സ്വന്തം ലേഖകൻ

ലണ്ടൻ : രണ്ടാം ലോകമഹായുദ്ധ കാലത്തും കൊറോണ വൈറസ് പ്രതിസന്ധിഘട്ടത്തിലും രാജ്യത്തിന് പ്രത്യാശയുടെ സന്ദേശം പകർന്നു നൽകിയ സംഗീതത്തിനുടമ, ഡെയിം വേറ ലിൻ അന്തരിച്ചു. 103 വയസ്സായിരുന്നു. 1940 യുദ്ധകാലത്ത് സൈനികരുടെ മനോവീര്യം വളർത്തിയ “വി വിൽ മീറ്റ് എഗൈൻ ” എന്ന സംഗീതം ആലപിച്ചത് ലിൻ ആയിരുന്നു. സേനയുടെ പ്രണയിനി എന്നു വിളിപ്പേരുള്ള വേറ ലിന്നിന്റെ സംഗീതം, പ്രതിസന്ധി കാലത്ത് രാജ്യത്തിന് താങ്ങായി മാറിയിരുന്നു. രാജ്യത്തെ അറിയപ്പെടുന്ന എന്റർടൈനറിൽ ഒരാൾ ആയ വേറയുടെ മരണം തങ്ങളെ ദുഃഖത്തിലാഴ്ത്തിയെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ സൈനികരും വേറയുടെ ഗാനം ആസ്വദിച്ചിരുന്നു. സംസ്കാരചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും.

ആറ് ആഴ്ച മുമ്പ്, വിഇ ദിനത്തിന്റെ 75-ാം വാർഷികത്തിന് മുന്നോടിയായും കോവിഡ് പടർന്നുപിടിച്ച സമയത്തും ലിന്നിന്റെ വാക്കുകൾ രാജ്യത്തിന് പ്രത്യാശ പകർന്നുനൽകിയിരുന്നു. യുദ്ധകാല ക്ലാസിക് ആയ “വി വിൽ മീറ്റ് എഗൈൻ” ഇപ്പോൾ നമുക്ക് പ്രത്യാശ പകർന്നു നൽകുന്നുവെന്ന് ഏപ്രിലിൽ എലിസബത്ത് രാജ്ഞി പറയുകയുണ്ടായി. ജീവകാരുണ്യ പ്രവർത്തനത്തിലും ശ്രദ്ധയൂന്നിയ വേറ സ്ഥാപിച്ച ‘ഡെയിം വേറ ലിൻ ചിൽഡ്രൻസ് ചാരിറ്റി’, സെറിബ്രൽ പാൽസിയുള്ള കുട്ടികളെ സഹായിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നു. 1917 ൽ ലണ്ടനിലെ ഈസ്റ്റ് ഹാമിൽ ജനിച്ച വെറയുടെ ആലാപന മികവ് ചെറുപ്പത്തിൽത്തന്നെ ജനശ്രദ്ധ നേടിയിരുന്നു. പതിനൊന്നാം വയസ്സിൽ ഒരു നർത്തകിയും ഗായികയും എന്ന നിലയിൽ മുഴുവൻ സമയ ജീവിതം നയിക്കാൻ അവൾ സ്കൂൾ വിട്ടു. 1939 ൽ ഡെയ്‌ലി എക്സ്പ്രസ് നടത്തിയ ഒരു വോട്ടെടുപ്പിൽ, സൈനികർ അവരുടെ പ്രിയപ്പെട്ട എന്റർടെയ്‌നറായി വേറയെ തിരഞ്ഞെടുക്കുകയുണ്ടായി. രാജ്യത്തിന്റെ പ്രയാസ ഘട്ടങ്ങളിൽ പ്രത്യാശ പകർന്നുനൽകിയ ഗായികയെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ അനുസ്മരിച്ചു. “അവളുടെ ശബ്ദം വരും തലമുറകളുടെ ഹൃദയങ്ങളെ ഉണർത്തും.” അദ്ദേഹം പറഞ്ഞു. വേറയുടെ ഗാനങ്ങൾ 1940 തിലേതുപോലെ തന്നെ 2020 ലും രാജ്യത്തോട് സംസാരിക്കുന്നുവെന്ന് ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ പറഞ്ഞു. “ഈ ഗായികയെ ഞാൻ എത്രമാത്രം ആരാധിച്ചുവെന്ന് വിശദീകരിക്കാൻ വാക്കുകൾ ഇല്ല.” ;കഴിഞ്ഞ മാസം വിഇ ദിന വാർഷികത്തിനായി വെറയുടെ യുദ്ധകാല ക്ലാസിക്കുകൾ അവതരിപ്പിച്ച ഗായിക കാതറിൻ ജെങ്കിൻസ് പറഞ്ഞു.

വി വിൽ മീറ്റ് എഗെയ്ൻ, ദി വൈറ്റ് ക്ലിഫ്സ് ഓഫ് ഡോവർ തുടങ്ങിയ ഗാനങ്ങൾക്കൊപ്പം, രണ്ടാം ലോക മഹായുദ്ധസമയത്ത് വിദേശത്തുള്ള സൈനികർക്കും സ്വദേശികളായ സാധാരണക്കാർക്കും പ്രചോദനമായ ഗായികയുടെ മരണം രാജ്യത്തിന് തീരാനഷ്ടമാണ്. രണ്ടാഴ്ച മുമ്പ്, തന്റെ 103-ാം ജന്മദിനത്തിൽ വേറ ഒരു സന്ദേശം അയച്ചിരുന്നു. ഈ പ്രയാസകരമായ ഘട്ടങ്ങളിൽ സന്തോഷത്തിന്റെ നിമിഷങ്ങൾ കണ്ടെത്താൻ പൊതുജനങ്ങളോട് അവൾ ആവശ്യപ്പെട്ടു. 1930 കളുടെ അവസാനത്തിൽ റേഡിയോ പ്രക്ഷേപണത്തോടൊപ്പം ബാൻഡുകളുമായി ചേർന്നു പാടാനും തുടങ്ങി. എന്നാൽ അവളുടെ യുദ്ധകാല ഗാനങ്ങളാണ് പ്രശസ്തി നേടിയത്. 1941ൽ ഹാരി ലൂയിസിനെ വിവാഹം ചെയ്തു. “വേറ കൂടുതൽ കാലം ജീവിക്കുമെന്ന് ഞാൻ കരുതി. ബർമയിൽ എനിക്ക് പ്രചോദനമായി തീരുകയും ജീവിതത്തെ സ്വാധീനിക്കുകയും ചെയ്ത വ്യക്തിയായിരുന്നു വെരാ.” സർ ടോം മൂർ പറയുകയുണ്ടായി.