പാരീസ്: പാരീസില്‍ ആദ്യമായി നഗ്നരായി സ്വതന്ത്രമായി നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള പാര്‍ക്ക് തുറന്നു. ബോയിസ് ദെ വിന്‍സെന്‍സ് പാര്‍ക്കിലെ ഒരു പ്രദേശം പ്രത്യേകമായി ഇതിനു വേണ്ടി തയ്യാറാക്കുകയായിരുന്നു. ഇന്നു മുതല്‍ ഒക്ടോബര്‍ 15 വരെയായിരിക്കും പാര്‍ക്ക് പ്രവര്‍ത്തിക്കുക. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു പാര്‍ക്ക് ഒരുക്കുന്നതെന്ന് സിറ്റിയിലെ പാര്‍ക്കുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി മേയര്‍ പെനെലോപ് കോമിറ്റ്‌സ് പറഞ്ഞു. രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.30 വരെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുക.

പാര്‍ക്കിലെ പക്ഷിസങ്കേതത്തിനടുത്തുള്ള തുറന്ന പ്രദേശത്താണ് ന്യൂഡിസ്റ്റ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. പ്രദേശം അടയാളങ്ങള്‍ നല്‍കി തിരിച്ചിട്ടുണ്ട്. പാര്‍ക്കില്‍ ഏറ്റവും സ്വാഭാവികമായുള്ള പെരുമാറ്റം മാത്രമാണ് അനുവദിക്കുക. ഒളിഞ്ഞുനോട്ടക്കാരെയും എക്‌സിബിഷനിസ്റ്റുകളെയും ഒരു കാരണവശാലും അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നഗരത്തിലെ ആയിരക്കണക്കിനാളുകള്‍ ഈ പാര്‍ക്ക് ഉപയോഗിക്കുമെന്നാണ് കരുതുന്നത്.

നഗര ഭരണകൂടത്തിന്റെ വിശാല മനസ്‌കതയാണ് ഈ പാര്‍ക്ക് തുറക്കാനുള്ള തീരുമാനം വ്യക്തമാക്കുന്നതെന്നും നഗ്നതയോട് ജനങ്ങള്‍ക്കുള്ള സമീപനം മാറുന്നതിന് ഒരു പരിധിവരെയെങ്കിലും ഈ പാര്‍ക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പാരീസ് നേച്ചറിസ്റ്റ്‌സ് അസോസിയേഷന്‍ പ്രതിനിധിയായ ജൂലിയന്‍ ക്ലോദ് പെനര്‍ജി പറഞ്ഞു. ഫ്രാന്‍സിലെ 2.6 മില്യന്‍ ആളുകള്‍ പരസ്യ നഗ്നത ഇഷ്ടപ്പെടുന്നവരാണെന്ന് അദ്ദേഹം വ്യക്തമാക്കി.