രാവുറങ്ങാതെ കേരളം കാത്തിരുന്ന ആ ശുഭവാര്‍ത്ത എത്തി. കൊല്ലം ആയൂരില്‍നിന്ന് കാണാതായ അബിഗേല്‍ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ ആറുവയസ്സുകാരിയെ കണ്ടെത്തിയത്. ഇതോടെ നെഞ്ചിടിപ്പിന്റെ 20 മണിക്കൂറുകള്‍ക്ക് അവസാനമായി.

കുട്ടിയെ പോലീസ് ഏറ്റെടുത്ത് കൊല്ലം എ.ആര്‍. ക്യാംപിലെത്തിച്ചു. വൈദ്യപരിശോധനകള്‍ക്ക് ശേഷം ഉടന്‍തന്നെ കുട്ടിയെ വീട്ടിലെത്തിച്ച് രക്ഷിതാക്കള്‍ക്ക് കൈമാറും.

ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് കാര്യം തിരക്കിയത്. തുടര്‍ന്ന് പേരുംവിവരങ്ങളും ചോദിച്ചപ്പോള്‍ അബിഗേല്‍ സാറാ റെജിയെന്ന് മറുപടിനല്‍കുകയും നാട്ടുകാര്‍ ഫോണില്‍ കാണിച്ചുനല്‍കിയ രക്ഷിതാക്കളുടെ ചിത്രങ്ങള്‍ തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കുടിക്കാന്‍ വെള്ളംനല്‍കി. ഉടന്‍തന്നെ പോലീസിലും വിവരമറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് പോലീസിന്റെ നിഗമനം. ഇവരെ കണ്ടെത്താനായുള്ള അന്വേഷണം തുടരുകയാണ്.

നവംബര്‍ 27, തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടില്‍നിന്ന് ട്യൂഷന് പോയ ആറുവയസ്സുകാരി അബിഗേല്‍ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂരിനു സമീപം പൂയപ്പള്ളി കാറ്റാടി ഓട്ടുമലയില്‍ റജി ജോണിന്റെയും സിജി റജിയുടെയും മകളാണ് അബിഗേല്‍ സാറാ റെജി. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥനെ(9)യും കാറിലെത്തിയവര്‍ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ചെറുത്തുനിന്നതിനാല്‍ അല്പദൂരം വലിച്ചിഴച്ചശേഷം വണ്ടിയില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ടു. കാലുകള്‍ റോഡിലുരഞ്ഞ് ജോനാഥന് പരിക്കേറ്റിട്ടുണ്ട്.