ന്യൂസ് ഡെസ്ക് മലയാളം യുകെ

ബക്കിംഗ്ഹാം: മേഗൻ മെർക്കൽ തന്റെ മുൻ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബക്കിംഗ്ഹാം കൊട്ടാരം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓപ്ര വിൻഫ്രെയുമായുള്ള ഹാരിയുടെയും മേഗന്റെയും അഭിമുഖം ചൂടുപിടിച്ചത്. ഇന്ന് രാത്രി യുഎസിൽ അഭിമുഖം സംപ്രേഷണം ചെയ്യും. യുകെയിൽ നാളെയാവും അഭിമുഖം സംപ്രേഷണം ചെയ്യുക. എന്നാൽ ഹാരിയുടെയും മേഗന്റെയും അഭിമുഖം രാജ്ഞി കാണില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജകുടുംബം മറ്റു വലിയ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് സൺ‌ഡേ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത്. അഭിമുഖത്തെ സർക്കസിനോട് ഉപമിച്ച കൊട്ടാരം വൃത്തങ്ങൾ മറ്റൊരു മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രാജകുടുംബത്തെ ആക്രമിച്ചാൽ ദമ്പതികളുടെ പെരുമാറ്റത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

70 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് പ്രേക്ഷകർ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള അഭിമുഖം കാണുമെന്ന് പ്രതീക്ഷിക്കുന്നു. പുലർച്ചെ 1 മണിക്ക് യുഎസിൽ പ്രക്ഷേപണം ചെയ്യും.
ബ്രിട്ടനിൽ നാളെ രാത്രി 9 ന് ഐടിവി ഇത് സംപ്രേഷണം ചെയ്യും. തികഞ്ഞ അവഗണനയാണ് രാജ്ഞി പ്രകടിപ്പിച്ചതെങ്കിലും അഭിമുഖത്തിന് ശേഷം രാജ്ഞി തന്റെ നിലപാട് വ്യക്തമാക്കിയേക്കും. രാജകുടുംബത്തിലെ പ്രശ്നങ്ങളും മേഗനെതിരെയുള്ള അന്വേഷണവും അഭിമുഖത്തിൽ വിഷയമായാൽ കൊട്ടാരം കർശനമായ നീക്കങ്ങൾ നടത്താൻ സാധ്യതയുണ്ട്. പുതിയ വെളിപ്പെടുത്തലുകൾ ഹാരി രാജകുമാരനും സഹോദരൻ വില്യമും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാക്കുമെന്ന് രാജകുടുംബാംഗങ്ങൾ ഭയപ്പെടുന്നു.

കൊട്ടാരത്തിൽ താമസിക്കുന്നതിനിടെ 2018 ഒക്ടോബറിലാണ് മേഗനെതിരെ പരാതി ഉയരുന്നത്. സ്റ്റാഫിൽ നിന്ന് ചോർന്ന ഇമെയിലിൽ രണ്ട് സ്വകാര്യ സഹായികളെ മേഗൻ വീട്ടിൽ നിന്ന് പുറത്താക്കിയതായി ആരോപിക്കുന്നു. മൂന്നാമത്തെ സ്റ്റാഫ് അംഗത്തെ മേഗൻ ഭീഷണിപ്പെടുത്തിയതായും പറയുന്നു. രാജകീയ പദവി, വിവാഹം, മാതൃത്വം എന്നീ നിലകളിലേക്ക് ചുവടുവെക്കുന്നതിനെക്കുറിച്ചും പൊതുജന സമ്മർദ്ദത്തിൽ ജീവിതം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെക്കുറിച്ചും അഭിമുഖം നടത്തുമെന്ന് സിബിഎസ് അറിയിച്ചു. കഴിഞ്ഞ വർഷം യുഎസിലേക്കുള്ള അവരുടെ നീക്കത്തെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ദമ്പതികൾ സംസാരിക്കും.