ബിനോയ് എം. ജെ.

നമ്മിൽ പലരും ഇപ്പോൾ യൗവനത്തിൽ എത്തിനിൽക്കുന്നു. ചിലർ വാർദ്ധക്യത്തിലേക്ക് പ്രവേശിക്കുന്നു. ഇവിടെ നിന്നുകൊണ്ട് നമുക്ക് നമ്മുടെ ശൈശവത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം. എന്തോരു മനോഹാരിത! എന്തോരു മാധുര്യം! ശൈശവത്തിലാവട്ടെ നാം എല്ലാവരേക്കാളും ചെറിയവർ; നേട്ടങ്ങളോ സ്ഥാനമാനങ്ങളോ ഇല്ല; അധികാരസ്ഥാനങ്ങളിൽ എത്തിയിട്ടില്ല; വിജയങ്ങൾ കൊയ്തിട്ടില്ല; സ്വന്തമായി പണം സമ്പാദിച്ചിട്ടില്ല; ജീവിതത്തിലേക്ക് വേണ്ടവണ്ണം പ്രവേശിച്ചിട്ടുപോലുമില്ല. എന്നിട്ടും ശൈശവം എന്തുകൊണ്ട് ഇത്രയേറെ മധുരമാകുന്നു? ശൈശവത്തിൽ സങ്കൽപം ശക്തമാണ്. ശക്തമായ ഈ സങ്കൽപം തന്നെ ശൈശവത്തിന്റെ മധുരിമയുടെ രഹസ്യം. ഇപ്പോൾ നമ്മുടെ മനസ്സ് യാഥാർഥ്യത്തിലാണ്. അതിനാൽതന്നെ സങ്കൽപം ദുർബ്ബലമായിരിക്കുന്നു. അതുകൊണ്ട് ജീവിതം നമുക്ക് വിരസമായി അനുഭവപ്പെടുന്നു. ഇന്ത്യയിൽ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് നമുക്ക് ഒരു വലിയ സ്വപ്നമുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യ! സ്വാതന്ത്ര്യം കിട്ടുന്നതോടെ സ്വർഗ്ഗം കിട്ടുമെന്ന് നാം കരുതി. ക്ലേശങ്ങൾ നിറഞ്ഞ സ്വാതന്ത്ര്യ സമരത്തിലൂടെ കടന്നുപോകുവാനുള്ള ശക്തി നമുക്ക് നൽകിയത് ഈ സ്വപ്നമായിരുന്നു. എന്നാൽ ഇന്ന് നാം സ്വതന്ത്ര ഇന്ത്യയിൽ ജീവിക്കുന്നു. എന്നാൽ നാമിപ്പോൾ സ്വർഗ്ഗത്തിലാണോ? ഇപ്പോഴത്തെ നമ്മുടെ ജീവിതം പണ്ടത്തേതിനേക്കാൾ വിരസം. പണ്ടൊരു സ്വപ്നമെങ്കിലും ഉണ്ടായിരിന്നു. ഇന്നതുമില്ല! പ്രണയിക്കുന്നവർ വിവാഹത്തെ സ്വപ്നം കാണുന്നു. ആ സ്വപ്നമാകുന്നു പ്രണയത്തിന്റെ മാസ്മരികത. എന്നാൽ വിവാഹം കഴിക്കുമ്പോഴോ? ആ സ്വപ്നം തിരോഭവിക്കുകയും ജീവിതത്തിന്റെ തന്നെ മധുരിമ നഷ്ടപ്പെടുകയും ചെയ്യുന്നു. നാമിപ്പോൾ സോഷ്യലിസത്തെയും കമ്മ്യൂണിസത്തെയും സ്വപ്നം കാണുന്നു. അത് വരുമ്പോൾ ഭൂമിയിൽ സ്വർഗ്ഗം വിരിയുമെന്ന് നാം ചിന്തിക്കുന്നു. എന്നാൽ ഇതിനോടകം തന്നെ സോഷ്യലിസം നിലവിൽ വന്ന രാജ്യങ്ങളിലേക്കൊന്നു നോക്കൂ. അവർ സ്വർഗ്ഗത്തിലാണോ? അവർക്ക് അവരുടേതായ പ്രാരാബ്ധങ്ങളും പ്രശ്നങ്ങളുമുണ്ട്. നാമിവിടെ നിന്ന് നോക്കുമ്പോൾ അവിടം സ്വർഗ്ഗം പോലെ നമുക്ക് തോന്നിയേക്കാം. കാരണം നാമതിനെ സങ്കല്പിക്കുകയേ ചെയ്യുന്നുള്ളൂ. നേരിട്ടനുഭവിക്കുന്നില്ല. നേരിട്ടനുഭവിക്കുമ്പോൾ മാത്രമേ യാഥാർഥ്യത്തിന്റെ വിരസതയും ബുദ്ധിമുട്ടുകളും നമുക്ക് മനസ്സിലാകൂ. ലാറ്റിൻ അമേരിക്കയിലും മറ്റു വികസ്വര രാഷ്ട്രങ്ങളിലും കഴിയുന്നവർ കരുതുന്നു അമേരിക്കൻ ഐക്യനാടുകളിൽ ജീവിതം സ്വർഗ്ഗം പോലെയാണെന്ന്. എന്നാൽ അമേരിക്കൻ ഐക്യനാടുകളിൽ കഴിയുന്നവർക്ക് അവിടം അങ്ങനെ അനുഭവപ്പെടുന്നുണ്ടോ? ഒരിക്കലുമില്ല.

