ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- മുൻ സ്റ്റാഫ് അംഗത്തോടുള്ള ലൈംഗിക അതിക്രമത്തിനും മോശമായ പെരുമാറ്റത്തിലും ആരോപിതനായ ടോറി എംപി പീറ്റർ ബോൺ കുറ്റക്കാരനെന്ന് പാർലമെന്ററി പെരുമാറ്റ നിരീക്ഷണ കമ്മറ്റി കണ്ടെത്തിയതിനെത്തുടർന്ന്, എംപിക്ക് ആറ് ആഴ്ചത്തേക്ക് സസ്പെൻഷൻ നൽകുവാൻ കമ്മിറ്റി ശുപാർശ ചെയ്തിരിക്കുകയാണ്. 10 വർഷം മുൻപ് നടന്ന അതിക്രമത്തെക്കുറിച്ച് മുൻ സ്റ്റാഫ് അംഗം നൽകിയ പരാതിയിന്മേലായിരുന്നു കമ്മറ്റിയുടെ അന്വേഷണം. എന്നാൽ സസ്പെൻഷൻ അംഗീകരിക്കുന്നതിന് ഹൗസ് ഓഫ് കോമൺസിൽ വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്. ബോണിന്റെ വെല്ലിംഗ്ബറോ സീറ്റിൽ ഉപതിരഞ്ഞെടുപ്പിന് കാരണമായേക്കാവുന്ന ഒരു തിരിച്ചുവിളി ഹർജിക്ക് ഇത് കാരണമാകുമെന്നും സൂചനകളുണ്ട്. എംപിക്ക് എതിരായ അഞ്ച് ഭീഷണിപ്പെടുത്തൽ ആരോപണങ്ങളും, ഒരു ലൈംഗിക ദുരുപയോഗ ആരോപണവും സ്റ്റാൻഡേർഡ് പാർലമെന്ററി കമ്മീഷണർ അംഗീകരിച്ചു . പീറ്റർ ബോണിന് ശുപാർശ ചെയ്ത ആറാഴ്ചത്തെ സസ്പെൻഷൻ പാർലമെന്റ് അംഗീകരിച്ചാൽ ഒരു തിരിച്ചുവിളിക്കലിന് കാരണമാകും. പാർലമെന്ററി കമ്മിറ്റിയുടെ കണ്ടെത്തലിൽ തനിക്ക് ആശ്വാസവും സന്തോഷവും ഉണ്ടെന്ന് പരാതിക്കാരൻ ബിബിസി ന്യൂസിനോട് പറഞ്ഞു. തനിക്ക് ഉണ്ടായ ദുരനുഭവം ഇന്നും തന്റെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും പരാതിക്കാരൻ വ്യക്തമാക്കി. എന്നാൽ അടിത്തറയില്ലാത്ത ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് പീറ്റർ ബോൺ പ്രതികരിച്ചു.
സ്റ്റാഫ് അംഗത്തോടൊപ്പമുള്ള വിദേശയാത്രയ്ക്കിടെ എംപി മോശമായ രീതിയിൽ പെരുമാറുകയും വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും സ്റ്റാഫിനെ തരംതാഴ്ത്തുകയും ചെയ്തതായും പരാതിയിൽ ഉൾപ്പെടുന്നു. എന്നാൽ കമ്മിറ്റിയുടെ അന്വേഷണത്തിൽ പിഴവുണ്ടെന്നാണ് ഇതിനോട് എംപി പ്രതികരിച്ചത്. ഇത്തരം ഒരു സാഹചര്യത്തിൽ എംപിയെ പിൻവലിക്കുന്നതിനായി സമ്മർദ്ദങ്ങൾ ധാരാളം കൺസർവേറ്റീവ് പാർട്ടിക്ക് മേലെ ഉണ്ട്. പ്രധാനമന്ത്രി ഋഷി സുനക് ഇക്കാര്യത്തിൽ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.
Leave a Reply