സ്വന്തം ലേഖകൻ

സ്വയം മിശിഹാ എന്ന് വിശേഷിപ്പിച്ചിരുന്ന മുൻ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ വർഷങ്ങളായി പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. സൈബീരിയയിൽ പെട്ടെന്ന് എത്തിപ്പെടാനാവാത്ത സ്ഥലത്ത് ആശ്രമം സ്ഥാപിച്ച കഴിയുകയായിരുന്ന 59 കാരനായ സെർജൽ ടോറോപിനെ റഷ്യൻ രഹസ്യ കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് ചെയ്തത്. നാല് ഹെലികോപ്റ്ററുകളും ഒരു ഡസനോളം വരുന്ന ട്രൂപ്പുമാണ് വ്യാജ മിശിഹായെ കുടുക്കാനുള്ള ദൗത്യത്തിൽ ഉണ്ടായിരുന്നത്. മോസ്കോയിൽ നിന്ന് 2600 മൈൽ അകലെയുള്ള പെട്രോപാവലോവ്ക്ക എന്ന ചെറുഗ്രാമത്തിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പൊതുവേ യേശുദേവൻ ധരിക്കുന്നതുപോലെയുള്ള ഒഴുകിയിറങ്ങുന്ന വസ്ത്രങ്ങൾ ധരിച്ച് ഭക്തരുടെ മുന്നിൽ പ്രത്യക്ഷപ്പെടാറുള്ള ഇയാളുടെ വേഷം അറസ്റ്റിലാകുമ്പോൾ ട്രാക്ക് സ്യൂട്ടായിരുന്നു. വിസാരിയൺ എന്ന പേരിൽ ആണ് ഇയാൾ അറിയപ്പെട്ടിരുന്നത്. അയ്യായിരത്തോളം വരുന്ന വിശ്വാസികളെ മുതലെടുത്തു എന്ന കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഇരുന്നൂറോളം പേർ ഇയാൾക്കൊപ്പം ആണ് താമസം. ഇയാളുടെ നിയമങ്ങൾ പിന്തുടർന്ന് ജീവിച്ചിരുന്ന ആൾക്കാരെ സൈക്കോളജിക്കൽ വയലൻസ് ഉപയോഗിച്ച് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് അടിമകളാക്കുന്നു എന്ന കേസും നിലവിലുണ്ട്.

ക്രിസ്ത്യൻ ചർച്ച് നിയമങ്ങളിൽ തനിക്ക് ഉതകുംവിധം ഉള്ള മാറ്റങ്ങൾ വരുത്തിയാണ് വ്യാജ മിശിഹാ ഭക്തർക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നത്. യേശുവിനെ പോലെ വസ്ത്രങ്ങൾ ധരിച്ച് പ്രത്യക്ഷപ്പെടുന്ന ഇയാളെ ദർശിക്കാനായി വളരെയധികം ഭക്തരാണ് കാത്തുനിന്നിരുന്നതെന്ന് 2009ൽ ചടങ്ങുകൾ സന്ദർശിക്കാൻ ഇടയായ ഫ്രഞ്ച് മാധ്യമപ്രവർത്തക വെളിപ്പെടുത്തി.

” വിവാഹപ്രായം എത്തുന്ന പെൺകുട്ടികളെ നല്ല കുടുംബിനികൾ ആക്കാനുള്ള ട്രെയിനിങ് സ് കൂൾ ഇയാൾ നടത്തിവരുന്നുണ്ട്. ആറു കുട്ടികളുടെ പിതാവായ ഇയാൾ കുടുംബാസൂത്രണത്തെ ശക്തമായി എതിർത്തിരുന്നു. ഒരു വ്യക്തിക്ക് ഒന്നിലധികം ലൈംഗിക പങ്കാളികൾ ആവാം എന്ന് വാദിച്ച ഇയാൾ കുട്ടികൾ സമൂഹത്തിന്റെ ആവശ്യമാണെന്നും അതിനാൽ ജനസംഖ്യാ നിയന്ത്രണത്തിന് മാർഗ്ഗങ്ങൾ നോക്കരുതെന്നും പിന്തുടരുന്നവരോട് ആവശ്യപ്പെട്ടിരുന്നു. മറ്റു സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്ന ഇയാളെ ആദ്യഭാര്യ ഉപേക്ഷിച്ചതിനെ തുടർന്ന്, ഇയാളുടെ തന്നെ ചിത്രങ്ങൾക്ക് മോഡലായ 19കാരിയെ വിവാഹം കഴിച്ചു.

