ന്യൂസ് ഡെസ്ക് മലയാളം യുകെ
2001 -ലാണ് യുകെയിലേയ്ക്ക് മലയാളി കുടിയേറ്റം ഏറ്റവും കൂടിയ നിലയിൽ ആരംഭിച്ചത്. അതിന് കാരണം സ്ഥിരോത്‌സാഹികളും മനുഷ്യസ്നേഹികളുമായ മലയാളി നേഴ്സുമാർക്ക് എൻഎച്ച്എസിന്റെ ഹോസ്പിറ്റലുകളിൽ സേവനം ചെയ്യാൻ അവസരം ലഭിച്ചതായിരുന്നു. യുകെയിലെ ഒട്ടുമിക്ക മേഖലകളിലും തങ്ങളുടെ പ്രാവീണ്യം തെളിയിക്കാൻ ഈ കഠിനാധ്വാനികളായ ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കഴിഞ്ഞു.
എന്നാൽ യുകെയിലേയ്ക്കുള്ള കുടിയേറ്റത്തിന്റെ അടുത്തഘട്ടം കൂടുതൽ സങ്കീർണമായിരുന്നു. വിദ്യാർത്ഥി വിസയിലും കെയർ വിസയിലും എത്തി യുകെയിൽ പി ആർ എടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒട്ടേറെ മലയാളികൾ ആണ് ഇവിടെ എത്തി ചേർന്നിരിക്കുന്നത്. ഇങ്ങനെ എത്തിയവരിൽ ഭൂരിഭാഗവും ഏജൻസി നൽകിയ മോഹന വാഗ്ദാനങ്ങൾ വിശ്വസിച്ചാണ് വിമാനം കയറിയത്. കഴിഞ്ഞകാലം വരെ വിദ്യാർത്ഥി വിസയിലും കെയർ വിസയിലും എത്തിയവർക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കുമായിരുന്നു.
എന്നാൽ സ്ഥിതിഗതികൾ മാറിമറിഞ്ഞത് പെട്ടെന്നാണ്. ബ്രിട്ടന്റെ പുതിയ കുടിയേറ്റം നയം എങ്ങനെ യുകെയിലെ! മലയാളി സമൂഹത്തെ ബാധിക്കുമെന്നതിൻറെ നിരവധി വിശകലനങ്ങൾ മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ചിരുന്നു. ഉപരിപഠനത്തിനായി യുകെയിലെത്തുന്ന മലയാളി വിദ്യാർഥികളെ ബാധിക്കുന്ന സുപ്രധാനമായ പല മാറ്റങ്ങളും ഈ വർഷം ആരംഭം മുതൽ നിലവിൽ വന്നു. ഇതിൻറെ ഫലമായി ഇനിമുതൽ ഗവേഷണ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പോടുകൂടി പഠിക്കാൻ എത്തുന്നവർക്കും മാത്രമായിരിക്കും ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുവാൻ സാധിക്കുന്നത്.
പുതിയ നിയമം ഏറ്റവും കൂടുതൽ തിരിച്ചടിയായിരിക്കുന്നത് മലയാളികൾക്കാണ്. യുകെയിൽ എത്തിച്ചേരാൻ മാത്രമായി ഭാര്യയോ ഭർത്താവോ സ്റ്റഡി വിസയിൽ എത്തിയ ആയിരങ്ങളാണ് ഇവിടെയുള്ളത്. നിയമം മാറുന്നതിന് മുമ്പ് തന്നെ സ്റ്റഡി വിസയ്ക്കായുള്ള നടപടിക്രമങ്ങൾ ആരംഭിച്ച ഒട്ടേറെ പേരാണ് പുതിയ നിയമ മാറ്റത്തിന്റെ വെളിച്ചത്തിൽ വെട്ടിലായിരിക്കുന്നത്. പലരും ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ ആണ് ലോണായി എടുത്തിരിക്കുന്നത്. നേരത്തെ സ്റ്റഡി വിസയിൽ വരുന്നവരുടെ ഭർത്താവ് ,ഭാര്യ, 18 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവർക്കായിരുന്നു ആശ്രിത വിസ അനുവദിച്ചിരുന്നത്.
ബിരുദ വിദ്യാർഥികളുടെ പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റുകൾക്ക് പഴയതിൽ നിന്ന് മാറ്റമില്ല. ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് യുകെയിൽ രണ്ട് വർഷവും പി എച്ച് ഡി വിദ്യാർത്ഥികൾക്ക് മൂന്നുവർഷവും പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ ജോലി ചെയ്യാൻ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. പുതിയ കുടിയേറ്റ നയം നിലവിൽ വന്നതോടെ യുകെയിലേയ്ക്ക് ഉള്ള മലയാളി വിദ്യാർത്ഥികളുടെ ഒഴുക്ക് കുറയുമെന്നാണ് കരുതപ്പെടുന്നത്. ഇനി ഗവേഷണത്തിനും സ്കോളർഷിപ്പോടുകൂടിയും വരുന്ന ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾ മാത്രമാണ് യുകെയിലെ യൂണിവേഴ്സിറ്റികളിൽ അഡ്മിഷനു വേണ്ടി പരിശ്രമിക്കൂ.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന യൂണിവേഴ്സിറ്റികളെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കരകയറ്റാനാണ് വിദേശ വിദ്യാർഥികളെ ആകർഷിക്കാനുള്ള പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റും മറ്റ് ആനുകൂല്യങ്ങളും സർക്കാർ നടപ്പിലാക്കിയത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ വിദേശ മൂലധനമാണ് ഇതിലൂടെ യുകെയിലേയ്ക്ക് ഒഴുകിയെത്തിയത്. ആവശ്യമായ മൂലധന സമ്പാദനത്തിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുരക്ഷിതമായപ്പോൾ പെട്ടെന്ന് സർക്കാർ നയം മാറ്റിയത് മൂലം കണ്ണീരിലായത് ഒട്ടേറെ വിദ്യാർഥികളുടെ ഭാവി പ്രതീക്ഷകളെയാണ്.
ഇനി നേഴ്സുമാർക്ക് മാത്രമേ യുകെയിൽ എത്തുന്നതിനെ കുറിച്ച് സ്വപ്നം കാണാൻ സാധിക്കുകയുള്ളൂ. മുൻപുള്ളതു പോലെ തന്നെ എൻഎച്ച്എസിൽ ജോലി ചെയ്യുന്നവർക്കുള്ള എല്ലാ ആനുകൂല്യങ്ങൾ എല്ലാം തന്നെ ഇപ്പോഴും നിലവിലുണ്ട് .
Leave a Reply