ന്യൂസ് ഡെസ്ക് മലയാളം യുകെ
ശനിയാഴ്ച ഇന്ത്യൻ മഹാസമുദ്രത്തിൽ കെമിക്കൽ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ എന്ന് കണ്ടെത്തി യുഎസ് പ്രതിരോധ വകുപ്പ്. യുകെ സമയം രാവിലെ 6 മണിയോടെ ഇന്ത്യൻ തീരത്ത് നിന്ന് 200 നോട്ടിക്കൽ മൈൽ അകലെയുള്ള കെം പ്ലൂട്ടോ എന്ന കപ്പലിലെ കെമിക്കൽ ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിലെ തീ അണച്ചുവെന്നും ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നും യുഎസ് പ്രതിരോധ വകുപ്പായ പെന്റഗൺ കൂട്ടിച്ചേർത്തു.
2021 മുതൽ ഉള്ള കണക്കുകൾ അനുസരിച്ച് വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ഏഴാമത്തെ ആക്രമണമാണിത്. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ആക്രമണമാണിത്. ഐക്യരാഷ്ട്രസഭയിലെ ഇറാനിയൻ വക്താവ് ഇതുവരെയും സംഭവത്തോട് പ്രതികരിച്ചിട്ടില്ല. ഹെയർഫോർഡ് ആസ്ഥാനമായുള്ള ഗ്ലോബൽ മാരിടൈം റിസ്ക് സ്ഥാപനമായ ആംബ്രെ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് ഇസ്രായേൽ അഫിലിയേറ്റഡ് കപ്പലാണ് ആക്രമണത്തിനിരയായിരിക്കുന്നത്. കപ്പൽ സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായിരിക്കുന്നത്.
ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ ഉണ്ടാകുമെന്ന് നേരത്തെ യെമൻ വിമത സംഘടനയായ ഹൌതിസ് അറിയിച്ചിരുന്നു. ഇവർ ഗാസയിൽ ഇസ്രായേൽ ഉപരോധിച്ച ഫലസ്തീനികളോടുള്ള പിന്തുണ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷിപ്പിംഗ് കമ്പനി സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് ഇന്ത്യൻ നാവികസേന സഹായവുമായി സംഭവ സ്ഥലത്ത് എത്തി. കപ്പലിൽ 20 ഇന്ത്യൻ പൗരന്മാരും ഒരു വിയറ്റ്നാമീസും ഉണ്ടായിരുന്നതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു
Leave a Reply