മേൽ പറഞ്ഞ ഉദാഹരണങ്ങളെല്ലാം ഒരു സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. സങ്കൽപം യാഥാർഥ്യത്തെക്കാൾ മധുരമാണ്; ഒരു പക്ഷേ അതിനേക്കാൾ ശ്രേഷ്ഠവുമാണ്. സങ്കൽപം നമുക്കിഷ്ടമുള്ളതുപോലെ മെനയുവാൻ കഴിയും. അതേസമയം അതിൽ യുക്തിയും ഉണ്ട്. യാഥാർഥ്യമാവട്ടെ പൂർണ്ണമായും നമ്മുടെ പിടിയിൽ നിൽക്കുന്നതല്ല.അത് നമ്മുടെ നിയന്ത്രണത്തിനും അപ്പുറത്താണ്. നമ്മുടെ ഇഷ്ടത്തിന് അവിടെ വലിയ സ്ഥാനമൊന്നുമില്ല. കുറെയൊക്കെ നമ്മുടെ ഇഷ്ടത്തിനൊത്ത് യാഥാർഥ്യത്തെ മാറ്റിമറിക്കുവാൻ കഴിഞ്ഞേക്കാം. ഈ ലോകത്തിലെ മനുഷ്യന്റെ പ്രയത്നങ്ങൾ എല്ലാം യാഥാർഥ്യത്തെ അവന്റെ ഇഷ്ടപ്രകാരം മാറ്റിമറിക്കുവാനുള്ള ശ്രമമാണ്. എന്നാൽ അവനതിൽ എത്രത്തോളം വിജയിക്കുന്നുണ്ട്? പകുതിയോളം (50%). അതിൽ കൂടുതലില്ല. ഉദാഹരണത്തിന് സമത്വം മനുഷ്യന്റെ ഒരു സങ്കൽപമാണ്. ഇത് അത്യന്തം മധുരമായ ഒരു സങ്കൽപം തന്നെ. അത് മനുഷ്യജീവിതത്തിന് അർത്ഥം കൊടുക്കുന്നു. മനുഷ്യൻ എക്കാലത്തും സമത്വത്തിനുവേണ്ടിയും അത് സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടിയും പരിശ്രമിച്ചുവരുന്നു. മനുഷ്യവംശം ഉത്ഭവിച്ചിട്ട് സഹസ്രാബ്ദങ്ങൾ എത്ര കഴിഞ്ഞു? ഇതുവരെ നാമതിൽ വിജയിച്ചിട്ടുണ്ടോ? വരും കാലങ്ങളിൽ നാമതിൽ വിജയിക്കുമെന്ന് നാം പ്രത്യാശിക്കുന്നു. അതൊരു സ്വപ്നം മാത്രം. യാഥാർഥ്യം മറ്റൊന്നാണ്. യാഥാർഥ്യം എപ്പോഴും അസമത്വത്തിൽ അധിഷ്ഠിതമാണ്. യാഥാർഥ്യത്തിൽ പൂർണ്ണമായ സമത്വം ഒരിക്കലും വരുവാൻ പോകുന്നില്ല. ചില വശങ്ങളിലൂടെ നാം സമത്വം സ്ഥാപിക്കുമ്പോൾ വേറെ ചില വശങ്ങളിലൂടെ അസമത്വം പെരുകുന്നു. സാമ്പത്തികമായി സമത്വം സ്ഥാപിക്കുമ്പോൾ അധികാരത്തിലെ അസമത്വം കൂടുതൽ വലുതാകുന്നു. നോക്കൂ, സങ്കൽപവും യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസം. സങ്കൽപം മധുരവും സുന്ദരവും ആകുമ്പോൾ യാഥാർത്ഥ്യം വിരൂപവും പരുപരുത്തതുമാണ്. സങ്കൽപം അത്യന്തം മധുരിക്കുന്ന ഒരു പാനീയമാണെങ്കിൽ യാഥാർത്ഥ്യമാവട്ടെ മധുരവും കയ്പും കൂടിക്കലർന്ന ഒരു പാനീയമാണ്. അത് കുടിക്കുക അൽപം ബുദ്ധിമുട്ടുമാണ്.

