ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- റോബിക്കും ലോഗനും തങ്ങളുടെ അമ്മ ഷെല്ലിയെ നഷ്ടമായത് ഈ വർഷം മാർച്ച് 24 -നാണ്. എന്നാൽ ഇപ്പോൾ നാലു മാസങ്ങൾക്ക് ശേഷം ഇവരുടെ അച്ഛനായ മൈക്കിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് തുടർന്ന് ഈ കുരുന്നുകൾ അനാഥരായി തീർന്നിരിക്കുകയാണ്. ജൂലൈ 27 -ന് തങ്ങളുടെ സുഹൃത്തിന്റെ വീട്ടിൽ രാത്രി കിടന്നതിനു ശേഷം തിരിച്ചെത്തിയ സഹോദരങ്ങൾ പിതാവ് കട്ടിലിൽ നിന്ന് എഴുന്നേൽക്കാത്തതിനെ തുടർന്ന് മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. റോബിയെയും ലോഗനെയും ഇപ്പോൾ പരിപാലിക്കുന്നത് അവരുടെ 19 വയസ്സുള്ള കസിൻ കെയ്റ്റ്ലിനാണ്.
മൈക്കിന്റെ മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. മൈക്കിന്റെയും ഷെല്ലിയുടെയും വിവാഹ വാർഷികത്തിന് തലേ ദിവസമാണ് മൈക്ക് മരണപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ സഹോദരി ലിസ് കാർനി വ്യക്തമാക്കി. കെയ്റ്റ്ലിൻ തന്നെ വിളിച്ച് അറിയിച്ചപ്പോഴാണ് മൈക്ക് മരണപ്പെട്ട വിവരം താൻ അറിയുന്നതെന്ന് ലിസ് പറഞ്ഞു. വിവാഹ വാർഷികത്തിന് ഇരുവർക്കും വേണ്ടി ആഘോഷങ്ങൾ നടത്തുവാനുള്ള വിശദാംശങ്ങൾ പറയുവാൻ ആയിരിക്കും കെയ്റ്റ്ലിൻ തന്നെ വിളിച്ചതെന്നാണ് താൻ കരുതിയതെന്നും അവർ പറഞ്ഞു.
മരണപ്പെട്ടതിന്റെ തലേ ദിവസവും സഹോദരനുമായി സംസാരിച്ചിരുന്നുവെന്നും, അന്നേരം അദ്ദേഹം ഫുട്ബോൾ കളിക്കുകയായിരുന്നുവെന്നും സഹോദരി പറഞ്ഞു. ലിവർപൂൾ എഫ്സിയുടെ വലിയ ആരാധകനായിരുന്ന തന്റെ സഹോദരൻ തന്റെ കുടുംബത്തോട് വളരെയധികം സമയം ചെലവഴിച്ചിരുന്നുവെന്നും സഹോദരി ഓർക്കുന്നു. മൈക്ക് പൂർണ്ണ യോഗ്യതയുള്ള ഒരു ഡ്രൈവിംഗ് ഇൻസ്ട്രക്ടർ കൂടിയായിരുന്നു. സെപ്തംബർ 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കാർമൽ റോഡിലെ ഡാർലിംഗ്ടൺ ശ്മശാനത്തിൽ നടക്കുന്ന മൈക്കിന്റെ സംസ്കാരത്തിന്റെ വിശദാംശങ്ങൾ കുടുംബം പുറത്തു വിട്ടിട്ടുണ്ട്.
Leave a Reply