തിരുവനന്തപുരം∙ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് എതിരെ സംസ്ഥാന വ്യാപകമായി മനുഷ്യചങ്ങല തീർത്ത് ഡിവൈഎഫ്ഐ. കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽനിന്നും തിരുവനന്തപുരം രാജ്ഭവൻ വരെയാണ് മനുഷ്യച്ചങ്ങല തീർത്തത്. മനുഷ്യച്ചങ്ങലയിൽ ആയിരങ്ങൾ അണിനിരന്നു. സ്ത്രീകളും കുട്ടികളും അടക്കം വലിയ ജനപ്രവാഹം മനുഷ്യചങ്ങലയിൽ അണിനിരക്കാൻ ഒഴുകിയെത്തി. മാർച്ച് രാജ്ഭവനു മുന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം എംപിയാണു മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയായത്. ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജൻ രാജ്ഭവന് മുന്നിൽ അവസാന കണ്ണിയായി.

സംസ്ഥാനത്തിനു കേന്ദ്രത്തിൽനിന്നും 2023 ൽ കിട്ടേണ്ട 64000 കോടിരൂപയുടെ സഹായം കിട്ടിയിട്ടില്ലെന്നു എം.വി.ഗോവിന്ദൻ പറഞ്ഞു. ‘‘കേന്ദ്രം സഹായിക്കാത്തതിനാൽ 1.70 ലക്ഷം കോടിരൂപയുടെ നഷ്ടം ഏഴര വർഷത്തിനിടെ സംസ്ഥാനത്തിനുണ്ടായി. വികസനപദ്ധതികൾ നടപ്പിലാക്കാനുള്ള നിശ്ചയദാർഢ്യം സംസ്ഥാന സർക്കാരിന് ഉണ്ടായിട്ടും അതിനെ തകർക്കുന്ന നിലപാടാണു കേന്ദ്രം സ്വീകരിക്കുന്നത്. ബിജെപി ഇതര സംസ്ഥാനങ്ങളെയെല്ലാം ബാധിക്കുന്നതാണു കേന്ദ്ര സാമ്പത്തിക നയം. രാമക്ഷേത്രത്തിന്റെ മറവിൽ ജനകീയപ്രശ്നങ്ങൾ മറച്ച്, ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ചു, ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കാനാണ് ബിജെപി ശ്രമം. ഡൽഹിയിൽ കേന്ദ്രത്തിനെതിരെ നടക്കുന്ന സമരത്തിൽ പങ്കെടുക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം. ജനകീയ പ്രശ്നത്തിനു പരിഹാരം കാണാനായി നടക്കുന്ന സമരത്തിൽ രാഷ്ട്രീയം പറഞ്ഞ് മാറി നിൽക്കുകയാണ് യുഡിഎഫ്. കേന്ദ്ര സമീപനത്തെ ചെറുക്കാൻപോലും യുഡിഎഫിന് രാഷ്ട്രീയം പ്രശ്നമാണ്. ഭരണഘടന മനുസ്മൃതിയെ അടിസ്ഥാനമാക്കി വേണമെന്നാണ് ബിജെപി ആഗ്രഹം’’– എം.വി.ഗോവിന്ദൻ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുഖ്യമന്ത്രിയുടെ ഭാര്യ കമലയും മകൾ വീണയും തലസ്ഥാനത്ത് മനുഷ്യചങ്ങലയിൽ കണ്ണിയായി. തൃശൂർ കോർപ്പറേഷന് മുന്നിൽ കവി കെ.സച്ചിദാനന്ദൻ, പ്രിയനന്ദൻ, കരിവള്ളൂർ മുരളി, സി.എസ്.ചന്ദ്രിക‌ എന്നിവരും കോഴിക്കോട് അഹമ്മദ് ദേവർകോവിൽ എംഎൽ‌എ, ടി.പി.രാമകൃഷ്ണൻ എംഎൽഎ, കാനത്തിൽ ജമീല, എഴുത്തുകാരൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ്, കെ.പി.രാമനു‌ണ്ണി, നടൻ ഇർഷാദ് എന്നിവരും മനുഷ്യ ചങ്ങലയിൽ അണിചേർന്നു.

റെയിൽവേ യാത്രാ ദുരിതം, സിൽവർ ലൈനിന് കേന്ദ്ര അനുമതി ലഭിക്കാത്തത് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉന്നയിച്ചാണു ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല തീർത്തത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ഒഴികെയുള്ള മറ്റു ജില്ലകളിലാണു മനുഷ്യചങ്ങല തീർത്തത്. വയനാട്ടിൽ കൽപറ്റ മുതൽ മുട്ടിൽ വരെ 10 കിലോമീറ്റർ ഉപചങ്ങലയും തീർത്തു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലയിലെ പ്രവർത്തകർ സമീപജില്ലകളിലെ ചങ്ങലയിൽ പങ്കാളികളായി.