ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ കോവിഡും പനിയും ബാധിച്ചുള്ള രോഗികളുടെ എണ്ണം കുതിച്ചുരുന്നു. വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ ആഴ്ചയിൽ ശരാശരി 3631 കോവിഡ് രോഗികളാണ് ആശുപത്രികളിൽ ഉണ്ടായിരുന്നത് . നവംബർ അവസാന വാരത്തിൽ ഉണ്ടായിരുന്നതിനെക്കാൾ 57 % വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

അതുപോലെതന്നെ നോറോ വൈറസ് കേസുകൾ കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് 61 % ആണ് വർദ്ധിച്ചത്. ഇതുകൂടാതെയാണ് ഇൻഫ്ലുവൻസ കേസുകളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ്. ഡിസംബർ 24 വരെയുള്ള കാലയളവിൽ ഓരോ ദിവസവും ശരാശരി 942 പേരാണ് പനി ബാധിച്ച് ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതിൽ 48 പേർ തീവ്ര പരിചരണം ആവശ്യമായ രോഗികളാണ്. ഈ കണക്കുകൾ നവംബർ മാസത്തെ അപേക്ഷിച്ച് 6 ഇരട്ടി കൂടുതലാണ്.

കോവിഡും പനിയും മൂലം എൻഎച്ച്എസ് നേരിട്ട സമ്മർദ്ദത്തിന്റെ ഭാരം കൂടുതൽ ഏറ്റുവാങ്ങിയത് യുകെയിലെ മലയാളി നേഴ്സുമാരാണ്. പലരുടെയും ക്രിസ്തുമസ് ആശുപത്രികളിലായിരുന്നു. തദ്ദേശീയരായ എൻഎച്ച്എസ് ജീവനക്കാരിൽ ഒട്ടുമിക്കവരും ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി അവധിയിലായിരുന്നപ്പോൾ കോവിഡ് രോഗികളുടെയും പനി ബാധിതരുടെയും എണ്ണം കുതിച്ചുയർന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി നേഴ്സുമാരെ ക ടുത്ത ദുരിതത്തിൽ ആക്കി . പല ഹോസ്പിറ്റലുകളിലും അസുഖം ഭേദമായിട്ടും രോഗികൾക്ക് ഹോസ്പിറ്റലുകളിൽ കഴിയേണ്ടതായി വന്നു. 10,000 പേർക്കാണ് ഇങ്ങനെ ക്രിസ്തുമസിന് ഹോസ്പിറ്റലിൽ തങ്ങേണ്ടതായി വന്നത്. ക്രിസ്തുമസ് തലേന്ന് ആശുപത്രി വിടാൻ യോഗ്യരായ 18,669 രോഗികളിൽ 8,667 പേർ മാത്രമാണ് ഡിസ്ചാർജ് ചെയ്യപ്പെട്ടത്. ഇതിന് പുറമെയാണ് കോവിഡ് ജീവനക്കാർക്ക് പിടിപെട്ടത് മൂലം നേരിടുന്ന പ്രശ്നങ്ങൾ . കഴിഞ്ഞ ആഴ്ച മാത്രം ശരാശരി 2,597 ജീവനക്കാർക്കാണ് കോവിഡ് പിടിച്ചത്.