ഒരു നിർമ്മാണ തൊഴിലാളിയുടെ മകൻ ആയിരുന്ന ഇയാൾ ട്രാഫിക് പോലീസ് ആയി സേവനമനുഷ് ഠിച്ചു കൊണ്ടിരിക്കെ കുറ്റവാളികളെ ശിക്ഷിക്കരുത്, അവർക്ക് മാപ്പ് നൽകണം തുടങ്ങിയ വിചിത്രമായ വാദഗതികൾ ഉന്നയിച്ചതിനെ തുടർന്നാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഒരു വർഷത്തിനുശേഷമാണ്, ദിവ്യദർശനം ലഭിച്ചതായി പൊതുജനമധ്യത്തിൽ ഇയാൾ അവകാശപ്പെട്ടു തുടങ്ങിയത്.

യേശു നമ്മളെ വളരെ അടുത്തുനിന്ന് വീക്ഷിച്ചു കൊണ്ടിരിക്കുന്നു, കന്യാമറിയം ആണ് റഷ്യയെ കാത്തു പരിപാലിക്കുന്നത് തുടങ്ങിയ വാദഗതികൾ പിന്നീട് ലാസ്റ്റ് ടെസ്റ്റമെന്റ് തിരുത്തി എഴുതുന്നതിലേക്ക് പുരോഗമിക്കുകയായിരുന്നു. 1991 ൽ സ്വർഗ്ഗസ്ഥനായ ദൈവമാണ് എന്നെ അയച്ചത് എന്ന വാദവുമായി ഇയാൾ തെരുവിൽ പ്രത്യക്ഷപ്പെട്ടു. റഷ്യയിലെ ധാരാളം പ്രമുഖ വ്യക്തികൾ ഇയാളെ പിന്തുടർന്നു.

സൈബീരിയയിലെ ചെറു ഗ്രാമത്തിലേക്ക് താവളം മാറ്റിയപ്പോൾ ശാസ്ത്രജ്ഞന്മാർ , ഡോക്ടർമാർ, നിയമജ്ഞർ, സംഗീതജ്ഞർ തുടങ്ങി സമൂഹത്തിൽ അറിയപ്പെട്ടിരുന്ന ഒരു കൂട്ടം ആളുകൾ അയാളെ പിന്തുടർന്നു. അനുയായികൾക്ക് താമസിക്കാൻ കൊടുംതണുപ്പിൽ കുടിൽകെട്ടി കൊടുത്തപ്പോൾ, ഇയാൾ അത്യാധുനിക സൗകര്യങ്ങളുള്ള മൂന്നുനില വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലെ അറിയപ്പെട്ടിരുന്ന നേതാക്കളുമായി ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നു.

വിസാരിയൺ നിർമ്മിച്ച ഗ്രാമങ്ങളിൽ താമസിച്ചിരുന്നവർക്ക് കടുത്ത നിയമങ്ങൾ പാലിക്കേണ്ടതുണ്ടായിരുന്നു, എല്ലാവരോടും ദയ കാണിക്കണം എന്നതിൽ തുടങ്ങി ഏത് വാഷിംഗ് പൗഡർ ആണ് ഉപയോഗിക്കേണ്ടത് എന്നതുൾപ്പെടെയുള്ള വിചിത്രമായ നിർദേശങ്ങളാണ് അവർക്ക് ലഭിച്ചിരുന്നത്. മൈനസ് 50 ഡിഗ്രി സെൽഷ്യസ്, മരം കോച്ചുന്ന തണുപ്പിൽ പോലും ഇയാളെ സന്ദർശിക്കാൻ ആയിരക്കണക്കിന് ആൾക്കാരാണ് വന്നു കൊണ്ടിരുന്നത്. ആശ്രമത്തിൽ രോഗികൾ ആകുന്നവർക്ക് ഒരു വിധത്തിൽ ഉള്ള ചികിത്സയും നൽകിയിരുന്നില്ല. ഇയാളുടെ നിർദ്ദേശപ്രകാരം ആത്മഹത്യചെയ്ത വ്യക്തികളുടെ ആത്മഹത്യാ കുറിപ്പിന്റെ ചിത്രങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചത് കേസിൽ നിർണായക വഴിത്തിരിവായി.