച്ചു. ഈ മഹനീയ വ്യക്തിത്വം കേരളത്തിലെ സകലവിഭാഗം മനുഷ്യരുടെയും ഊര്‍ജ്ജവും പ്രചോദനവുമാണ്; മലയാളികളുടെ പൊതുസ്വത്താണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തെ ഏതെങ്കിലുമൊരു മതത്തിന്‍റെ ഭാഗമായി അവതരിപ്പിക്കുന്നതും അതിലെ ദൈവശാസ്ത്രപ്രബോധനങ്ങളും നിര്‍വ്വചനങ്ങളും നല്‍കുന്ന തലക്കെട്ടുകളില്‍ ബന്ധിച്ചിടുന്നതും കേരളത്തിലെ മതേതരസമൂഹത്തോടു ചെയ്യുന്ന പാതകമായിരിക്കും.
ജാതിമത രാഷ്ട്രീയ ഭേദമന്യേ മനുഷ്യനോടുള്ള സ്നേഹത്തില്‍ ജ്വലിച്ചുപ്രകാശിച്ച മഹാത്മാവായ ഉമ്മന്‍ചാണ്ടി സകല ജനങ്ങൾക്കും പ്രകാശമായി എക്കാലത്തും നിലനില്‍ക്കണം. ഇഹലോകവാസത്തിനൊടുവില്‍ അദ്ദേഹത്തിന് അമാനുഷിക സിദ്ധികള്‍ കൈവന്നുവെന്ന കുപ്രചാരണങ്ങളുണ്ടാകുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടത് സുബോധമുള്ള സകല മലയാളികളുടെയും കടമയാണ്. ഇതില്‍ ഏറെ ഉത്തരവാദിത്വമുള്ളത് ഉമ്മന്‍ ചാണ്ടി അംഗമായിരുന്ന പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ചര്‍ച്ചിനും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കുമാണെന്ന് ആവർത്തിച്ചു പറയട്ടെ. രാഷ്ട്രീയക്കാരുടെ മുതലെടുപ്പിനും മാധ്യമങ്ങളുടെ കുപ്രചാരണത്തിനും സഭയെയും സഭയുടെ വിശുദ്ധപാരമ്പര്യങ്ങളെയും വേദിയാക്കരുതേയെന്നു സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന ഓരോ വ്യക്തിക്കും അദ്ദേഹത്തിനു നൽകാവുന്ന ഏറ്റവും വലിയ ആദരവ്, അദ്ദേഹം പിൻപറ്റിയ ജീവിതമൂല്യങ്ങളെ മുറുകെപ്പിടിച്ചു ജീവിതയാത്ര തുടരുക എന്നതാണ്.
Leave a Reply