ലണ്ടൻ : കൊച്ചിയിൽ സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയും വീസ കാലാവധി തീർന്നതിനാൽ പ്രതിസന്ധിയിലാവുകയും ചെയ്ത യുകെ വനിതയ്ക്ക് സഹായവുമായി സുരേഷ് ഗോപി. ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേയിൽ താമസിക്കുന്ന യുകെ സ്വദേശി പെനിലോപ് കോയ്ക്കാണു (75) 60,000ത്തോളം രൂപ സാമ്പത്തിക സഹായമായി നടൻ നൽകിയത്. ടൂറിസ്റ്റ് വീസ പുതുക്കാനായി രാജ്യത്തിനു പുറത്തു പോയി വരാനുള്ള വിമാന ടിക്കറ്റുകളുടെ തുക, വീസ ലംഘിച്ചു കഴിഞ്ഞതിനുള്ള പിഴതുക എന്നിവ ഉൾപ്പെടെയുള്ള ചിലവുകൾക്കായി പ്രൊഡക്‌ഷൻ കൺട്രോളർ ഡിക്സൺ പൊടുതാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഖിൽ എന്നിവരാണ് തുക കൈമാറിയത്.
2007 മുതൽ പലപ്പോഴായി കൊച്ചി സന്ദർശിക്കുകയും തെരുവു നായ്ക്കൾക്ക് അഭയകേന്ദ്രമൊരുക്കാൻ ‘മാഡ് ഡോഗ് ട്രസ്റ്റ്’ എന്ന സംഘടന രൂപീകരിക്കുകയും ചെയ്ത പെനിലോപ് കോയുടെ ജീവിതാവസ്ഥ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഭർത്താവിനൊപ്പം 2007ലാണു പെനിലോപ് കൊച്ചിയിൽ എത്തിയത്. പിന്നീട് പല തവണ വന്നു. 2011ലാണ് സ്വന്തം പണം ഉപയോഗിച്ച് തെരുവ് നായ്ക്കൾക്കായി കേന്ദ്രമൊരുക്കിയത്.
ബ്രിട്ടനിലെ വീടു വിറ്റു ലഭിച്ച എട്ടുകോടിയോളം രൂപ കൊച്ചിയിലുള്ള സഹായിയുടെ സുഹൃത്ത് വിശ്വാസമാർജിച്ച് പല തവണയായി തട്ടിയെടുത്തു. പ്രതിമാസം നിശ്ചിത തുക വാഗ്ദാനം ചെയ്തതോടെ ഏഴരക്കോടി രൂപ പെനിലോപ് അക്കൗണ്ട് വഴി ഇയാൾക്കു കൈമാറി. ഇതിനിടയിൽ നിയമവിരുദ്ധ പണമിടപാട് ആരോപിച്ചു പെനിലോപിന്റെ അക്കൗണ്ട് മരവിപ്പിച്ചു. പണം കടം വാങ്ങിയയാൾ 8 വർഷമായി തന്നെ കബളിപ്പിക്കുകയാണെന്നാണു പെനിലോപ് കമ്മിഷണർക്കു നൽകിയ പരാതിയിൽ പറയുന്നു. കടം വാങ്ങിയാണ് താമസം. ഭക്ഷണം പോലും കഴിക്കാൻ പണമില്ലെന്നും പെനിലോപ് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് സഹായവുമായി സുരേഷ് ഗോപി എത്തിയത്.
Leave a Reply