സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനിൽ ജോലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന നഴ്സുമാരുടെ എണ്ണത്തിൽ വർദ്ധനവ്. പലരും ജോലി ഉപേക്ഷിച്ചുപോകാൻ താല്പര്യം പ്രകടിപ്പിച്ചത് ബ്രിട്ടീഷ് സർക്കാരിനെയും ആരോഗ്യവിദഗ്ധരെയും ഞെട്ടിച്ചിരിക്കുകയാണ്. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് നഴ്സിംഗ് ഹോമിലും മറ്റും അന്തേവാസികളായി കഴിഞ്ഞ നിരവധി വൃദ്ധർ മരണമടഞ്ഞത് ആരോഗ്യ രംഗത്തെ തൊഴിലവസരങ്ങളിൽ കുറവുണ്ടാക്കിയെങ്കിലും നഴ്സുമാരുടെ കൊഴിഞ്ഞുപോക്ക് ആരോഗ്യരംഗത്ത് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിലാണ് നഴ്സുമാർക്ക് ശമ്പളവർദ്ധനവ് നൽകി അവരെ ജോലിയിൽ പിടിച്ചുനിർത്തണമെന്ന ആവശ്യം ശക്തമാകുന്നത്. റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് (ആർ‌സി‌എൻ) നടത്തിയ സർവേയിൽ 41,798 നഴ്‌സിംഗ് സ്റ്റാഫുകളിൽ മുക്കാൽ ഭാഗവും വേതനം വർധിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. 36 ശതമാനത്തോളം പേർ തങ്ങളുടെ ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പറഞ്ഞു. സർവേയിൽ പങ്കെടുത്ത 10 പേരിൽ ആറുപേരും ശമ്പളം ഒരു പ്രധാന ഘടകമായി കണക്കാക്കുന്നു. മാനേജ്മെന്റിന്റെ പിന്തുണയുടെ അഭാവം, പകർച്ചവ്യാധി എന്നിവയെല്ലാം അവരെ വല്ലാതെ അലട്ടുന്നുണ്ട്.

കോവിഡ് വ്യാപനം നഴ്സുമാരുടെ ജീവിതത്തെ മാറ്റിമറിച്ചുവെന്നും അതാണ് സർവേയിൽ വെളിപ്പെട്ടുവന്നതെന്നും ആർ‌സി‌എൻ‌ ചീഫ് എക്‌സിക്യൂട്ടീവ് ഡെം ഡോന്ന കിന്നർ പറഞ്ഞു. നിലവിലുള്ള പിരിമുറുക്കങ്ങൾ പകർച്ചവ്യാധി മൂലം വർദ്ധിച്ചുവെന്ന് അവർ അഭിപ്രായപ്പെട്ടു. “ഞങ്ങളുടെ പക്കലുള്ള നഴ്സിംഗ് സ്റ്റാഫുകളെ നിലനിർത്തുന്നതിനും തൊഴിൽ മേഖലയിലേക്ക് പ്രവേശനം വർദ്ധിപ്പിക്കുന്നതിനും സർക്കാർ ഉചിതമായ നടപടികൾ കൈക്കൊള്ളണം.” കിന്നർ കൂട്ടിച്ചേർത്തു. സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും രജിസ്റ്റർ ചെയ്ത നഴ്‌സുമാരോ ഹെൽത്ത്‌ വിസിറ്റേഴ്‌സോ ആയിരുന്നു.

പകർച്ചവ്യാധി സമയത്ത് നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും വലിയ വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെന്ന് യൂണിസൺ ഹെഡ് സാറാ ഗോർട്ടൺ പറഞ്ഞു. “അതിനാൽ തന്നെ അവരുടെ ശ്രമങ്ങളെ സർക്കാർ തിരിച്ചറിയുകയും പരിചയസമ്പന്നരായ നഴ്‌സുമാരെ മുറുകെ പിടിക്കാൻ ആവശ്യമായ സഹായം ചെയ്യേണ്ടതും ഇപ്പോൾ വളരെ പ്രധാനമാണ്.” സാറ അഭിപ്രായപ്പെട്ടു. എൻഎച്ച്എസിന് പിന്തുണയെന്നോണം 50,000 നഴ്സുമാരുടെ നിയമിക്കാൻ സർക്കാർ ഒരുങ്ങുന്നുണ്ടെന്ന് ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പിന്റെ വക്താവ് പറഞ്ഞു. ശമ്പള വർദ്ധനവ് സംബന്ധിച്ച ശുപാർശകൾ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.