ബോണ്‍മൂത്ത്: യുകെ മലയാളികള്‍ക്ക് കലാവിസ്മയത്തിന്റെ ആവേശരാവൊരുക്കി നീലാംബരി സീസണ്‍ 3. വിവിധ ഘട്ടങ്ങളിലായി നടന്ന സ്‌ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട പുതുമുഖ ഗായകരും യുകെയിലെ പ്രശസ്ത കലാകാരന്മാരും അണിനിരന്ന നീലാംബരി വന്‍ജനപങ്കാളിത്തംകൊണ്ടും ഏറെ ശ്രദ്ധേയമായി.ഫേണ്‍ഡൗണിലെ ബാരിംഗ്ടണ്‍ തീയറ്ററില്‍ 2.30ന് ആരംഭിച്ച പരിപാടിയില്‍ യുകെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അമ്പതോളം കലാകാരന്മാരാണ് പങ്കെടുത്തത്.

ചലച്ചിത്ര പിന്നണിഗാന രംഗത്തെ അതികായന്മാര്‍ക്കുള്ള ശ്രദ്ധാഞ്ജലിയോടെയായിരുന്നു തുടക്കം. തുടര്‍ന്ന് ജനപ്രിയ ഗാനങ്ങളും എവര്‍ഗ്രീന്‍ ഹിറ്റ്‌സും അടക്കം വിവിധ ഭാഷകളിലുള്ള ചലച്ചിത്രഗാനങ്ങളിലൂടെ ഗായകര്‍ നീലാംബരി വേദി സംഗീതസാന്ദ്രമാക്കി. ചലച്ചിത്രഗാനങ്ങള്‍ക്കു പുറമേ വിവിധ ഭാഷകളിലുള്ള നാടന്‍പാട്ടുകളും ശ്രോതാക്കളുടെ കൈയ്യടി നേടി.സിനിമാറ്റിക്, തീംബേസ്ഡ്, ക്ലാസിക് അടക്കമുള്ള വിവിധ നൃത്ത രൂപങ്ങളും നീലാംബരിക്ക് മാറ്റുകൂട്ടി.

ദൃശ്യം സിനിമയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്‌കിറ്റും വേദിയില്‍ അരങ്ങേറി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ കുരുന്നു പ്രതിഭ ആദില്‍ ഹുസൈന്‍ ആണ് നീലാംബരി സീസണ്‍ 3 ഉദ്ഘാടനം ചെയ്തത്. സ്റ്റീഫന്‍ ഇടിക്കുള, സംഗീത് രഞ്ചന്‍ എന്നിവര്‍ വിശിഷ്ടാതികളായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി കൂടുതല്‍ നിലവാരമുള്ള പരിപാടികള്‍ ഉള്‍പ്പെടുത്താനായതും കൂടുതല്‍ കുരുന്നു പ്രതിഭകള്‍ക്ക് അവസരം നൽകാനായായതും നേട്ടമായി കണക്കാക്കുന്നതായി നീലാംബരിയുടെ അമരക്കാരനായ മനോജ് മാത്രാടന്‍ പറഞ്ഞു. നീലാംബരി സീസണ്‍ ഫോറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്കായുള്ള ഓഡിഷന്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.