ന്യൂസ് ഡെസ്ക് മലയാളം യുകെ

വൈറ്റമിൻ ഡി സപ്ലിമെന്റുകൾ ഡിമെൻഷ്യ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. ശരീരത്തിലെ വൈറ്റമിൻ ഡിയുടെ അളവ് 50 nmol/L-ൽ താഴെയുള്ള വ്യക്തികളിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത ഏകദേശം മൂന്നിരട്ടിയാണെന്ന് ഫ്രാൻസിൽ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. യുകെയിലെ ജനസംഖ്യയിലെ 60 ശതമാനത്തിലേറെ പേരുടെ ശരീരത്തിലെ വൈറ്റമിൻ ഡിയുടെ അളവ് 50 nmol/L ൽ കുറവാണ് എന്നത് ഇതിൻെറ ഗൗരവം എടുത്ത് കാട്ടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

ഡിമെൻഷ്യയിൽ നിന്ന് മുക്തരായ 70 വയസും അതിൽ കൂടുതലുമുള്ള 12,000-ത്തിലധികം വ്യക്തികളെ വച്ച് നടത്തിയ പഠനത്തിൽ ഡിമെൻഷ്യയുടെ അപകടസാധ്യത കുറയ്ക്കുന്നതിന് സപ്ലിമെന്റുകൾ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. പഠനത്തിൽ പങ്കെടുത്ത മൂന്നിലൊന്ന് (37 ശതമാനം) ആളുകളും വൈറ്റമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുകയും ഡിമെൻഷ്യയുടെ ലക്ഷണങ്ങളിൽ നിന്ന് 40 ശതമാനം കുറവ് ഉണ്ടായതായും പറഞ്ഞു. കാർഡിയോമെറ്റബോളിക് രോഗങ്ങൾ, ക്യാൻസർ, പ്രമേഹം, പകർച്ചവ്യാധികൾ തുടങ്ങിയവ കണക്കിലെടുക്കുമ്പോഴും ആരോഗ്യമുള്ള ശരീരത്തിൽ 75 nmol/L വൈറ്റമിൻ ഡിയെങ്കിലും ഉണ്ടായിരിക്കണമെന്ന് വൈറ്റമിൻ ഡി വിദഗ്ധൻ ഡോ.വില്യം ഗ്രാന്റ് പറയുന്നു.

ഇതൊക്കെയാണെങ്കിലും ഒരു പരിധിയിൽ കൂടുതൽ വൈറ്റമിൻ ഡി കഴിക്കുന്നത് അനാവശ്യ പാർശ്വഫലങ്ങൾ ഉണ്ടാക്കാം. ഇവ നിങ്ങൾ കഴിക്കുന്ന മറ്റു മരുന്നുകളുമായി പ്രവർത്തിക്കാം. അതിനാൽ എന്തെങ്കിലും പുതിയ വൈറ്റമിനുകളോ സപ്ലിമെന്റുകളോ ആരംഭിക്കുന്നതിന് മുമ്പ് ജിപിയുടെ ഉപദേശം തേടേണ്ടതാണ്. ഹവാർഡ് ഹെൽത്ത് പബ്ലിഷിംഗ് നടത്തിയ പഠന റിപ്പോർട്ടിൽ, ചില ആളുകൾ സപ്ലിമെന്റുകൾ അമിതമായി ഉപയോഗിക്കുന്നതായി കണ്ടെത്തി. 1999 നും 2014 നും ഇടയിൽ ശേഖരിച്ച ദേശീയ സർവേ ഡേറ്റാ പരിശോധിച്ച ഗവേഷകർ, സുരക്ഷിതമല്ലാത്ത അളവിൽ വൈറ്റമിൻ ഡി കഴിക്കുന്ന ആളുകളുടെ എണ്ണത്തിൽ 2.8% വർദ്ധനവ് ഉള്ളതായി പറയുന്നു.