സങ്കൽപത്തിൽ അസ്വസ്ഥതക്കോ ദു:ഖത്തിനോ സ്ഥാനമില്ല. അത് അത്യന്തം ആനന്ദപ്രദമാണ്. അതിനാൽതന്നെ അനന്താനന്ദം വേണമെന്നുള്ളവർ സങ്കൽപലോകത്തിലേക്ക് ചേക്കേറിക്കൊള്ളുവിൻ. ഇത് അസ്വീകാര്യമായി പലർക്കും തോന്നിയേക്കാം. എന്നാൽ അതാണതിന്റെ സത്യം. മനുഷ്യനെ മഹാനാക്കുന്നത് അവന്റെ സങ്കൽപശക്തിതന്നെ. ലോകത്തിന്റെ ഗതി മാറ്റിവിട്ടവരെല്ലാം സങ്കൽപത്തിൽ വേണ്ടുവോളം കഴിഞ്ഞവരാണ്. മാർക്സും ഫ്രോയിഡും, ഡാവിഞ്ചിയും, ഐൻസ്റ്റീനുമെല്ലാം യാഥാർഥ്യത്തെക്കാളധികം സങ്കൽപത്തിന് പ്രാധാന്യം കൊടുത്തവരാണ്. ചെറുപ്രായത്തിൽ ധാരാളം ദിവാസ്വപ്നം കാണുന്ന കുട്ടികൾ വളർന്നുവരുമ്പോൾ വലിയ നേട്ടങ്ങൾ കൈവരിക്കുന്നതായി മന:ശ്ശാസ്ത്രജ്ഞന്മാർ പറയുന്നു. കലയും, സാഹിത്യവും, തത്വചിന്തയും, ശാസ്ത്രവുമെല്ലാം സങ്കൽപത്തിന്റെ സൃഷ്ടികളാകുന്നു. സങ്കൽപത്തിൽ നിന്നും ആശയങ്ങൾ ഉണ്ടാകുന്നു. ആശയങ്ങളിൽ നിന്നും അറിവുണ്ടാകുന്നു. അറിവില്ലാത്ത മനുഷ്യൻ മൃഗമല്ലാതെ മറ്റെന്താണ്? മാനവ സംസ്കാരം തന്നെ സങ്കൽപത്തിലാണ് കെട്ടിപ്പടുത്തിയിട്ടുള്ളത്. അതിനാൽതന്നെ സങ്കൽപത്തിന്റെ മഹത്വത്തെ ഇടിച്ചുതാഴ്ത്താതെയിരിക്കുവിൻ.

സങ്കൽപത്തെയും യാഥാർഥ്യത്തെയും ഒരുപോലെ ആസ്വദിക്കുവിൻ. രണ്ടിനും അവയുടേതായ അസ്ഥിത്വമുണ്ട്. സങ്കൽപത്തെക്കാളും പ്രാധാന്യം യാഥാർഥ്യത്തിനു കൊടുക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഇവിടെ സങ്കൽപങ്ങൾ അടിച്ചമർത്തപ്പെടുന്നു. അടിച്ചമർത്തപ്പെടുന്ന സങ്കൽപങ്ങളിൽ നിന്നും ആഗ്രഹങ്ങൾ ജന്മമെടുക്കുന്നു. ആഗ്രഹമാണ് എല്ലാ ദുഃഖങ്ങളുടെയും കാരണം. ഇപ്രകാരം യാഥാർഥ്യത്തിന്റെ അടിമകളാകാതിരിക്കുവിൻ. വാസ്തവത്തിൽ സങ്കൽപം യാഥാർഥ്യത്തിനും ഉപരിയാണ്. യാഥാർഥ്യത്തിന്റെ മാറ്റു കൂട്ടുവാൻ മാർഗ്ഗങ്ങളില്ല. അത് പണ്ടും ഇന്നും എന്നും വിരസമായി തന്നെ തുടരുന്നു. അതിനെ ആവോളം ആസ്വദിക്കുവാനേ നമുക്ക് കഴിയൂ. സങ്കൽപമാവട്ടെ എന്നും സുന്ദരമാണ്. അതിനെ ആസ്വദിക്കുവാൻ പ്രത്യേകിച്ച് പരിശ്രമത്തിന്റെ ആവശ്യവുമില്ല.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120